ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഡ്രൈവിംഗ് ടെസ്റ്റ് വിജയിച്ച വെറും അഞ്ചാഴ്ചകൾക്ക് ശേഷം അശ്രദ്ധമായി വാഹനം ഓടിച്ച് മൂന്നുപേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ കൗമാരക്കാരൻ കുറ്റസമ്മതം നടത്തി. എഡ്വേർഡ് സ്പെൻസർ എന്ന 19 കാരനാണ് ഈ സംഭവത്തിൽ വിചാരണ നേരിടുന്നത്. ഡ്രൈവർമാർ കാർ അശ്രദ്ധമായി ഓടിച്ചാൽ സംഭവിക്കുന്ന വിനാശകരമായ പ്രത്യാഘാതങ്ങൾ എന്താണെന്നതിന് ഉത്തമോദാഹരണമാണ് പ്രസ്തുത സംഭവം എന്ന് പോലീസ് പറഞ്ഞു.
2023 ഏപ്രിലിൽ ചിപ്പിംഗ് കാംപ്ഡനും ഷിപ്പ്സ്റ്റൺ-ഓൺ-സ്റ്റോറിനും ഇടയിലാണ് സംഭവം നടന്നത്. അശ്രദ്ധമായി വാഹനം ഓടിച്ച് മൂന്നുപേരുടെ മരണത്തിനും മറ്റ് മൂന്നു പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിലാണ് വാർവിക്ക് ക്രൗൺ കോടതിയിൽ ഇയാൾ വിചാരണ നേരിടുന്നത്. സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബി 4035 ക്യാമ്പ്ഡൻ റോഡിൽ വെച്ച് സ്പെൻസറിന് തൻ്റെ ഫോർഡ് ഫിയസ്റ്റയുടെ നിയന്ത്രണം നഷ്ടപ്പെട്ടതായി വാർവിക്ഷയർ പോലീസ് പറഞ്ഞു. സ്പെൻസറിൻ്റെ കാറിലെ യാത്രക്കാരായ ഗ്ലൗസെസ്റ്റർഷെയറിലെ ചിപ്പിംഗ് കാംപ്ഡൻ സ്കൂളിലെ സഹ വിദ്യാർത്ഥികളായ ഹാരി പർസെൽ (17), ടില്ലി സെക്കോംബ് (16), ഫ്രാങ്ക് വോർമാൽഡ് (16) എന്നിവർ പരിക്കേറ്റതിനെ തുടർന്ന് മരിച്ചു. മറ്റൊരു കാറിൽ യാത്ര ചെയ്തിരുന്ന ഒരു സ്ത്രീയും രണ്ട് കൊച്ചുകുട്ടികളും ഗുരുതരമായി പരിക്കേറ്റു. ഇവർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.
Leave a Reply