അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

ഇസ്രായേലും പാലസ്തീനും തമ്മിലുള്ള സംഘർഷം ഗാസയിൽ നിന്ന് വെസ്റ്റ് ബാങ്കിലേയ്ക്ക് വ്യാപിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കിഴക്കൻ ജറുസലേമിൽ ഇസ്രായേൽ പാലസ്തീൻ സംഘർഷം രൂക്ഷമായതിനെ തുടർന്നാണ് തിങ്കളാഴ്ച പരസ്പരമുള്ള ആക്രമണങ്ങൾ ആരംഭിച്ചത്. ഗാസയിൽ 126 പേരും 8 പേർ ഇസ്രായേലിലും കൊല്ലപ്പെട്ടതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. യുദ്ധം ആരംഭിച്ചതിനു ശേഷം കൊല്ലപ്പെട്ടവരിൽ 31 കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ പ്രകാരം സംഘർഷത്തെ തുടർന്ന് പതിനായിരത്തോളം പേരാണ് യുദ്ധഭയം മൂലം പാലായനം ചെയ്തിരിക്കുന്നത്.

സംഘർഷ ഭൂമിയിൽ കേരളത്തിൽനിന്നുള്ള ഒട്ടേറെ പേരാണ് ജോലി ചെയ്യുന്നത്. ഒട്ടു മിക്കവരും നഴ്സിംഗ് മേഖലയിലാണ് പ്രവർത്തിക്കുന്നത്. ഇസ്രായേൽ പാലസ്തീൻ സംഘർഷം കനത്തതോടെ അവിടെ ജോലിചെയ്യുന്നവരുടെ ഉറ്റവരും ബന്ധുക്കളും കണ്ണീരോടെയാണ് ഓരോ നിമിഷവും തള്ളിനീക്കുന്നത്. ഒരു വശത്ത് കൊറോണ പിടിമുറുക്കുമ്പോൾ മറുവശത്ത് തങ്ങളുടെ ഉറ്റവർ അതിഭീകരമായ ദുരിത മുഖത്തിലൂടെയാണ് കടന്നു പോകുന്നത് എന്ന തിരിച്ചറിവ് എല്ലാവരുടെയും ഉറക്കം കെടുത്തുന്നു. കോവിഡും ലോക്ക്ഡൗണും കാരണം ഇസ്രായേലിൽ ജോലി ചെയ്യുന്ന മലയാളികൾ നാട്ടിലെത്തിയിട്ട് രണ്ട് വർഷത്തിലേറെയായി. മലയാളി നേഴ്സ് സൗമ്യ സന്തോഷ് റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടതോടുകൂടി ഇസ്രായേലിൽ ജോലി ചെയ്യുന്നവരുടെ സുരക്ഷയെക്കുറിച്ച് കനത്ത ആശങ്കയാണ് ഉയർന്നിരിക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെയും ഈജിപ്ത്, ഖത്തർ എന്നീ രാജ്യങ്ങളുടെയും നേതൃത്വത്തിൽ വെടിനിർത്തലിനുള്ള ശ്രമം ഊർജിതമാക്കിയതിലാണ് എല്ലാവരും പ്രതീക്ഷ അർപ്പിച്ചിരിക്കുന്നത് .