ന്യൂസ് ഡെസ്ക്, മലയാളം യുകെ
2023-ൽ ലണ്ടൻ നഗരത്തിൽ അൾട്രാ ലോ എമിഷൻ സോൺ (ULEZ) നടപ്പാക്കിയതിന് പിന്നാലെ ലണ്ടനിലെ വായുമലിനീകരണം 27% കുറഞ്ഞുവെന്ന് മേയറുടെ ഓഫീസിൽ നിന്നുള്ള റിപ്പോർട്ടിൽ പറയുന്നു. 2019-ൽ മേയർ സാദിഖ് ഖാൻ അവതരിപ്പിച്ച ULEZ, ഏറ്റവും മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾക്ക് ചാർജ് ചുമത്തി ട്രാഫിക് മലിനീകരണം കുറയ്ക്കുന്നതിനായി രൂപകൽപ്പന ചെയ്ത നടപടികളിൽ ഒന്നായിരുന്നു. എന്നാൽ ഈ കാലയളവിൽ ഇത്തരത്തിലുള്ളൊരു മാറ്റം ജീവിത ചിലവ് പ്രതിസന്ധിയെ കൂടുതൽ വഷളാക്കുമെന്ന് വാദിച്ച വിമർശകരിൽ നിന്ന് ശക്തമായ എതിർപ്പ് നേരിട്ടിരുന്നു. എന്നിരുന്നാലും, 2023 ഓഗസ്റ്റിൽ ഈ സംരംഭം നടപ്പാക്കി.
മലിനീകരണത്തിലെ ഗണ്യമായ കുറവ് വായുവിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലും സുസ്ഥിര നഗരജീവിതം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. 2023 ഓഗസ്റ്റിൽ ലണ്ടനിലെ അൾട്രാ ലോ എമിഷൻ സോണിൻ്റെ (ULEZ) വിപുലീകരണം അഞ്ച് ദശലക്ഷം ആളുകളെ അധികമായി അതിൻ്റെ നിയന്ത്രണങ്ങൾക്ക് കീഴിൽ കൊണ്ടുവന്നു. ഇതിൻെറ ഭാഗമായി പഴയതും കൂടുതൽ മലിനീകരണം ഉണ്ടാക്കുന്നതുമായ വാഹനങ്ങൾ ഓടിക്കുന്നവർക്ക് പ്രതിദിനം 12.50 പൗണ്ട് ($16.14) നൽകേണ്ടതായി വരുന്നു. വാഹനങ്ങളിൽ വരുത്തിയ വിലക്ക് അന്തരീക്ഷത്തിലെ നൈട്രജൻ ഡയോക്‌സൈഡിൻ്റെ അളവ് 27% കുറയ്ക്കുന്നതിന് കാരണമായി.
കാർ എഞ്ചിനുകളിൽ ഇന്ധനം കത്തുമ്പോൾ ഉൽപ്പാദിപ്പിക്കുന്ന വിഷവാതകം, ആസ്മയ്ക്കുള്ള സാധ്യത, കുട്ടികളിൽ ശ്വാസകോശ വികസനം വൈകുക, ശ്വാസകോശ അർബുദ സാധ്യത എന്നിവ ഉൾപ്പെടെ ഗുരുതരമായ ആരോഗ്യ അപകടങ്ങൾ സൃഷ്ടിക്കുന്നു. വായു മലിനീകരണം കുറയ്ക്കുന്നതിലും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിലും ഇത്തരത്തിൽ കർശനമായ പാരിസ്ഥിതിക നയങ്ങളുടെ ആവശ്യം എടുത്ത് കാട്ടുന്നതാണ് ഈ കണ്ടെത്തൽ. 2019 മുതൽ ലണ്ടനിലുടനീളമുള്ള 99% സ്ഥലങ്ങളിലും വായുവിൻ്റെ ഗുണനിലവാരം മെച്ചപ്പെട്ടുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതൊക്കെയാണെങ്കിലും, നിയന്ത്രണം ഒരു അധിക ചിലവായി കാണുന്ന നിരവധി പേർക്ക് ഇതൊരു സാമ്പത്തിക ബാധ്യതയായി തുടരുകയാണ്..
Leave a Reply