ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻഎച്ച്എസ് ജീവനക്കാരുടെ ശാരീരിക മാനസിക പ്രശ്നങ്ങൾ രോഗികൾക്ക് കടുത്ത രീതിയിലുള്ള അപകടസാധ്യതയ്ക്ക് കാരണമാകുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതു മൂലം മരുന്നുകളിലെ പിഴവുകൾ, തെറ്റായ തീരുമാനങ്ങൾ, ശ്രദ്ധ കുറവ് മര്യാദയില്ലാത്ത പെരുമാറ്റം തുടങ്ങിയ രോഗികളെ ഗുരുതരമായി ബാധിക്കുന്ന പ്രശ്നങ്ങൾക്ക് ജീവനക്കാരുടെ ശാരീരിക മാനസികാവസ്ഥ കാരണമാകുന്നതായാണ് ഇംഗ്ലണ്ടിലെ എൻ എച്ച് എസ് സുരക്ഷാ വാച്ച്ഡോഗ് മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞകാലങ്ങളിൽ റിപ്പോർട്ട് ചെയ്ത സംഭവങ്ങളെ വിലയിരുത്തിയാണ് ഹെൽത്ത് സർവീസസ് സേഫ്റ്റി ഇൻവെസ്റ്റിഗേഷൻ ബോഡി റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.


ജീവനക്കാരുടെ പിഴവുമൂലം ഗർഭാവസ്ഥയുടെ സ്കാനിങ്ങുകളിലും കീമോതെറാപ്പി മരുന്നുകളിലും സംഭവിക്കുന്ന തെറ്റുകളുടെ ഉദാഹരണങ്ങൾ വാച്ച്ഡോഗ് അതിൻ്റെ റിപ്പോർട്ടിൽ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താത്ത ഒരു കേസിൽ സ്കാനിങ്ങിലെ പിഴവുമൂലം അമ്മയ്ക്കും കുഞ്ഞിനും ശാരീരിക പ്രശ്നങ്ങൾ ഉണ്ടായതായി പറയുന്നു. ഇത്തരം പല പ്രശ്നങ്ങളുടെയും മൂല കാരണം നേഴ്സുമാരുൾപ്പെടെയുള്ളവരുടെ അമിത ജോലി ഭാരമാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. വിവിധ ഷിഫ്റ്റുകൾക്കിടയിൽ പല ജീവനക്കാർക്കും ശരിയായ രീതിയിൽ ഉറങ്ങാൻ പോലും സമയം കിട്ടുന്നില്ല. തുടർച്ചയായി രാത്രി ജോലി ചെയ്തത് മൂലം രോഗിയുടെ അവസ്ഥയെ കുറിച്ച് കൃത്യമായ തീരുമാനമെടുക്കാനുള്ള തൻറെ പരിമിതികളെ കുറിച്ച് ഒരു ഡോക്ടർ പറഞ്ഞതായുള്ള വിവരവും റിപ്പോർട്ടിൽ ഇടം പിടിച്ചിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തുടർച്ചയായി ജോലി ചെയ്ത് വീട്ടിലേയ്ക്ക് പോകുന്നവർ റോഡപകടത്തിൽ പെട്ട ഒട്ടേറെ സംഭവങ്ങളും വാച്ച്ഡോഗ് എടുത്ത് പറയുന്നുണ്ട്. ഷിഫ്റ്റ് ജോലി, നീണ്ട ജോലി സമയം, ഇടവേളകളുടെ അഭാവം , സാമ്പത്തിക സമ്മർദ്ദങ്ങൾ എന്നിവയെല്ലാം ജീവനക്കാരുടെ ക്ഷീണത്തിൻ്റെ ഘടകങ്ങളായി ചൂണ്ടി കാണിക്കപ്പെടുന്നു. സർക്കാരും എൻ എച്ച് എസ് ഇംഗ്ലണ്ടും ഇത്തരം കാര്യങ്ങൾ നിരീക്ഷിക്കാൻ മെച്ചപ്പെട്ട സംവിധാനങ്ങൾ അവതരിപ്പിക്കേണ്ടതുണ്ടെന്നും അതിനെ കുറിച്ച് അവബോധം വളർത്തുന്നതിന് യൂണിയനുകളുമായും തൊഴിലുടമകളുമായും ചേർന്ന് പ്രവർത്തിക്കേണ്ടതുണ്ടെന്നും റിപ്പോർട്ട് ചൂട്ടിക്കാണിക്കുന്നുണ്ട് .