മുനമ്പം വിഷയത്തില്‍ നിലവിലുള്ള ആശങ്കകള്‍ക്ക് ഇപ്പോഴും പൂര്‍ണമായ പരിഹാരം ഉണ്ടായിട്ടില്ല എന്നത് നിരാശപ്പെടുത്തുന്നതാണെന്ന് സിറോ മലബാര്‍ സഭ.
ഇത് ആശങ്കയും ബുദ്ധിമുട്ടും ഉളവാക്കുന്ന കാര്യമാണെന്ന് സീറോ മലബാര്‍ സഭാ വക്താവ് ഫാ. ആന്റണി വടക്കേക്കര പറഞ്ഞു. ഈ കാര്യത്തില്‍ നിയമപരമായി മുന്നോട്ടു പോകേണ്ട സാഹചര്യമാണ് സഭ മുന്നില്‍ കാണുന്നതെന്നും അദേഹം വ്യക്തമാക്കി.
വഖഫ് നിയമത്തില്‍ ഏകദേശം 44 ഓളം ഭേദഗതി വരുത്തിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. റവന്യൂ അവകാശങ്ങളോടെ ഭൂമി സ്വന്തമായി ലഭിക്കാന്‍, ശാശ്വതമായ പരിഹാരത്തോടെ, ആശങ്കകളില്ലാതെ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള പോരാട്ടമാണ് കഴിഞ്ഞ 186 ദിവസങ്ങളിലായി മുനമ്പത്ത് ഭൂ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്നത്.
ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനുകൂലമായോ പ്രതികൂലമായോ ഉള്ള നിലപാടല്ല ഈ വിഷയത്തില്‍ സഭ സ്വീകരിക്കുന്നത്. സര്‍ക്കാരുകള്‍ പ്രശ്‌ന പരിഹാരത്തിനായി നിയമം ഭേദഗതി ചെയ്യണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.
പാര്‍ലമെന്റില്‍ ഒരു നിയമം പാസാകുന്നതോടെയാണ്, കോടതികളില്‍ ചലഞ്ച് ചെയ്യപ്പെടാനുള്ള അവകാശം പൗരന് ലഭിക്കുന്നത്. അതാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഈ നിയമ പോരാട്ടവുമായി മുന്നോട്ടു പോകേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരു പക്ഷെ ജനങ്ങളെ ഒട്ടേറെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്.
ആ തെറ്റിദ്ധാരണയുടെ പുറത്തായിരിക്കാം മുനമ്പത്തെ സമര മുഖത്ത് ഇരിക്കുന്നവര്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനുകൂലമായി വൈകാരികമായ പ്രതികരണങ്ങള്‍ നടത്തിയത്. എന്നാല്‍ ഭൂ സംരക്ഷണ സമിതിയുടെ ചെയര്‍മാന്‍, കണ്‍വീനര്‍, സമരങ്ങള്‍ക്ക് വേദിയായിരിക്കുന്ന മുനമ്പത്തെ കത്തോലിക്ക ദേവാലയത്തിന്റെ വികാരി ആന്റണി എന്നിവരുമായി താന്‍ സംസാരിച്ചിരുന്നു.
കോട്ടപ്പുറം രൂപതയുടെ മെത്രാന്‍ അംബ്രോസ് പിതാവുമായും സംസാരിച്ചിരുന്നു. അവരെല്ലാം പങ്കുവെച്ചത് ഒരേ വികാരമാണ്. ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം വഖഫ് നിയമ ഭേദഗതി കൊണ്ട് ഉണ്ടാകുന്നില്ല. മറിച്ച് നിയമ പോരാട്ടം തുടരേണ്ടി വരുന്നു എന്നതാണെന്നും ഫാ. ആന്റണി വടക്കേക്കര പറഞ്ഞു.
നിയമ പോരാട്ടത്തിന് വേണ്ട ഭരണപരമായ, നിയമപരമായ എല്ലാ സഹായവും സഹകരണവും നല്‍കുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു വാഗ്ദാനം ചെയ്തിട്ടുണ്ട്. അതിന് മൂന്നോ നാലോ ആഴ്ച കൂടി വേണമെന്നും പറഞ്ഞിട്ടുണ്ട്. എന്തായാലും കാത്തിരിക്കാന്‍ തയ്യാറാണ്.
പക്ഷെ, എത്രയും പെട്ടെന്ന് പ്രശ്നത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാകുകയും ജനത്തിന്റെ ആവശ്യത്തിന്മേല്‍ കൃത്യതയോടെയുള്ള ഇടപെടല്‍ ഉണ്ടാകുകയും ചെയ്യണമെന്നാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടും രാഷ്ട്രീയ നേതാക്കളോടും സഭയ്ക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചില രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാകും. വഖഫ് ഭേദഗതി ബില്‍ വന്നതോടു കൂടി 186 ദിവസത്തോളം സമരമുഖത്തിരിക്കുന്ന, കുടിയിറക്ക് ഭീഷണിയിലിരിക്കുന്ന ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയായിരുന്നു. പക്ഷെ, അപ്പോഴും അവര്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാകുന്നില്ല. ഇനിയും നിയമ നടപടികള്‍ തുടരാനും സ്റ്റേ വരാനും സുപ്രീം കോടതി വരെ നിയമ പോരാട്ടം നീളാനും സാധ്യതയുണ്ടന്നും സീറോ മലബാര്‍ സഭാ വക്താവ് പറഞ്ഞു.
Leave a Reply