ന്യൂസ് ഡെസ്ക്, മലയാളം യുകെ
കഴിഞ്ഞ 15 വർഷത്തിനിടയിൽ ശമ്പളത്തിൽ സംഭവിച്ച ഏകദേശം 25 ശതമാനം ഇടിവ് നികത്തുവാൻ ഉചിതമായ ശമ്പള പരിഷ്കരണം വേണമെന്ന് ആർസിഎൻ ആവശ്യപ്പെട്ടു. നിലവിൽ വാഗ്ദാനം ചെയ്തിരിക്കുന്ന 2.8 ശതമാനം ശമ്പള വർദ്ധനവ് പൂർണ്ണമായി അസ്വീകാര്യമാണെന്ന നിലപാടാണ് യൂണിയനുള്ളത്. മെച്ചപ്പെട്ട ശമ്പളം ലഭിച്ചില്ലെങ്കിൽ വീണ്ടും പണിമുടക്കിന്റെ പാത തിരഞ്ഞെടുക്കുമെന്നാണ് ആർസിഎൻ നിലപാട്.
ശമ്പള പരിഷ്കരണത്തെ കുറിച്ചുള്ള അംഗങ്ങളുടെ നിലപാട് റോയൽ കോളേജ് ഓഫ് നേഴ്‌സിംഗിന്റെ ജനറൽ സെക്രട്ടറി പ്രൊഫസർ നിക്കോള റേഞ്ചർ ആണ് വ്യക്തമാക്കിയത്. എൻഎച്ച്എസ്സിന്റെ നെടുംതൂണാണ് നേഴ്സുമാർ. അതുകൊണ്ട് തന്നെ എൻഎച്ച്എസിനെ നേഴ്സുമാരുടെ പണിമുടക്ക് കാര്യമായി ബാധിക്കും എന്നുള്ള കാര്യം തീർച്ചയാണ്. ഗാർഡിയൻ ദിന പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് കടുത്ത നിലപാടുകൾ സ്വീകരിക്കാൻ സംഘടന തയ്യാറാകുമെന്ന് ആർസിഎൻ ജനറൽ സെക്രട്ടറി പറഞ്ഞത്.
ആർസിഎന്നിന്റെ ആനുവൽ കോൺഗ്രസ് ഇന്ന് ലിവർപൂളിൽ ആരംഭിക്കും. സമ്മേളനത്തിൽ ഭാവി പരിപാടികൾ വിശദമായ ചർച്ചകൾക്ക് വിധേയമാകുമെന്നാണ് അറിയാൻ സാധിച്ചത്. ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാർ 2023ലും 2024 ലും 35 ശതമാനം ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് 11 റൗണ്ട് പണിമുടക്ക് നടത്തിയിരുന്നു. ഇതിനെ തുടർന്ന് 22 ശതമാനം ശമ്പള വർദ്ധനവ് ആണ് ഡോക്ടർമാർ നേടിയെടുത്തത്. 2025 – 26 വർഷത്തേയ്ക്ക് 10 ശതമാനം ശമ്പള വർദ്ധനവ് ആവശ്യപ്പെടുമെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഈ ആവശ്യം ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് നിരസിക്കുകയാണ് ചെയ്തത്.
Leave a Reply