റീന മാത്യൂ
ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. ഒരു അന്താരാഷ്ട്ര നേഴ്സാവാൻ സാധിച്ചതിൻ്റെ ചാരിദാർത്യത്തിലാണിതെഴുതുന്നത്. ഇരുപത്തിമൂന്ന് വർഷങ്ങൾക്ക് മുമ്പുള്ള ഒരു പ്രഭാതം. പതിനഞ്ച് മലയാളികളടങ്ങുന്ന ഒരു ടീമായിട്ടാണ് ഞങ്ങൾ യോർക്ഷയറിലെ കീത്തിലിയിൽ എത്തുന്നത്. ബെഹറിനിൽ ഒരു നേഴ്സായി ജോലി ചെയ്തിരുന്ന ഞാനും ആ ടീമിലുണ്ടായിരുന്നു. കീത്തിലിയിലെ ഏയർ ഡേൽ NHS ഹോസ്പ്പിറ്റലിലായിരുന്നു തുടക്കം. ആ ഹോസ്പ്പിറ്റലിലെ ആദ്യ മലയാളി നേഴ്സ്മാരിൽ ഒരാളായി ഞാനും യുകെ ജീവിതത്തിന് തുടക്കം കുറിച്ചു. ബാൻഡ് 3 ൽ തുടങ്ങിയ നേഴ്സിംഗ് ജീവിതം വെല്ലുവിളികളോടു കൂടിയാണ് ആരംഭിച്ചത്.
ഭാഷയായിരുന്നു എൻ്റെ പ്രധാന പ്രശ്നം.
തൃശ്ശൂർകാർ മലയാളം പറയുന്നതുപോലെയാണ് ഇംഗ്ലണ്ടിലെ യോർക്ഷയറുകാർ ഇംഗ്ലീഷ് പറയുന്നത്. മൊത്തത്തിലൊരു ബഹളമാണ്. ഒന്നും മനസ്സിലാകത്തില്ല. ഇംഗ്ലീഷ് നന്നായി പറയാനും എഴുതാനും വായിക്കാനുമറിയാവുന്ന എനിക്കിതെന്തുപറ്റി? ബെഹ്റിനിലെ ഹോസ്പ്പിറ്റലിൽ വർഷങ്ങൾ ജോലി ചെയ്തതുമാണ്. മൊത്തത്തിലൊരാത്മവിശ്വാസം നഷ്ടപ്പെട്ടതുപോലെ. പതിനാല് മലയാളികൾ കൂട്ടത്തിലൊണ്ടായിരുന്നതുകൊണ്ട് കാര്യങ്ങൾ കുഴപ്പമില്ലാതെ നീങ്ങി. പക്ഷേ, യോർക്ഷയർ സ്ലാംഗ് ഒരു തലവേദനയായി തന്നെ തുടർന്നു.
ദിവസങ്ങളും മാസങ്ങളും കടന്നുപോയി. യോർക്ഷനോട് പതിയെ ഞങ്ങളും ഇഴുകി ചേർന്നു. സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു. ഹോസ്പ്പിലും രോഗികളും ജീവനക്കാരുമൊക്കെ ഞങ്ങളുടെ ജീവിതത്തിൻ്റെ ഭാഗമായി മാറി. നേഴ്സിംഗ് കരിയറിൽ ബാൻ്റുകളുടെ എണ്ണവും കൂടി തുടങ്ങി. ഇതിനിടയിൽ ഡ്രൈവിംഗ് ലൈസൻസും സ്വന്തമാക്കി. യുകെയിൽ ചീറിപ്പായുന്ന വാഹനവ്യൂഹത്തിൻ എൻ്റെ ചെറിയ കാറും എണ്ണപ്പെട്ടു.
ഏയർഡേൽ ഹോസ്പ്പിറ്റലും മാനേജ്മെൻ്റും സഹപ്രവർത്തകരും എന്നും ഒരു നല്ല സപ്പോർട്ടായി കൂടത്തിലുണ്ടായിരുന്നു. ഒരു സാധാരണ നേഴ്സായിരുന്ന എനിക്ക് ജോലിയിലിരുന്നു കൊണ്ട് തന്നെ ഉപരിപഠനത്തിത് അവസരം ലഭിച്ചു. ഈ കാലഘട്ടത്തിൽ തന്നെ പല മാനേജ്മെൻ്റ് കോഴ്സുകളും ലിഡർഷിപ്പ് കോഴ്സുകളും എനിക്ക് ചെയ്യാൻ സാധിച്ചു. ഏറ്റവുമൊടുവിൽ എവിടെ ഞാൻ പകച്ചു നിന്നോ, അവിടെ ഒരു നേഴ്സിംഗ് മാനേജരാകാൻ എനിക്ക് സാധിച്ചു. അതോടൊപ്പം തന്നെ ഏയർഡേൽ NHS ട്രസ്റ്റിൻ്റെ ബെസ്റ്റ് ടീം ലീഡറായി തെരെഞ്ഞെടുക്കപ്പെടുകയും ചെയ്തു. അഭിമാനമാണെനിക്കിപ്പോൾ.
ഇനിപ്പറയട്ടെ. എന്തുകൊണ്ട് ഞാനിത്രയുമെഴുതി എൻ്റെ അനുഭവം പങ്കുവെച്ചതെന്ന്. ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. ആദരിക്കപ്പെടേണ്ടവരാണ് നമ്മൾ സ്ത്രീകൾ. നമ്മൾ ആദരിക്കപ്പെടണമെങ്കിൽ നമ്മുടെ സ്വയം പരിശ്രമം ആവശ്യമാണ്. പരിശ്രമിച്ചാൽ ഗുണം ലഭിക്കുന്ന രാജ്യമാണ് യുകെയെന്ന് നമ്മൾ തിരിച്ചറിയണം. യുകെയിലെ NHS ട്രസ്റ്റിൻ്റെ മുൻനിരയിൽ പ്രവർത്തിക്കുന്ന മലയാളികൾ അതിനുദാഹരണമാണ്.
യുകെയിലെത്തുന്ന പുതു തലമുറയിലെ മലയാളികളോട് എനിക്ക് പറയുവാനുള്ളത് ഇത്ര മാത്രം. പഠിക്കുവാനും പഠിച്ച് കഴിയുമ്പോഴുള്ള തൊഴിലവസരങ്ങളും ധാരാളം ഈ രാജ്യത്തുണ്ട്. രാജ്യം അതിനെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. നമ്മൾ തിരിച്ചറിയുക. മുന്നേറുക.
അന്താരാഷ്ട്ര വനിതാ ദിനത്തിൻ്റെ ആശംസകൾ നേരുന്നു.
റീന മാത്യൂ
യോർക്ഷയറിലെ ഏയർഡേൽ NHS ഹോസ്പ്പിറ്റലിൽ ഇലക്ടീവ് സർജ്ജറി വിഭാഗത്തിൻ്റെ വാർഡ് മാനേജറായി സേവനം അനുഷ്ഠിക്കുന്നു. ബെഹ്റിനിൽ അമേരിക്കൻ മിഷൻ ഹോസ്പ്പിറ്റലിൽ സ്റ്റാഫ് നേഴ്സായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരളത്തിൽ കോഴിക്കോടുനിന്നുമുള്ള റീന മാത്യൂ കുടുംബ സമേതം യോർക്ഷയറിലെ കീത്തിലിയിൽ താമസിക്കുന്നു.
Leave a Reply