ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ സ്കൂളുകളിൽ ഒട്ടേറെ അധ്യാപകരുടെ തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. മോശം ശമ്പളം, വിദ്യാർഥികളുടെ മോശം പെരുമാറ്റം, തൊഴിലിനോടുള്ള താല്പര്യമില്ലായ്മ എന്നീ കാരണങ്ങൾ ആണ് പ്രധാനമായും അധ്യാപകർ ഈ ജോലികളിൽ നിന്ന് മാറി നിൽക്കാനുള്ള പ്രധാന കാരണമായി ചൂണ്ടി കാണിക്കുന്നത്. നാഷണൽ ഫൗണ്ടേഷൻ ഫോർ എഡ്യൂക്കേഷൻ റിസർച്ച് (NFER) പുറത്തുവിട്ട കണക്കുകൾ പ്രകാരം ആയിരം അധ്യാപക തസ്തികകളിൽ ആറിലധികം നികത്തപ്പെടാതെ കിടക്കുകയാണ്.


പുതിയ സാഹചര്യത്തിൽ ഇംഗ്ലണ്ടിലെ സ്കൂളുകളിൽ പുതിയ 6500 അധിക അധ്യാപകരെ നിയമിക്കാനുള്ള ലേബർ സർക്കാരിൻറെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പിലാക്കാൻ പറ്റുമോ എന്ന കാര്യത്തിൽ കടുത്ത ആശങ്കയാണ് നിലനിൽക്കുന്നത്. ഇംഗ്ലണ്ടിലെ സ്കൂളുകളിലെ അധ്യാപക നിയമനത്തിനും ജോലിയിൽ അവരെ നിലനിർത്താനും അപകടകരമായ അവസ്ഥയില്ലാതാക്കാനും കടുത്ത നടപടികൾ വേണമെന്നാണ് ഈ രംഗത്തെ വിദഗ്ധർ ആവശ്യപ്പെടുന്നത് . നിലവിലെ സാഹചര്യം വിദ്യാഭ്യാസത്തിൻറെ ഗുണനിലവാരത്തെ കാര്യമായി ബാധിക്കുമെന്ന് NFER-ന്റെ സ്കൂൾ വർക്ക്ഫോഴ്‌സ് വിദഗ്ദ്ധനും റിപ്പോർട്ടിന്റെ സഹ-രചയിതാവുമായ ജാക്ക് വർത്ത് പറഞ്ഞു. അധ്യാപകരുടെ ശമ്പളം പരിഷ്കരിക്കുന്നത് കൂടുതൽ കഴിവുള്ളവരെ ഈ മേഖലയിലേയ്ക്ക് ആകർഷിക്കുന്നതിന് കാരണമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കോവിഡ് മഹാമാരിക്ക് ശേഷം സ്കൂൾ വിദ്യാർത്ഥികളുടെ പെരുമാറ്റത്തിലുള്ള മാറ്റങ്ങൾ അധ്യാപക ജോലി കടുത്ത വെല്ലുവിളി നിറഞ്ഞതാക്കി എന്ന അഭിപ്രായവും ശക്തമാണ്. വിദ്യാർത്ഥികളുടെ പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനായി സ്കൂളുകളെ പിൻതുണയ്ക്കുന്നതിനുള്ള കർമ്മ പദ്ധതികൾക്ക് സർക്കാർ പിൻതുണ നൽകണമെന്ന ആവശ്യം ശക്തമാണ്. സ്കൂൾ കുട്ടികളുടെ ഇടയിൽ വർദ്ധിച്ചു വരുന്ന അക്രമ സംഭവങ്ങൾ കലാലയങ്ങളുടെ സാമൂഹിക അന്തരീക്ഷത്തെ ബാധിക്കും എന്ന പരാതിയും ഉയർന്നു വരുന്നുണ്ട്. എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസത്തിനും അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും മികച്ച അധ്യാപകരെ നമ്മുടെ ക്ലാസ് മുറികളിൽ നിയമിക്കുന്നതിനും നിലനിർത്തുന്നതിനും അത്യന്താപേക്ഷിതമാണെന്ന് ഡിപ്പാർട്ട്മെൻറ് ഓഫ് എഡ്യൂക്കേഷൻ്റെ വക്താവ് പറഞ്ഞു.