ന്യൂസ് ഡെസ്ക്, മലയാളം യുകെ
പേടിച്ചത് തന്നെ സംഭവിച്ചു. മലയാളികൾ ഇനി യുകെയെ സ്വപ്നം കാണേണ്ടതില്ല. കുടിയേറ്റം കുറയ്ക്കുന്നതിനുള്ള കർശന മാർഗനിർദ്ദേശവുമായി പുതിയ കുടിയേറ്റ നയം പ്രധാനമന്ത്രി കെയർ സ്റ്റാർമർ പുറത്തിറക്കി. കുടിയേറ്റം കുറയ്ക്കുന്നതിനുള്ള കർശന നിർദേശങ്ങൾ സർക്കാർ പുറത്തിറക്കുന്ന ധവള പത്രത്തിൽ ഉണ്ടാകുമെന്ന സൂചനകൾ നേരത്തെ പ്രവചിക്കപ്പെട്ടിരുന്നു. എന്നാൽ ഇത്ര കഠിനമായ നിർദ്ദേശവുമായി സർക്കാർ രംഗത്ത് വരുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നില്ല.
ഇനിമുതൽ ഇംഗ്ലീഷ് ഭാഷാ പഠനത്തിനായുള്ള ടെസ്റ്റുകൾ കൂടുതൽ കർശനമാക്കാനുള്ള നിർദ്ദേശവും ധവള പത്രത്തിലുണ്ടാകും. ഏറ്റവും പ്രധാനമായും മലയാളികളെ ബാധിക്കുന്ന കാര്യം മറ്റ് രാജ്യങ്ങളിൽ നിന്നുള്ള കെയർ വർക്കർമാരുടെ എണ്ണം കുറയ്ക്കാനുള്ള നിർദ്ദേശമാണ്. യുകെയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് മുൻഗണന നൽകുന്നതിനുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമായി കെയർ മേഖലയിലേക്ക് പുറത്തുനിന്നുള്ള റിക്രൂട്ട്മെൻറ് നിരോധിക്കുന്ന സ്ഥിതിവിശേഷമാണ് ഉടലെടുത്തിരിക്കുന്നത്.
നേരത്തെ കെയർ മേഖലയിൽ ജോലിചെയ്യുന്ന ജീവനക്കാർക്ക് ഡിപെൻഡൻറ്റ് വിസയിൽ കുടുംബാംഗങ്ങളെ കൊണ്ടുപോകാമായിരുന്നു. എന്നാൽ കുടിയേറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായി കെയർ വിസകളിൽ എത്തുന്നവർക്ക് ഡിപെൻഡൻ്റൻ്റ് വിസ അനുവദിക്കുന്ന നയം സർക്കാർ നേരത്തെ നിർത്തലാക്കിയിരുന്നു. ഇതിൻറെ തുടർച്ചയായി നിലവിൽ കെയർ വിസ തന്നെ നിർത്തലാക്കുന്ന നയമാണ് കെയർ സ്റ്റാർമർ സർക്കാർ സ്വീകരിച്ചിരിക്കുന്നത്.
പി ആർ ലഭിക്കുന്നതിന് 10 വർഷം യുകെയിൽ സ്ഥിരതാമസക്കുന്നവർക്കു മാത്രമേ സാധിക്കുകയുള്ളൂവെന്ന നിർദ്ദേശം എൻഎച്ച്എസിൽ പുതിയതായി ജോലി ലഭിച്ച മലയാളികളെ പ്രതികൂലമായി ബാധിക്കും. ഫലത്തിൽ എൻഎച്ച്എസിലെ ജോലിയുടെ ആകർഷണതയെ ഇത് പ്രതികൂലമായി ബാധിക്കും. വിദേശ കെയർ വർക്കർ വിസ റൂട്ട് നിർത്തലാക്കാനുള്ള പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചത് വൃദ്ധജന പരിചരണ മേഖലകളെ പ്രതികൂലമായി ബാധിക്കുമെന്ന കടുത്ത വിമർശനം ഉയർന്നു വന്നിട്ടുണ്ട് .
Leave a Reply