ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻഎച്ച് എസ് ഇംഗ്ലണ്ട് നിർത്തലാക്കാനുള്ള സർക്കാർ നടപടി ഒരു തുടക്കം മാത്രമാണെന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് മുന്നറിയിപ്പ് നൽകി. അനാവശ്യ ചിലവുകൾ നിർത്തലാക്കാനും ബ്യൂറോക്രസിയെ ഒഴിവാക്കാനും കൂടുതൽ കടുത്ത നടപടികളുമായി സർക്കാർ മുന്നോട്ട് വരുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ആരോഗ്യ സേവനത്തിലെ അനാവശ്യ ചിലവുകളും കാര്യക്ഷമതയില്ലായ്മയും ഏതൊരാൾക്കും കാണാൻ സാധിക്കുമെന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു.
എൻ എച്ച് എസിനെ ഒരു സ്വതന്ത്ര സ്ഥാപനമായി കൈകാര്യം ചെയ്യുന്നതിന് 2012 – ലാണ് എൻഎച്ച് എസ് ഇംഗ്ലണ്ട് സ്ഥാപിതമായത്. പ്രധാനമായും ആരോഗ്യ മേഖലയിലെ രാഷ്ട്രീയ ഇടപെടൽ നിർത്തലാക്കുകയായിരുന്നു എൻ എച്ച് എസ് ഇംഗ്ലണ്ട് സ്ഥാപിച്ചതിന്റെ പ്രഖ്യാപിത ലക്ഷ്യം. എന്നാൽ സർക്കാരിൻറെ ഫണ്ട് ദുരുപയോഗം ചെയ്യുന്ന ഒരു വെള്ളാനയായി എൻഎച്ച്എസ് ഇംഗ്ലണ്ട് പടർന്നു പന്തലിച്ചതായാണ് പിന്നീട് കണ്ടത്. ലോകത്തിലെ ഏറ്റവും വലിയ ഓട്ടോണമസ് നോൺ-ഗവൺമെന്റൽ ഓർഗനൈസേഷൻ ആയി ആണ് എൻഎച്ച്എസ് അറിയപ്പെടുന്നത്. സർക്കാർ ധനസഹായം ലഭിക്കുന്നതും പൊതു സേവനങ്ങൾ നൽകുന്നതും എന്നാൽ സർക്കാരിൻെറ നേരിട്ടുള്ള നിയന്ത്രണത്തിൽ നിന്ന് സ്വതന്ത്രമായി പ്രവർത്തിക്കുന്നതുമായ ഒരു സ്ഥാപനമാണ് എൻഎച്ച്എസ്. 1.3 ദശലക്ഷത്തിലധികം ആളുകളെ ജോലിക്കെടുക്കുന്നതിനാൽ എൻ എച്ച് എസ് ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള ഏറ്റവും വലിയ സ്ഥപനമായയാണ് കണക്കാക്കപ്പെടുന്നത്. ആഗോളതലത്തിൽ ഏറ്റവും വലിയ തൊഴിൽദാതാക്കളിൽ ഒന്നായി ആണ് എൻഎച്ച്എസ് കണക്കാക്കപ്പെടുന്നത്. യുകെയിലെ ദശലക്ഷക്കണക്കിന് ആളുകൾക്ക് ആരോഗ്യ സംരക്ഷണം നൽകുക എന്നതാണ് എൻഎച്ച്എസിന്റെ പ്രാഥമിക ദൗത്യം . ഈ വട വൃക്ഷത്തിൽ ഭരണം കൈയ്യാളുന്ന നേതൃനിരയെയാണ് ഒറ്റയടിക്ക് ലേബർ സർക്കാർ വെട്ടി നിരത്തിയത്. ഇതിലൂടെ ഒരു സ്വതന്ത്ര സ്ഥാപനമെന്നായി പ്രവർത്തിച്ചു വന്നിരുന്ന എൻഎച്ച്എസ് സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാകും.
പുതിയ നടപടികളുടെ ഭാഗമായി നഷ്ടപ്പെടുന്ന പോസ്റ്റുകളുടെ എണ്ണം 20,000 ത്തിനും 30.000 ത്തിനും ഇടയിൽ ഉയരുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. എൻഎച്ച്എസ് ഇംഗ്ലണ്ടിലും ഡിപ്പാർട്ട്മെൻറ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയറിലും പ്രവർത്തിച്ചിരുന്ന 10000 പേരുടെ ജോലി പോകും എന്നത് കഴിഞ്ഞ ദിവസം തന്നെ മലയാളം യുകെ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇംഗ്ലണ്ടിലെ എൻഎച്ച്എസിന്റെ 42 ഇൻ്റഗ്രേറ്റഡ് കെയർ ബോർഡുകളിൽ (ഐ സി ബി) പ്രവർത്തിക്കുന്ന ആയിരക്കണക്കിന് ആളുകൾക്ക് അവരുടെ റോളുകൾ ഒഴിവാക്കപ്പെടും എന്നാണ് ഏറ്റവും പുതിയതായി പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. വർഷാവസാനത്തോടെ അവരുടെ നടത്തിപ്പ് ചിലവ് 50 ശതമാനം കുറയ്ക്കാനാണ് എൻ എച്ച് എസ് ഇംഗ്ലണ്ടിൻ്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവായ സർ ജിം മക്കി ഐസിബികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ ഐസിബികളിൽ 25,000 പേർ ജോലി ചെയ്യുന്നു. ഇതിൽ പകുതി പേരുടെയും ജോലി നഷ്ടമാകും 12,500 പോസ്റ്റുകൾ എങ്കിലും ഇല്ലാതാകുമെന്ന് മുതിർന്ന എൻഎച്ച്എസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കൂടാതെ, എച്ച്ആർ, ഫിനാൻസ്, കമ്മ്യൂണിക്കേഷൻസ് തുടങ്ങിയ കോർപ്പറേറ്റ് സേവനങ്ങളിൽ ജോലി ചെയ്യുന്ന ആളുകളുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ ഇംഗ്ലണ്ടിലുടനീളം പരിചരണം നൽകുന്ന 220 എൻഎച്ച്എസ് ട്രസ്റ്റുകളോടും മക്കി ഉത്തരവിട്ടിട്ടുണ്ട്. ഇത് ആയിരക്കണക്കിന് ഉദ്യോഗസ്ഥർക്ക് ജോലി നഷ്‌ടപ്പെടാൻ കാരണമാകും. ആരോഗ്യ സംവിധാനത്തിൻ്റെ തലപ്പത്തുള്ള മാറ്റം ആയതുകൊണ്ട് നിലവിൽ ജോലി ചെയ്യുന്ന മലയാളി നേഴ്സുമാരെയോ അവരുടെ തൊഴിൽ സാഹചര്യങ്ങളെയോ നേരിട്ട് ബാധിക്കില്ല. ഈ മാറ്റത്തിലൂടെ കൂടുതൽ ശ്രദ്ധ രോഗികൾക്ക് നൽകുന്ന സേവനങ്ങളിലേയ്ക്ക് തിരിക്കാനാണ് ഗവൺമെൻറ് ലക്ഷ്യം ഇടുന്നത്. അതുകൊണ്ടു തന്നെ നേഴ്സുമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് കൂടുതൽ സൗകര്യങ്ങളും പിൻതുണയും ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
Leave a Reply