കോട്ടയത്തെ ഇരട്ടക്കൊലയിൽ പ്രതി അസം സ്വദേശി അമിത് ഒറാങ് പിടിയിൽ. തൃശൂർ മാളയിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. മൊബൈൽ ഫോൺ പരിശോധനയിലാണ് പ്രതി പിടിയിലായത്. അറസ്റ്റിലായ പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
അവസാനമായി മൊബൈൽ ഫോൺ ഓൺ ആയപ്പോൾ സേലത്തായിരുന്നു ലൊക്കേഷൻ കാണിച്ചത്. പ്രതിയുടെ കൈയിൽ പത്തോളം ഫോണുകളും നിരവധി സിമ്മുകളും ഉണ്ട്. ഇതുപയോഗിച്ചാണ് ആളുകളെ ഇയാൾ ബന്ധപ്പെടുന്നതെന്ന് തിരിച്ചറിഞ്ഞിരുന്നു. എന്നാൽ സേലത്ത് ടവർ ലൊക്കേഷൻ കാട്ടിയതിന് പിന്നിൽ പോലീസിനെ തെറ്റിധരിപ്പിക്കാനുള്ള ശ്രമമായിരുന്നു. എന്നാൽ കരുതലോടെ നീങ്ങിയ പോലീസ് മാളയിൽ നിന്നും ഇയാളെ പിടികൂടുകയായിരുന്നു.
വീട്ടിലെ മുൻജോലിക്കാരനാണ് അസം സ്വദേശി അമിത്. സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നുള്ള നിർണായക വിവരങ്ങളിൽനിന്നാണ് അമിതാണ് കൊലപാതകി എന്ന് പോലീസ് ഉറപ്പിച്ചത്. സിസിടിവി ദൃശ്യങ്ങളിൽ നടന്നു പോകുന്നയാൾ അമിത് ഒറാങ് ആണെന്ന് പോലീസ് സ്ഥിരീകരിച്ചു. കൊല്ലാനുപയോഗിച്ച മഴുവിൽ നിന്ന് ലഭിച്ച വിരലടയാളം ഇയാളുടേതാണെന്നും പോലീസ് സ്ഥിരീകരിക്കുന്നുണ്ട്.
മോഷണക്കേസുമായി ബന്ധപ്പെട്ട് അമിതിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സമയത്ത് അമിത്തിന്റെ വിരലടയാളം ഉൾപ്പെടെ പോലീസ് ശേഖരിച്ചിരുന്നു. ശാസ്ത്രീയ പരിശോധന ഫലത്തിൽ ഈ വിരലടയാളവും സംഭവസ്ഥലത്ത് നിന്ന് ലഭിച്ച് മഴുവിലെ വിരലടയാളവും തമ്മിൽ ഒത്തുപോകുന്നുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇതോടെയാണ് പ്രതിയെ ഉറപ്പിച്ചത്.
കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കൽ ശ്രീവത്സം വീട്ടിൽ ടി.കെ. വിജയകുമാർ (64), ഭാര്യ ഡോ. മീര വിജയകുമാർ (60) എന്നിവരാണ് വീടിനുള്ളിൽ ക്രൂരമായി കൊല്ലപ്പെട്ടത്. 2017 ജൂണിൽ കോട്ടയം തെള്ളകത്ത് റെയിൽവേ പാളത്തിൽ മരിച്ചനിലയിൽ കണ്ട യുവവ്യവസായി ഗൗതം വിജയകുമാറി(28)ന്റെ മാതാപിതാക്കളാണ് ഇവർ. ഈ കേസിൽ സിബിഐ അന്വേഷണം തുടങ്ങി ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ.
ചൊവ്വാഴ്ച രാവിലെ ജോലിക്കാരി രേവമ്മ വന്നപ്പോഴാണ് കൊലപാതകവിവരമറിയുന്നത്. കേൾവിപരിമിതിയുള്ള തോട്ടക്കാരൻ ബോണ്ട് രാജ് ഔട്ട്ഹൗസിൽ ഉണ്ടായിരുന്നെങ്കിലും വിവരം അറിഞ്ഞിരുന്നില്ല. തിങ്കളാഴ്ച രാത്രി 12.30-നും ഒന്നിനും ഇടയിലാണ് കൊല നടന്നതെന്ന് കരുതുന്നു.
ഇയാളുടെ ഫോണിന് സേലത്തുനിന്ന് സിഗ്‌നൽ ലഭിച്ചെങ്കിലും പിന്നീട് ഓഫായിരുന്നു, വിജയകുമാറിന്റെ ഫോൺ തട്ടിയെടുത്ത് സാമ്പത്തികത്തട്ടിപ്പ് നടത്തിയതിന് ഇയാൾ ജയിലിലായിരുന്നു. പുറത്തിറങ്ങിയശേഷം വിജയകുമാറിന്റെ വീട്ടിലെത്തി വഴക്കുണ്ടാക്കിയിരുന്നതായി സൂചനയുണ്ട്.
മൃതദേഹങ്ങൾ രണ്ടുമുറികളിലായിരുന്നു. കോടാലികൊണ്ട് തലയ്ക്കടിച്ചശേഷം തലയണകൊണ്ട് മുഖം അമർത്തി മരണം ഉറപ്പാക്കിയെന്നാണ് കരുതുന്നത്. വീടിന്റെ കതകിലും വീടിനുള്ളിലും ഉൾപ്പടെ വിവിധ സ്ഥലങ്ങളിൽ അമിത്തിന്റെ വിരലടയാളം പതിഞ്ഞിട്ടുണ്ട്. കൊലപാതകം നടത്താൻ അമിത് ദിവസങ്ങളോളം ആസൂത്രണം നടത്തിയെന്നും ശനിയാഴ്ച മുതൽ അമിത് താമസിച്ചത് നഗരത്തിലെ ലോഡിലാണെന്നും പോലീസ് കണ്ടെത്തി.
പ്രതി പലതവണ വിജയകുമാറിന്റെ വീടിന് പരിസരത്തെത്തി പരിസരം വീക്ഷിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ അമിത് ലോഡ് വിട്ടു. വൈകിട്ടോടെ റെയിൽവേ സ്റ്റേഷനിലുമെത്തി. രാത്രിയോടെയാണ് പ്രതി കൊലപാതകം നടത്താനായി വീട്ടിൽ എത്തിയത്. കൊലപാതകം നടന്ന തിരുവാതുക്കലിലെ ആറടി ഉയരമുള്ള മതിലുകളോടുകൂടിയ വലിയ വീടിന് സിസിടിവി ക്യാമറകളും കാവൽനായയുമുണ്ടായിരുന്നു. സംഭവസമയത്ത് കാവൽനായ കുരച്ചില്ല. മാത്രമല്ല വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ കാണാനുമില്ല. ഇതോടെ മോഷണശ്രമമല്ല കൊലയ്ക്ക് കാരണമെന്ന് പൊലീസിന് വ്യക്തമായി.
ഒരു വർഷം മുൻപ് വിജയകുമാറിന്റെ വീട്ടിൽ ജോലി ചെയ്തിരുന്ന അസം സ്വദേശി അമിത് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. സ്വഭാവദൂഷ്യത്തെ തുടർന്ന് ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതാണ് പ്രതികാരത്തിന്റെ തുടക്കം. ഇന്നലെ രാവിലെ എട്ടരയോടെ വീട്ടിലെ ജോലിക്കാരി എത്തിയപ്പോഴാണ് അരുംകൊലയുടെ വിവരം പുറത്തറിഞ്ഞത്.
വീടിന്റെ മുൻവാതിൽ തുറന്നുകിടക്കുകയായിരുന്നു. അകത്തേക്ക് പ്രവേശിച്ചപ്പോൾ സ്വീകരണമുറിയിൽ വിജയകുമാർ ചോരയിൽ കുളിച്ചു മരിച്ചുകിടക്കുന്ന കാഴ്ചയായിരുന്നു ആദ്യം കണ്ടതെന്ന് ജോലിക്കാരി പൊലീസിന് മൊഴി നൽകി. തൊട്ടടുത്ത മുറിയിൽ ഭാര്യ മീരയുടെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.
Leave a Reply