ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ വെസ്റ്റ് യോർക്ക് ഷെയറിലെ ഒട്ടേറെ മലയാളികൾ തിങ്ങി പാർക്കുന്ന സ്ഥലമാണ് ലീഡ്സ്. മധ്യകാലഘട്ടത്തിൽ കമ്പിളി ഉത്പാദനത്തിന് പ്രശസ്തമായിരുന്ന ലീഡ്സ് നിലവിലെ പുരോഗതി കൈവരിച്ചത് വ്യവസായ വിപ്ലവകാലത്താണ്. വസ്ത്ര വ്യവസായത്തോട് ബന്ധപ്പെട്ട നിരവധി ഫാക്ടറികളും മില്ലുകളും ആണ് ലീഡ്സിലെ സാമ്പത്തിക പുരോഗതിയുടെ അടിസ്ഥാനം. ലീഡ്സ് ജനറൽ ഇൻഫർമറി (LGI) , സെൻ്റ് ജെയിംസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഉൾപ്പെടെ പത്തോളം ഹോസ്പിറ്റലുകൾ ആണ് ഇവിടെയുള്ളത്. അതുകൊണ്ട് ആരോഗ്യ മേഖലയിൽ ജോലിചെയ്യുന്ന ഒട്ടേറെ മലയാളികളും ലീഡ്സിൽ ഉണ്ട്.

കഴിഞ്ഞദിവസം രണ്ട് സ്ത്രീകൾക്കെതിരെ ലീഡ്സിൽ നടന്ന ആക്രമണ സംഭവം യുകെയിലെങ്ങും വൻ വാർത്തയായിരുന്നു. സംഭവത്തെ കുറിച്ച് തീവ്രവാദ വിരുദ്ധ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്രോസ്ബോ എന്ന ആയുധം ഉപയോഗിച്ച് രണ്ട് സ്ത്രീകളെ ഒരു പുരുഷൻ ആക്രമിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന സ്ത്രീകളുടെ പരുക്കുകള് ജീവന് ഭീഷണിയുള്ളതല്ലെന്നാണ് പോലീസ് അറിയിച്ചത്. സംഭവത്തിൽ 38 കാരനായ ഒരു പുരുഷനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പരുക്കുകളെ തുടർന്ന് ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന്റെ ഗൗരവം പരിഗണിച്ച് അന്വേഷണം ഏറ്റെടുക്കുന്നതായി നോർത്ത് ഈസ്റ്റ് തീവ്രവാദ വിരുദ്ധ പോലീസ് അറിയിച്ചു.

സംഭവത്തിന് രാജ്യമൊട്ടാകെ വൻ മാധ്യമശ്രദ്ധയാണ് ലഭിച്ചത്. എന്തുകൊണ്ടാണ് ആക്രമണത്തെ കുറിച്ച് തീവ്രവാദ വിരുദ്ധ പോലീസ് അന്വേഷിക്കുന്നത് എന്നതിനെ കുറിച്ച് അറിവായിട്ടില്ല . അക്രമിയെ കുറിച്ചും ഇരകളെ കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല . ലീഡ്സിൽ നടന്ന സംഭവം അതീവ ഗൗരവമുള്ളതാണെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു . അക്രമ സംഭവം നടന്ന ഉടനെ അതിവേഗത്തിൽ ഇടപെട്ട പോലീസിനും അത്യാഹിത വിഭാഗത്തിനും അദ്ദേഹം നന്ദി പറഞ്ഞു. ഇതുവരെ നടത്തിയ അന്വേഷണത്തിൽ സംഭവത്തിൽ മറ്റാരും ഉൾപ്പെട്ടിട്ടില്ലെന്നാണ് കരുതുന്നതെന്ന് പോലീസ് അറിയിച്ചു. ധാരാളം കാൽനടയാത്രക്കാരുള്ള പ്രത്യേകിച്ച് ശനിയാഴ്ചകളിൽ തിരക്കേറിയ സമയത്ത് നടന്ന സംഭവത്തെ ഭയാനകം എന്നാണ് ഹെഡിംഗ്ലി കൗൺസിലർ അബ്ദുൾ ഹന്നാൻ വിശേഷിപ്പിച്ചത്.
	
		

      
      



              
              
              




            
Leave a Reply