ന്യൂസ് ഡെസ്ക് മലയാളം യുകെ

ചൈനയിലെ ബെയ്‌ജിംഗിൽ കുട്ടികളെ പഠിപ്പിക്കുന്ന വിഷയങ്ങളിൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവന്നതിന് പിന്നാലെ രാജ്യത്തെ ബ്രിട്ടീഷ് സ്‌കൂളുകൾക്കും വൻ തിരിച്ചടി. ചൈനയിലെ പുതിയ വിദ്യാഭ്യാസ നിയമങ്ങൾ ബ്രിട്ടീഷ് സ്‌കൂളുകളെ അടിച്ചമർത്തുന്ന തലത്തിൽ ഉള്ളവയാണ്. പകർച്ചവ്യാധിക്ക് മുൻപ് ബ്രിട്ടീഷ് ചൈനീസ് മാധ്യമങ്ങളിൽ ചൈനയിൽ ബ്രിട്ടീഷ് വിദ്യാഭ്യാസത്തിന് വൻ സ്വീകാര്യത ലഭിച്ച തരത്തിലുള്ള നിരവധി വാർത്തകൾ റിപ്പോർട്ട് ചെയ്‌തിരുന്നു.

ചൈനയിലെ സമ്പന്നരായ കുടുംബങ്ങളിലെ കുട്ടികളെയും പ്രവാസികളായ കുട്ടികളെയും ലക്‌ഷ്യം വച്ച് തുടങ്ങിയ എലൈറ്റ് ബ്രിട്ടീഷ് സ്കൂളുകൾക്ക് വൻ സ്വീകാര്യതായാണ് രാജ്യത്ത് ലഭിച്ചത്. ഇത്തരത്തിൽ തുടങ്ങിയ സ്‌കൂളുകളുടെ ശാഖകൾ രാജ്യത്തിൻെറ പലഭാഗത്തായി പെട്ടെന്ന് തന്നെ തുറക്കുകയും ചെയ്തു. എന്നാൽ പകർച്ചവ്യാധിക്ക് ശേഷം വിദേശ അധ്യാപകരോടുള്ള ചൈനയുടെ സമീപനത്തിൽ മാറ്റം വന്നിരിക്കുകയാണ്. സ്വകാര്യ സ്കൂളുകളുടെ പാഠ്യപദ്ധതിയിൽ ദേശസ്നേഹവും ദേശീയ സുരക്ഷയ്ക്കും ശ്രദ്ധ നൽകണമെന്ന് സർക്കാർ പറയുന്നു.

ബ്രിട്ടീഷ് സ്‌കൂളുകളുടെ എണ്ണത്തിലുള്ള വളർച്ച ഇതോടെ കുറയുമെന്ന് കൺസൾട്ടൻസിയായ വെഞ്ച്വർ എജ്യുക്കേഷനിൽ നിന്നുള്ള റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി ഷെൻ‌ഷെനിലെ ഡൽ‌വിച്ച് കോളേജ് ഇന്റർനാഷണലിന്റെ പ്രീസ്‌കൂൾ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര സ്വകാര്യ സ്‌കൂളുകൾ അടച്ചുപൂട്ടി. ഇന്ന് മുതൽ ചൈനയിലെ പുതിയ ദേശസ്നേഹ വിദ്യാഭ്യാസ നിയമം പ്രാബല്യത്തിൽ വരും. ഇതോടെ പാശ്ചാത്യ ശൈലിയിലുള്ള അധ്യാപന ശൈലിക്ക് ചൈനയിൽ പൂട്ടുവീഴും.