ന്യൂസ് ഡെസ്ക്, മലയാളം യുകെ
കാലാവസ്ഥാ പ്രതിസന്ധിയെ നേരിടുന്നതിന് കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കാനുള്ള നടപടികൾ ബ്രിട്ടൻ വേഗത്തിൽ ആക്കുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. 60 ലധികം രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിലാണ് പ്രധാനമന്ത്രി സുപ്രധാനമായ പ്രഖ്യാപനം നടത്തിയത്. യൂറോപ്യൻ കമ്മീഷൻ പ്രസിഡൻ്റ് ഉർസുല വോൺ ഡെർ ലെയ്നും യുഎസ് സീനിയർ എനർജി ഓഫീസർ ടോമി ജോയ്സിനും ഉൾപ്പെടെയുള്ള സുപ്രധാന വ്യക്തികളുടെ മുന്നിലായിരുന്നു യുകെയുടെ ഊർജ്ജ നവീകരണത്തെ കാതലായി ബാധിക്കുന്ന സുപ്രധാന പ്രഖ്യാപനങ്ങൾ പ്രധാനമന്ത്രി നടത്തിയത്.
കഴിഞ്ഞ കുറെ നാളുകളായി പൂജ്യം കാർബൺ ബഹിർഗമനം ആർജ്ജിക്കാനുള്ള സർക്കാരിൻറെ പ്രതിബന്ധതയെ കുറിച്ച് വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയർന്നു വന്നിരുന്നു. കഴിഞ്ഞ ബഡ്ജറ്റിൽ ചാൻസിലർ റേച്ചൽ റീവ്സ് പ്രസ്തുത വിഷയത്തിൽ വകയിരുത്തിയ ഫണ്ട് ഇതിന് ഒരു കാരണമായിരുന്നു. കുറഞ്ഞ കാർബൺ ബഹിർഗമനത്തിനു വേണ്ടി പോരാടിയ ഊർജ സുരക്ഷാ സെക്രട്ടറി എഡ് മിലിബാൻഡിന് സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ മതിയായ പിൻതുണ കിട്ടുന്നില്ലെന്ന് മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ പ്രസ്താവന ഈ വിഷയത്തിൽ സർക്കാരിൻറെ ദിശാബോധത്തിന് തെളിവായാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.
കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കാനുള്ള നടപടികൾ സ്റ്റീൽ വ്യവസായത്തിനും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതേ തുടർന്ന് ബ്രിട്ടീഷ് സ്റ്റീലിലും ടാറ്റാ സ്റ്റീലിലും പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. ബ്രിട്ടീഷ് സ്റ്റീലിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തിര പാർലമെൻറ് യോഗം നടത്തി കമ്പനി ദേശസാത്ക്കരിക്കുക എന്ന കടുത്ത നടപടിയിലേയ്ക്ക് സർക്കാർ കടന്നിരുന്നു. വിശ്വസനീയവും താങ്ങാനാവുന്നതുമായ ഊർജമാണ് നമ്മുടെ സമ്പദ്വ്യവസ്ഥയുടെ ജീവരക്തമെന്നും അത് നമ്മുടെ വ്യാവസായികവും സാമ്പത്തികവുമായ മത്സരക്ഷമത നിലനിർത്തുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ പ്രസ്തുത വിഷയത്തിൽ അമേരിക്കൻ നിലപാട് യുകെയിൽ നിന്ന് വ്യത്യസ്തമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. 2050-ഓടെ ഹരിതഗൃഹ വാതക ഉദ്വമനം പൂർണ്ണമായും പൂജ്യമാക്കുക എന്ന ലക്ഷ്യത്തെ ഹാനികരവും അപകടകരവുമെന്നാണ് യുഎസ് ഊർജ്ജ വകുപ്പിലെ ഇൻ്റർനാഷണൽ അഫയേഴ്സ് ഓഫീസിലെ ആക്ടിംഗ് അസിസ്റ്റൻ്റ് സെക്രട്ടറി ജോയ്സ് പറഞ്ഞത്. ലണ്ടനിലെ ലങ്കാസ്റ്റർ ഹൗസിൽ വെള്ളിയാഴ്ച നടക്കുന്ന ചർച്ചയിൽ 60-ലധികം രാജ്യങ്ങളുടെയും 50-ഓളം സ്വകാര്യമേഖലാ കമ്പനികളുടെയും പ്രതിനിധികളാണ് പങ്കെടുക്കുന്നത് . ചാൾസ് രാജാവ് സമ്മേളനത്തിന് എത്തിയില്ലെങ്കിലും പൂർണ്ണ പിന്തുണ അറിയിച്ചുകൊണ്ടുള്ള സന്ദേശം അയച്ചിരുന്നു.
Leave a Reply