അഞ്ചു പുരുഷന്‍മാരും ഒരു സ്ത്രീയും ചേര്‍ന്ന് ഒരു പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്യുന്ന ക്രൂരമായ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അസം പൊലീസ്. വിഡിയോയില്‍ ചെറുപ്പക്കാര്‍ പെണ്‍കുട്ടിയെ മര്‍ദിക്കുന്ന ദൃശ്യങ്ങളുണ്ട്. അസാമിന്റെ വടക്കു കിഴക്കു ഭാഗത്താണു സംഭവം നടന്നതെന്നാണു സൂചന.

പെണ്‍കുട്ടിയുടെ മുഖത്ത് അടിക്കുന്ന യുവാക്കള്‍ വസ്ത്രങ്ങള്‍ ബലമായി ഊരിക്കളയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. അക്രമികളായ പുരുഷന്‍മാരെ വിഡിയോയില്‍ വ്യക്തമായി കാണാം. എന്നാല്‍, പ്രതികളും ഇരയും ആരാണെന്നോ എവിടെയാണു സംഭവം നടന്നതെന്നോ വിഡിയോയില്‍ സൂചനകളില്ല.

എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ എത്രയും പെട്ടെന്നു തന്നെ വിവരം അറിയിക്കണമെന്നഭ്യര്‍ഥിച്ച പൊലീസ് വിവരം നല്‍കുന്നവര്‍ക്ക് പ്രതിഫലം നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. പ്രതികളെ എത്രയും വേഗം കണ്ടെത്താന്‍ വേണ്ടിയാണ് പൊലീസ് ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്.

വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്ന് ഡെല്‍ഹി പൊലീസ് സ്‌പെഷല്‍ കമിഷണറും പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ട്. നാഗാലാന്‍സില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി ജോധ്പുരില്‍ ജീവനൊടുക്കിയ സംഭവവുമായി വിഡിയോയ്ക്ക് ബന്ധമില്ലെന്നും അദ്ദേഹം അറിയിച്ചു. അത്തരമൊരു അഭ്യൂഹം നേരത്തെ വ്യാപകമായി പ്രചരിച്ചിരുന്നു.

കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവും പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ട്. ജോധ്പൂരിലെ ആത്മഹത്യയുമായി ബന്ധപ്പെട്ടതല്ല വിഡിയോ എന്ന് അദ്ദേഹവും സ്ഥിരീകരിച്ചു. സംഭവത്തിന്റെ യാഥാര്‍ഥ്യം ഉടന്‍ വെളിച്ചത്തുകൊണ്ടുവരണമെന്ന് അദ്ദേഹവും പൊലീസിനോട് ആവശ്യപ്പെട്ടു. കേസിന്റെ മേല്‍നോട്ടവും മന്ത്രി നടത്തുന്നുണ്ട്.