ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഹീത്രു എയർപോർട്ടിന് സമീപം കാറും ബസും കൂട്ടിയിടിച്ച് മൂന്ന് കൗമാരക്കാർ ദാരുണമായി കൊല്ലപ്പെട്ടു. 17 കാരനായ സ്റ്റാർ ടോംകിൻസ്, 18 കാരനായ ഹാർലി വുഡ്സ്, 17 കാരനായ ജിമ്മി സവോറി എന്നിവരാണ് മരണമടഞ്ഞത്. കാറിലുണ്ടായിരുന്ന നാലാമത്തെയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇയാളുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
ബസ്സിൽ ഉണ്ടായിരുന്ന രണ്ട് യാത്രക്കാരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നിസ്സാര പരുക്കുകൾ പറ്റിയ ബസ് യാത്രക്കാരെ സംഭവസ്ഥലത്ത് വച്ചു തന്നെ പ്രാഥമിക ശുശ്രൂഷകൾ നൽകി വിട്ടയച്ചതായി പോലീസ് അറിയിച്ചു. അപകടത്തിനിടയാക്കിയ സാഹചര്യത്തെ കുറിച്ച് പോലീസ് കൂടുതൽ അന്വേഷണങ്ങൾ നടത്തി വരുകയാണ്.
യുകെയിൽ പുതിയതായി ലൈസൻസ് എടുത്ത കൗമാരക്കാർ ഉൾപ്പെട്ട അപകടങ്ങൾ കൂടി വരികയാണെന്ന വാർത്ത മലയാളം യുകെ പ്രസിദ്ധീകരിച്ചിരുന്നു. യുവ ഡ്രൈവർമാരുടെ പരിചയ കുറവും അമിത വേഗവും കാരണം അവർക്ക് മാത്രമല്ല മറ്റുള്ള വാഹനങ്ങളിലെ യാത്രക്കാരും കൊല്ലപ്പെടുകയോ ഗുരുതരമായി പരുക്കേൽക്കുകയോ ചെയ്യുന്ന സംഭവങ്ങൾ കൂടി കൊണ്ടിരിക്കുകയാണ്. 15 നും 29 നും ഇടയിൽ പ്രായമുള്ളവരുടെ ജീവൻ അകാലത്തിൽ പൊലിയുന്നതിനുള്ള പ്രധാന കാരണം കാർ അപകടമാണ് . 2023 -ലെ കണക്കുകൾ അനുസരിച്ച് യുകെയിലെ റോഡുകളിൽ സംഭവിച്ച അപകടങ്ങളിൽ അഞ്ചിലൊന്നിലും യുവ ഡ്രൈവർമാർ ഉൾപ്പെട്ടിട്ടുണ്ട്. 2019-നും 2023-നും ഇടയിൽ യുവ ഡ്രൈവർമാർ ഉൾപ്പെട്ട അപകടങ്ങളിൽ കൊല്ലപ്പെട്ടവരോ ഗുരുതരമായി പരിക്കേറ്റവരോ ആയ 65 ശതമാനം പേരും പുരുഷന്മാരാണ്. പരുധിയിൽ കൂടിയ വേഗത്തിൽ വാഹനം ഓടിക്കുന്നവരാണ് പല യുവ ഡ്രൈവർമാരും. തത്ഫലമായി പലർക്കും വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകുന്നതാണ് അപകടത്തിന് കാരണമാകുന്നത് .
Leave a Reply