ന്യൂസ് ഡെസ്ക് മലയാളം യുകെ

ഉക്രൈൻ :- ഉക്രൈനിലെ യുഎസ് എംബസി സ്റ്റാഫുകളുടെ കുടുംബാംഗങ്ങളോട് രാജ്യം വിട്ടു പോകാൻ ആവശ്യപ്പെട്ടിരിക്കുകയാണ് യുഎസ്. ഇതോടൊപ്പംതന്നെ പ്രധാന ചുമതലകളില്ലാത്ത സ്റ്റാഫുകളോടും തിരികെ പോകാൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഉക്രൈനിലുള്ള യുഎസ് പൗരൻമാരോടും തിരികെ പോകണമെന്ന മുന്നറിയിപ്പുകൾ യുഎസ് നൽകിക്കഴിഞ്ഞു. റഷ്യ ശക്തമായ മിലിറ്ററി ആക്രമണം ഉക്രയിന് മേൽ നടത്താൻ പദ്ധതിയിടുന്നുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ഈ നിർദ്ദേശങ്ങൾ. എന്നാൽ ഇത്തരത്തിലുള്ള എല്ലാ ആരോപണങ്ങളും റഷ്യ നിഷേധിച്ചു. ഇതോടൊപ്പംതന്നെ നിലവിലെ സാഹചര്യത്തിൽ അമേരിക്കൻ പൗരന്മാർ റഷ്യയിലേക്ക് യാത്ര ചെയ്യരുതെന്ന നിർദേശവും യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നൽകിയിട്ടുണ്ട്. യുഎസ് പൗരൻമാർക്ക് മേൽ ആക്രമണങ്ങളും മറ്റും ഉണ്ടാകാനുള്ള സാധ്യത ഏറെ ആയതിനാലാണ് ഈ തീരുമാനം. യുഎസ് എംബസി ഉക്രൈനിൽ തുടർന്നും പ്രവർത്തിക്കുമെന്നും എന്നാൽ ഏതുസമയത്തുമൊരു ആക്രമണം ഉണ്ടാകാമെന്ന മുന്നറിയിപ്പുനൽകി കഴിഞ്ഞതായും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് അറിയിച്ചു. റഷ്യയുടെ ശക്തമായ മിലിറ്ററി ആക്രമണം ഉണ്ടാകുമെന്ന വ്യക്തമായ റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഗവൺമെന്റ് ഇപ്പോൾ യുഎസ് പൗരന്മാരെ ഒഴിപ്പിക്കാനുള്ള സാഹചര്യത്തിലല്ലെന്നും അദ്ദേഹം പറഞ്ഞു.


ശനിയാഴ്ച യുഎസിൽ നിന്നുള്ള ആയുധ സഹായവും മറ്റും ഉക്രൈനിൽ എത്തിയിട്ടുണ്ട്. ഉക്രൈനിന് ആവശ്യമെങ്കിൽ കൂടുതൽ സഹായങ്ങൾ നൽകുമെന്ന് യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കൻ അറിയിച്ചു. 2014 ലിലും ഇത്തരത്തിൽ റഷ്യ ഉക്രൈനിന് മേൽ ആക്രമണം നടത്തി, ഉക്രൈനിലെ പ്രദേശങ്ങൾ കയ്യേറിയിരുന്നു. യു കെയും തങ്ങളുടെ സഹായങ്ങൾ ഉക്രൈയിനിന് പ്രഖ്യാപിച്ചിട്ടുണ്ട്.