ന്യൂസ് ഡെസ്ക്, മലയാളം യുകെ
സിറ്റി കൗൺസിലിന്റെ ഏറ്റവും പുതിയ ശമ്പള വാഗ്ദാനവും നിരസിച്ചതിന് പിന്നാലെ സമരം തുടരാനൊരുങ്ങി ബർമിംഗ്ഹാമിലെ ബിൻ തൊഴിലാളികൾ. ഒരു മാസമായി സിറ്റിയിൽ തുടരുന്ന പണിമുടക്കിന് പിന്നാലെ തെരുവുകളിൽ മാലിന്യം കുമിഞ്ഞ് കൂടുന്നത് നേരത്തെ മലയാളം യുകെ റിപ്പോർട്ട് ചെയ്‌തിരുന്നു. സിറ്റി കൗൺസിലിൻെറ പുതിയ വാഗ്‌ദാനം പര്യാപ്തമല്ലെന്നും 200 ഡ്രൈവർമാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള സാധ്യത പരിഹരിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും യുണൈറ്റ് യൂണിയൻ പറഞ്ഞു. അതേസമയം, പുതിയ വാഗ്‌ദാനം ന്യായമാണെന്ന് ലേബർ പാർട്ടിയുടെ നേതൃത്വത്തിലുള്ള കൗൺസിൽ അവകാശപ്പെട്ടു.
യുണൈറ്റ് യൂണിയനിലെ 97% അംഗങ്ങളും കരാറിനെ എതിർത്താണ് വോട്ട് ചെയ്‌തത്. വേസ്റ്റ് റീസൈക്ലിംഗ് ആൻഡ് കളക്ഷൻ ഓഫീസർ (WRCO) തസ്തികകൾ നീക്കം ചെയ്യാൻ കൗൺസിൽ തീരുമാനിച്ചതിനെ തുടർന്നാണ് തർക്കം ആരംഭിച്ചത്. ഈ തസ്തിക ഒഴിവാക്കാൻ ആവില്ലെന്ന് യൂണിയൻ പ്രതികരിക്കുകയായിരുന്നു. ഇത് നടപ്പിലാക്കിയാൽ 170 തൊഴിലാളികൾക്ക് പ്രതിവർഷം £8,000 വരെ നഷ്ടമാകാം, മറ്റു പലർക്കും ഭാവിയിലെ ശമ്പള വർദ്ധനവ് നഷ്ടപ്പെടാം എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു യൂണിയൻ ഇത് നിരസിച്ചത്.
സമാനമായ തസ്തികകൾ, ഡ്രൈവർ പരിശീലനം തുടങ്ങിയ ന്യായമായ ബദലുകൾ വാഗ്ദാനം ചെയ്തതായി കൗൺസിൽ പറഞ്ഞു. അതേസമയം മോശം കൗൺസിൽ തീരുമാനങ്ങളുടെ വില തൊഴിലാളികൾ വഹിക്കേണ്ടതില്ലെന്ന് യുണൈറ്റ് വാദിച്ചു. പണിമുടക്ക് തുടരുമെന്നും യൂണിയൻ അറിയിച്ചു. ബർമിംഗ്ഹാമിൽ നിലവിലുള്ള മാലിന്യ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി സൈനിക പ്ലാനർമാരെ നിയോഗിച്ചിട്ടുണ്ട്. എന്നാൽ സൈനികർ മാലിന്യം ശേഖരിക്കുമെന്നല്ല ഇതർത്ഥമാക്കുന്നതെന്ന് ഉപപ്രധാനമന്ത്രി ആഞ്ചല റെയ്‌നർ വ്യക്തമാക്കി. സംഭവത്തിൽ സമീപത്തുള്ള മറ്റ് കൗൺസിലുകളും ഇടപെട്ടിട്ടുണ്ട്. നിലവിൽ മാലിന്യത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും ഇപ്പോൾ നീക്കം ചെയ്തിട്ടുണ്ടെന്നും പൂർണ്ണമായ ശുചീകരണം ഉടൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും റെയ്‌നർ പറഞ്ഞു. സിറ്റിയിൽ മാലിന്യങ്ങൾ കുമിഞ്ഞ് കൂടുന്നത് പൊതുജനാരോഗ്യത്തിന് മേലുള്ള ആശങ്കകൾ വർദ്ധിപ്പിച്ചിട്ടുണ്ട്.
Leave a Reply