യമനിലെ ഹൂതി കേന്ദ്രങ്ങളില്‍ അമേരിക്കയുടെ വ്യോമാക്രമണം. യു.എസ് സൈനിക നടപടിയില്‍ 15 പേര്‍ കൊല്ലപ്പെടുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇല്ലെങ്കില്‍ കാത്തിരിക്കുന്നത് വന്‍ ദുരന്തമാണെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഹൂതികളുടെ നിയന്ത്രണത്തിലുള്ള അസറുള്ള മീഡിയയാണ് ആക്രമണത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്.

‘നിങ്ങളുടെ സമയം അവസാനിച്ചു. നിങ്ങളുടെ ആക്രമണം ഇന്ന് മുതല്‍ നിര്‍ത്തണം’- ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

ട്രംപ് ചുമതലയേറ്റതിന് ശേഷം ജനുവരി മുതല്‍ ഹൂതികള്‍ക്കെതിരേയുള്ള നടപടി ആരംഭിച്ചിരുന്നു. ഇസ്രയേലിനെതിരെ ഹൂതികള്‍ വീണ്ടും ആക്രമണം തുടങ്ങി വച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു അമേരിക്ക തിരിച്ചടിക്കാന്‍ തീരുമാനിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ട്രംപ് രണ്ടാം തവണയും പ്രസിഡന്റയ ശേഷം മധ്യപൂര്‍വദേശത്ത് യുഎസ് നടത്തുന്ന ഏറ്റവും വലിയ സൈനിക നടപടിയാണിത്. ചെങ്കടല്‍ വഴിയുള്ള കപ്പല്‍ഗതാഗതത്തിന് ഹൂതികള്‍ ഭീഷണി സൃഷ്ടിക്കുകയാണെന്നും അവരെ ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു. ലോകത്തിലെ ജലപാതകളിലൂടെ സഞ്ചരിക്കുന്ന അമേരിക്കന്‍ വാണിജ്യ കപ്പലുകളെ തടയാന്‍ ഒരു തീവ്രവാദ ശക്തിയ്ക്കും കഴിയില്ലെന്നും ഇറാന്‍ ഇവരെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കണമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ചെങ്കടലിലൂടെയുള്ള ചരക്ക് നീക്കത്തിന് ഹൂതികള്‍ കടുത്ത ഭീഷണിയാണുയര്‍ത്തുന്നത്. 2023 ഒക്ടോബര്‍ മുതല്‍ 2024 മാര്‍ച്ച് വരെ 60 കപ്പലുകളെയാണ് ഇവര്‍ ആക്രമിച്ചത്. അതേസമയം യു.എസ് നടത്തിയ വ്യോമാക്രമണത്തിന് തീര്‍ച്ചയായും മറുപടി നല്‍കുമെന്ന് അല്‍ മസിറ ചാനലിലൂടെ ഹൂതികള്‍ പ്രഖ്യാപിച്ചു. അമേരിക്കയുടെയും ഇസ്രയേലിന്റെയും പതാകയേന്തിയ കപ്പലുകളെ ലക്ഷ്യമിടുമെന്നും ഹൂതികളുടെ നേതാവായ അബ്ദുല്‍ മാലിക് അല്‍ ഹൂതി കൂട്ടിച്ചേര്‍ത്തു.

ഗാസയിലേക്ക് അവശ്യവസ്തുക്കള്‍ കടത്തിവിടുന്നത് തടഞ്ഞ ഇസ്രയേലിന്റെ കപ്പലുകളെ ആക്രമിക്കുമെന്ന് ഹൂതികള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഇസ്രയേലി കപ്പലുകള്‍ക്ക് ഉപരോധവും ഏര്‍പ്പെടുത്തിയിരുന്നു.