ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: വോൾട്ടൺ ഹാൾ ആശുപത്രിയിലെ രോഗികളോട് മോശമായി പെരുമാറിയതിന് നാല് കെയറർമാർ കുറ്റക്കാരാണെന്ന് കോടതി. കൗണ്ടി ഡർഹാമിലെ ബർണാർഡ് കാസിലിനടുത്തുള്ള വോൾട്ടൺ ഹാളിലെ ഒമ്പത് മുൻ ജീവനക്കാർക്കെതിരെ ആകെ 27 കേസുകളാണ് ചുമത്തിയിരിക്കുന്നത്. ഇതിൽ വിചാരണത്തടവുകാരിൽ അഞ്ചുപേരെ വെറുതെവിട്ടു. ദുർബലരായ രോഗികളെ പരിഹസിക്കുകയും അവജ്ഞയോട് കൂടി പെരുമാറുകയും ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ അതേസമയം, വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ തങ്ങളുടെ കക്ഷികൾ പരമാവധി സഹായങ്ങൾ ചെയ്യുന്നുണ്ടെന്ന് പ്രതികൾക്കുവേണ്ടിയുള്ള അഭിഭാഷകർ വാദിച്ചു.

ജൂലൈയിൽ ടീസൈഡ് ക്രൗൺ കോടതിയിൽ അന്തിമ ശിക്ഷ വിധിക്കും. 24 മണിക്കൂറും പരിചരണം ആവശ്യമുള്ള സങ്കീർണ്ണമായ രോഗമുള്ള ആളുകൾക്കുള്ള സ്പെഷ്യലിസ്റ്റ് ആശുപത്രി എൻ എച്ച് എസിനു കീഴിലാണ് പ്രവർത്തിക്കുന്നത്. സംഭവത്തിൽ ആദ്യം ദിനങ്ങളിൽ തന്നെ 10 കെയർമാരെ അറസ്റ്റ് ചെയ്തു. അതിന്റെ തെളിവുകളായ ദൃശ്യങ്ങളും, ഫോട്ടോകളും പുറത്ത് വന്നതോടെ കൂടിയാണ് കേസിൽ നടപടി ആയത്. കുറ്റക്കാർക്കെതിരെ തക്കതായ നടപടി ഉണ്ടാകുമെന്ന് അന്നേ അധികൃതർ വ്യക്തമാക്കിയിരുന്നു.


ടീസൈഡ് ക്രൗൺ കോടതിയിൽ, രണ്ട് ദിവസത്തെ ചർച്ചകൾക്ക് ശേഷം ജൂറിമാർ സമ്മിശ്ര വിധി പുറപ്പെടുവിച്ചു. ടീസ്‌സൈഡിലെ ബില്ലിംഗ്‌ഹാമിലെ റെഡ്‌വർത്ത് ക്ലോസിലുള്ള പീറ്റർ ബെന്നറ്റ് (53) രണ്ട് ആരോപണങ്ങളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി. എന്നാൽ ഒന്നിൽ നിന്ന് കുറ്റവിമുക്തനാക്കപ്പെട്ടു. ഡർഹാം കൗണ്ടിയിലെ ന്യൂട്ടൺ അയ്‌ക്ലിഫിലെ ഫോക്ക്‌നർ റോഡിലെ മാത്യു ബാനർ (43) അഞ്ച് കേസുകളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി, ഒന്നിൽ നിന്ന് കുറ്റവിമുക്തനാക്കപ്പെട്ടു. ബർണാർഡ് കാസിലിലെ ഡീർബോൾട്ട് ബാങ്കിലെ റയാൻ ഫുള്ളർ (27) രണ്ട് കേസുകളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി. തുടർ നടപടികൾ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്ന് അധികൃതർ പറയുന്നു