തിരുവാതുക്കലില്‍ ദമ്പതിമാരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയിലെന്ന് സൂചന. അസം സ്വദേശിയായ അമിത് എന്നയാളാണ് പോലീസ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇയാള്‍ നേരത്തെ വിജയകുമാറിന്റെ വീട്ടില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്നുവെന്നും സൂചനയുണ്ട്.

കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും വ്യവസായിയുമായ വിജയകുമാര്‍(64), ഭാര്യ മീര(60) എന്നിവരെയാണ് ചൊവ്വാഴ്ച രാവിലെ തിരുവാതുക്കല്‍ എരുത്തിക്കല്‍ ക്ഷേത്രത്തിന് സമീപത്തെ വീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. രാവിലെ 8.15-ഓടെ വീട്ടിലെത്തിയ ജോലിക്കാരിയാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. ഇവര്‍ നാട്ടുകാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.

പോലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. വീട്ടിലെ ഹാളിലാണ് വിജയകുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. മീരയുടെ മൃതദേഹം കിടപ്പുമുറിയിലായിരുന്നു. ചോരയില്‍ കുളിച്ച് മുഖം വികൃതമാക്കി നഗ്നമായനിലയിലായിരുന്നു മൃതദേഹങ്ങള്‍. വിജയകുമാറിന്റെ തലയ്ക്കാണ് ഗുരുതരമായ പരിക്കേറ്റിരുന്നത്. വീട്ടിലെ വാതിലിന് സമീപത്തുനിന്ന് സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു കോടാലിയും അമ്മിക്കല്ലും കണ്ടെടുത്തിട്ടുണ്ട്.

വീട്ടില്‍ സിസിടിവി ക്യാമറകളുണ്ടെങ്കിലും ഇതിന്റെ ഹാര്‍ഡ് ഡിസ്‌ക് നഷ്ടപ്പെട്ടനിലയിലാണ്. മാത്രമല്ല, വീട്ടില്‍ വളര്‍ത്തുനായ ഉണ്ടെങ്കിലും ഇവ കുരച്ചിട്ടില്ലെന്നും ഇതുവരെ നായയ്ക്ക് അനക്കമില്ലെന്നും നാട്ടുകാര്‍ പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കസ്റ്റഡിയിലുള്ള ഇതരസംസ്ഥാന തൊഴിലാളിയെ അടുത്തിടെയാണ് വിജയകുമാര്‍ ജോലിയില്‍നിന്ന് പിരിച്ചുവിട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. മൊബൈല്‍ഫോണ്‍ മോഷ്ടിച്ചതിനാണ് ഇയാളെ ജോലിയില്‍നിന്ന് പുറത്താക്കിയതെന്നാണ് വിവരം. ഈ സംഭവത്തില്‍ പിടിയിലായി റിമാന്‍ഡിലായിരുന്ന പ്രതി ദിവസങ്ങള്‍ക്ക് മുമ്പാണ് ജയിലില്‍നിന്നിറങ്ങിയതെന്നാണ് സൂചന. കഴിഞ്ഞദിവസം ഇയാള്‍ വിജയകുമാറിന്റെ വീട്ടിലെത്തി തര്‍ക്കമുണ്ടാക്കിയതായും പറയുന്നുണ്ട്.

വീട്ടില്‍ ദമ്പതിമാര്‍ മാത്രമാണ് താമസം. ഇവരുടെ മകന്‍ 2018-ല്‍ മരിച്ചു. മകള്‍ വിദേശത്താണ്. കേസില്‍ ഒരാളെക്കുറിച്ച് സൂചനയുണ്ട്. ഇത് കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. നേരത്തേ വിജയകുമാറിന്റെ പരാതിയില്‍ ഒരു കേസെടുത്തിരുന്നു. ഇതിന്റെ വൈരാഗ്യമാണോ എന്ന് പരിശോധിക്കുകയാണെന്നും എസ്പി പറഞ്ഞു.

വീട്ടിലെ വാതിലിലോ മറ്റോ ബലപ്രയോഗം നടന്നതിന്റെ പാടുകളില്ലെന്ന് സ്ഥലം സന്ദര്‍ശിച്ച മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ ടിറ്റോ മാധ്യമങ്ങളോട് പറഞ്ഞു. എന്തോ ശബ്ദം കേട്ട് വിജയകുമാര്‍ വാതില്‍ തുറന്നിരിക്കാനാണ് സാധ്യത. അമ്മിക്കല്ലും കോടാലിയും നിലത്തുണ്ടായിരുന്നു. ഹാളിലാണ് വിജയകുമാറിന്റെ മൃതദേഹം കണ്ടത്. ഭാര്യയുടേത് കിടപ്പുമുറിയിലും. വീട്ടിലെ പട്ടി കുരച്ചിരുന്നില്ല. പട്ടിയ്ക്ക് ഇപ്പോഴും അനക്കമില്ലെന്നും അദ്ദേഹം പറഞ്ഞു.

വീടുമായി അടുപ്പമുള്ളയാളാണ് കൃത്യം നടത്തിയതെന്ന് സംശയിക്കുന്നതായി സ്ഥലം സന്ദര്‍ശിച്ചശേഷം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു. വീടിനകത്ത് സിസിടിവി ഉണ്ടായിരുന്നു. പക്ഷേ, അതിന്റെ ഹാര്‍ഡ് ഡിസ്‌ക് നഷ്ടപ്പെട്ടിട്ടുണ്ട്. വീട്ടിലോട്ട് പ്രതി കയറിയപ്പോള്‍ പട്ടി കുരച്ചിട്ടില്ല. ഇതെല്ലാം വെച്ചുനോക്കുമ്പോള്‍ വീടുമായി അത്രയ്ക്ക് അടുപ്പമുള്ള ആളോ വീടിനെ പറ്റി നന്നായി അറിയാവുന്ന ആളോ ആയിരിക്കാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.