ലിസ്ബണിൽ സമീക്ഷയുടെ കലാമാമാങ്കമായ കേരളീയത്തിന് വർണാഭമായ കൊടിയിറക്കം. ലോറൽഹിൽ കമ്മ്യൂണിറ്റി കോളജിൽ നടന്ന സർഗോത്സവത്തിൽ നൂറിലേറെ പേർ പങ്കെടുത്തു. പെർഫോമിങ്ങ് ആർട്സ്, ഫൈൻ ആർട്സ്, ലിറ്റററി ആർട്സ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. സീനിയർ വിഭാഗത്തിൽ ടെസ്സ് മേരി കലാതിലക പട്ടം ചൂടി. അഡൽറ്റ് വിഭാഗത്തിൽ ഷാരോൺ ബെന്നിയാണ് കലാതിലകമായത്. ജൂനിയർ വിഭാഗത്തിൽ ഡീഗോ സാനിയൽ കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, ജൊഹാന സാറാ ജനു കലാതിലകമായി. സർഗ്ഗോത്സവത്തിൽ ഉടനീളം മിന്നുന്ന പ്രകടനം കാഴ്ചവെച്ച ഹെലൻ റേച്ചൽ ലിജോയ് ആണ് ബാലതാരം.
കേരളീയത്തിന്റെ സമാപന സമ്മേളനത്തിനോട് അനുബന്ധിച്ച് നോർത്തേൺ ഐർലന്റിലെ പ്രൊഫഷണൽ നർത്തകരെ അണിനിരത്തി അവതരിപ്പിച്ച നൃത്തശില്പം വേറിട്ട കാഴ്ചയായി. കാണികൾ എഴുന്നേറ്റ് നിന്ന് കരഘോഷത്തോടെയാണ് നൃത്തശില്പം ആസ്വദിച്ചത്. തുടർന്ന് കലാകേളി വാദ്യസംഘം അവതരിപ്പിച്ച തായമ്പക കാണികളെ ത്രസിപ്പിച്ചു. പ്രൊവിൻസിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ കലാകാരികൾ അവതരിപ്പിച്ച തിരുവാതിര (ഡറി-ലണ്ടൻഡറി), ഒപ്പന (ലിസ്ബൺ ), മാർഗ്ഗംകളി (പോർട്ടഡൗൺ) എന്നിവ അരങ്ങേറി.
ലളിതമായ ഉദ്‌ഘാടനച്ചടങ്ങിന് ശേഷമാണ് മത്സരങ്ങൾ ആരംഭിച്ചത്. കർമ്മാ കലാകേന്ദ്രത്തിലെ നൃത്താദ്ധ്യാപികയായ ബിജിനി ജയപ്രകാശ് ഭദ്രദീപം കൊളുത്തി, ജനറൽ കൺവീനർ ആതിരാ രാമകൃഷ്‌ണൻ സ്വാഗതവും സുബിതാ ശ്രീഹരി നന്ദിയും പറഞ്ഞു. സമീക്ഷ യുകെ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബൈജു നാരായണൻ സംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്‌തു. സർഗവേദി നോർത്തേൺ ഐർലൻഡ് കോർഡിനേറ്റർ ശ്രീ എസ്.എസ്.ജയപ്രകാശ് സ്വാഗതം പറഞ്ഞു. ജോബി പരിയാടാൻ ആശംസയും പ്രദീപ് പ്ലാക്കൽ നന്ദിയും അറിയിച്ചു.
മത്സര വേദിക്കരികെ കേരളീയ ഭക്ഷണങ്ങൾ തയ്യാറാക്കിയിരുന്നു. കാന്താരി ചിക്കനും കോട്ടയത്തെ മാമിച്ചേടത്തിയുടെ കടയിൽ നിന്നുമെത്തിച്ച ലഘുഭക്ഷണങ്ങളും രുചി വൈവിധ്യങ്ങളായി. ലോക പ്രശസ്തമായ നിരവധി കോഫീ ബ്രാന്റുകളും ഭക്ഷണശാലയിൽ ഇടംപിടിച്ചു. ബൗൺസി കാസിലുകളും ഗെയിമുകളും അടങ്ങിയ വണ്ടർവില്ലയും ഒരുക്കിയിരുന്നു. സമീക്ഷയുടെ പഴുതടച്ച സംഘാടന മികവിന് മറ്റൊരു ദൃഷ്ടാന്തമാവുകയാണ് വടക്കൻ ഐർലന്റിൽ സംഘടിപ്പിച്ച സർഗോത്സവം.
Leave a Reply