രണ്ടാം ക്ലാസ്സുകാരനെ കെട്ടിടത്തിന്‍റെ മുകളിലെ നിലയില്‍ നിന്നും തലകീഴായി തൂക്കിപ്പിടിച്ച അധ്യാപകന്‍ അറസ്റ്റില്‍. ഇതിന്‍റെ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. യുപിയിലെ മിര്‍സാപൂരിലെ സദ്ഭാവന ശിക്ഷൺ സൻസ്ഥാൻ ജൂനിയർ ഹൈസ്കൂളിലാണ് സംഭവം. പാനിപൂരി കഴിക്കാന്‍ കുട്ടി സ്കൂളിന് പരിസരത്തെ കടയില്‍ പോയതിനാണ് കെട്ടിടത്തിന് മുകളില്‍ നിന്നും താഴേക്കിടുമെന്ന് പറഞ്ഞ് രണ്ടാം ക്ലാസ്സുകാരനായ സോനു യാദവിനെ സ്കൂളിലെ പ്രധാനധ്യാപകനായ മനോജ് വിശ്വകര്‍മ്മ ഭീഷണിപ്പെടുത്തിയത്.

ഉച്ചയ്ക്ക് ഇന്‍റര്‍വല്‍ സമയം പുറത്ത് കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥികള്‍ നോക്കി നില്‍ക്കെ പ്രകോപിതനായ അധ്യാപകന്‍ സോനുവിനെ മുകളിലത്തെ നിലയിലേക്ക് വലിച്ചിഴച്ചതിന് ശേഷം കാലില്‍ പിടിച്ച് താഴേക്ക് തൂക്കിപ്പിടിക്കുകയായിരുന്നു. സോനുവിന്‍റെ നിലവിളിയും കരച്ചിലും കേട്ട് കുട്ടികള്‍ ഓടി കൂടിയതിനെ തുടര്‍ന്നാണ് കുട്ടിയെ വരാന്തയിലേക്ക് പിടിച്ച് കയറ്റിയത്. സംഭവം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടര്‍ന്ന് ജില്ലാ മജിസ്‌ട്രേറ്റ് പ്രവീൺ കുമാർ ലക്ഷ്‌കറാണ് ജില്ലയിലെ വിദ്യാഭ്യാസ ഓഫീസറോട് ഉടൻ സംഭവസ്ഥലത്തെത്തി അന്വേഷിക്കാനും അധ്യാപകനെതിരെ പരാതി നൽകാനും ഉത്തരവിട്ടത്.

സോനു മറ്റ് കുട്ടികള്‍ക്കൊപ്പം പാനിപൂരി കഴിക്കാന്‍ പോയതിനാണ് അധ്യാപകന്‍ അങ്ങനെ ചെയ്തതെന്ന് സോനുവിന്‍റെ പിതാവ് രഞ്‍ജിത് യാദവ് പറഞ്ഞു. ജുവനൈൽ ജസ്റ്റിസ് ആക്റ്റ് പ്രകാരമാണ് അധ്യാപകന്‍ അറസ്റ്റിലായത്. എന്നാല്‍ സോനു വികൃതിയാണെന്നും മറ്റ് കുട്ടികളെയും അധ്യാപകരെയും കടിക്കാറുണ്ടായിരുന്നും അതിനാല്‍ കുട്ടിയെ പേടിപ്പിക്കുന്നതിന് വേണ്ടിയാണ് തലകീഴായി തൂക്കിപ്പിടിച്ചതെന്നും മനോജ് പറഞ്ഞു. സോനുവിന്‍റെ പിതാവ് കുട്ടിയെ തിരുത്താന്‍ തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും മനോജ് പറഞ്ഞു.