ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻഎച്ച്എസ് ഇംഗ്ലണ്ട് വ്യാപകമായി ജീവനക്കാരെ വെട്ടികുറയ്ക്കാനുള്ള നടപടി ആരംഭിച്ചതായുള്ള വിവരങ്ങൾ പുറത്തുവന്നു. എൻഎച്ച്എസ് പുനർ നിർമ്മാണത്തിന്റെ ഭാഗമായി ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗിൻ്റെ നിർദ്ദേശാനുസരണമാണ് ഈ നടപടി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിൻറെ ഫലമായി എൻഎച്ച്എസ് ഇംഗ്ലണ്ടിൻ്റെ പകുതി ജീവനക്കാരെയും സീനിയർ മാനേജ്മെൻറ് ടീമിൻറെ വലിയൊരു വിഭാഗത്തെയും നഷ്ടമാകും.
പണം ലാഭിക്കുന്നതിനും ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഹെൽത്ത് ആൻ്റ് സോഷ്യൽ കെയർ (DHSC) ഉദ്യോഗസ്ഥരുമായുള്ള ഡ്യൂപ്ലിക്കേഷൻ ഒഴിവാക്കുന്നതിനുമായി ആണ് ഈ കടുത്ത നടപടി എന്നാണ് അറിയാൻ സാധിച്ചത്. ഈ വിഭാഗത്തിൽപ്പെടുന്ന ജീവനക്കാരുടെ എണ്ണം 13,000 ത്തിൽ നിന്ന് 6500 ആയി കുറയും. ജീവനക്കാരുടെ എണ്ണം കടുത്ത തോതിൽ വെട്ടി കുറയ്ക്കുന്ന നടപടികൾ ഞെട്ടലുളവാക്കുന്നതാണെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് ജീവനക്കാർ പറഞ്ഞു. പ്രസ്തുത നടപടി ഡിപ്പാർട്ട്മെൻറ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയറിനെ കാര്യമായി ബാധിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഹെൽത്ത് ആൻ്റ് സോഷ്യൽ കെയർ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനം ഒട്ടേറെ മലയാളികളെ ബാധിക്കും എന്നാണ് അറിയാൻ സാധിച്ചത്. എൻ എച്ച് എസ് ഇംഗ്ലണ്ടിൽ നിന്ന് പടിയിറങ്ങുന്ന ചീഫ് എക്സിക്യൂട്ടീവ് ആയ അമാൻഡ പ്രിച്ചാർഡിൻ്റെ രാജി ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകാൻ സർക്കാരിന് കൂടുതൽ സ്വാതന്ത്ര്യം നൽകിയെന്നാണ് പൊതുവെ കരുതപ്പെടുന്നത് . അമാൻഡ പ്രിച്ചാർഡ് രാജിവെച്ചതോടെ എൻഎച്ച്എസ്സിന്റെ നേതൃത്വ നിരയിൽ നിന്ന് ഒട്ടേറെ പേർ രാജി സമർപ്പിക്കുമെന്ന് ഉറപ്പായി. എൻഎച്ച്എസ് ഇംഗ്ലണ്ടിൻ്റെ ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവും ഫിനാൻസ് ചീഫുമായ ജൂലിയൻ കെല്ലി, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ എമിലി ലോസൺ, ചീഫ് ഡെലിവറി ഓഫീസർ സ്റ്റീവ് റസ്സൽ എന്നിവർ ഈ മാസം തന്നെ എൻഎച്ച്എസിൽ നിന്ന് വിട പറയും.
Leave a Reply