ലൈസന്‍സ് ലഭിക്കുന്നതിനു മുമ്പ് ഗതാഗത നിയമങ്ങള്‍ കൃത്യമായി അറിയുകയും അവ പാലിക്കുകയും ചെയ്യുന്ന നാം ലൈസന്‍സ് കയ്യില്‍ കിട്ടുന്നതോടെ അവ മറക്കാറാണ് പതിവ്. ചില സുപ്രധാന കാര്യങ്ങള്‍ പോലും വാഹനവുമായി റോഡിലിറങ്ങാന്‍ ലൈസന്‍സ് കിട്ടിയാല്‍ നാം സൗകര്യപൂര്‍വം മറക്കുന്നു. വാഹനം ഓടിക്കുന്നവര്‍ അവരുടെ ചില ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ഡിവിഎല്‍എയ്ക്ക് വിവരം നല്‍കണമെന്ന കാര്യം എത്രയാളുകള്‍ക്ക് അറിയാം? ആളുകള്‍ക്ക് അത്ര പരിചിതമല്ലാത്ത ചട്ടങ്ങള്‍ വാഹനമോടിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. അവ ലംഘിച്ചാല്‍ 1000 പൗണ്ട് വരെ പിഴയായി ലഭിച്ചേക്കാം. ഈ ആരോഗ്യ പ്രശ്‌നങ്ങള്‍ അപകടങ്ങള്‍ക്ക് കാരണമായതായി കണ്ടെത്തിയാല്‍ പ്രോസിക്യൂഷന്‍ വരെ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്.

വാഹനങ്ങളെ നിയന്ത്രിക്കാന്‍ കഴിയാത്ത വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളാണ് ഇവിടെ വിശദീകരിച്ചിരിക്കുന്നത്. ഉറക്കക്കുറവ് മുതല്‍ കേള്‍വിക്കുറവ് വരെയുള്ള പ്രശ്‌നങ്ങള്‍ ഡിവിഎല്‍എയെ അറിയിക്കേണ്ടതാണെന്ന് ലീസ് കാര്‍ എന്ന മോട്ടോറിംഗ് എക്‌സ്‌പെര്‍ട്ട് പറയുന്നു.

1. Déjà vu

സ്ഥലകാല വിഭ്രമം എന്ന് പറയാവുന്ന ഈ അവസ്ഥ തീര്‍ച്ചയായും ഡ്രൈവിംഗിനെ ബാധിക്കുന്നതാണ്. ആരോഗ്യമുള്ളവര്‍ക്ക് പോലും ചിലപ്പോള്‍ ഈ പ്രശ്‌നമുണ്ടാകാറുണ്ട്. അപസ്മാര രോഗികള്‍ക്കാണ് ഈ അവസ്ഥ മിക്കവാറും ഉണ്ടാകാറുള്ളത്. അപസ്മാരമോ ദേജാ വൂവോ ഉള്ളവര്‍ അത് ഡിവിഎല്‍എയെ അറിയിക്കണമെന്ന് ഗവണ്‍മെന്റ് വെബ്‌സൈറ്റ് നിര്‍ദേശിക്കുന്നു.

2. Labyrinthitsi

ചെവിക്കുള്ളില്‍ ഉണ്ടാകുന്ന അണുബാധയാണ് ഈ രോഗം. ഇതു മൂലം ശ്രവണ നാളത്തില്‍ വീക്കമുണ്ടാകും. കുറച്ച് ദിവസങ്ങളില്‍ ഭേദമാകുന്ന അസുഖമാണെങ്കിലും കടുത്ത തലവേദന, കേള്‍വിക്കുറവ്, തലകറക്കം തുടങ്ങിയവ ഉണ്ടാകാമെന്നതിനാല്‍ ഡ്രൈവിംഗിനെ ബാധിക്കുമെന്നത് തീര്‍ച്ചയാണ്.

3. Sleep Apnoea

ഉറക്കത്തില്‍ കണ്ഠനാളം ചുരുങ്ങുകയും ശ്വസോച്ഛോസത്തെ ബാധിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇത്. സാധാരണ ശ്വസനം തടസപ്പെടുമെന്നതിനാല്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടിയെഴുന്നേല്‍ക്കുകയും ഉറക്കക്കുറവ് ഡ്രൈവിഗിനെയുള്‍പ്പെടെ ദൈനംദിന ജീവിതത്തിലെ ഒട്ടുമിക്ക കാര്യങ്ങളെയും ബാധിക്കുകയും ചെയ്യും.

4. Eating Disorder

ഭക്ഷണത്തോടുള്ള വിരക്തി ഡ്രൈവിംഗിനുള്ള കഴിവിനെ ബാധിക്കാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ക്ഷീണം, മന്ദത തുടങ്ങിയവ മൂലം വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ കുറയാം. അനോറെക്‌സിയ നെര്‍വോസ പോലെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ അത് ഡിവിഎല്‍എയെ അറിയിക്കണമെന്ന് ഗവണ്‍മെന്റ് വെബ്‌സൈറ്റ് പറയുന്നു.

5. Arthritis

സന്ധികളില്‍ കടുത്ത വേദനയും നീരുമുണ്ടാകുന്ന സന്ധിവാത രോഗികള്‍ ഡിവിഎല്‍എയെ ആ വിവരം അറിയിക്കണം. യുകെയില്‍ 10 മില്യന്‍ ആളുകള്‍ ഈ രോഗത്തിന് അടിമകളാണെന്നാണ് കണക്ക്. കൈകാല്‍ മുട്ടുകള്‍, നട്ടെല്ല്, ഇടുപ്പ് തുടങ്ങിയ സന്ധിപ്രദേശങ്ങളിലാണ് സന്ധിവാതത്തിന്റെ നീര് പ്രത്യക്ഷപ്പെടുന്നത്. ഡ്രൈവിംഗ് ഏറ്റവും ബുദ്ധിമുട്ടേറിയതാക്കുന്ന ഒരു രോഗമാണ് ഇത്.