ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലോകത്തിലെ ഏറ്റവും വലിയ കുടിയേറ്റ വിരുദ്ധ ജനതയായി ബ്രിട്ടീഷ് സമൂഹം മാറുകയാണോ? കഴിഞ്ഞദിവസം കെയർ സ്റ്റാർമർ സർക്കാർ പുറത്തിറക്കിയ ധവള പത്രത്തിലെ പല നിർദേശങ്ങളും ഈ അഭിപ്രായത്തെ സാധൂകരിക്കുന്നതാണ്. ഇതിൽ പറയുന്ന നിർദ്ദേശങ്ങൾ അതേപടി നടപ്പിലാക്കി കഴിയുമ്പോൾ കെയർ മേഖല ഉൾപ്പെടെയുള്ള പലയിടങ്ങളിലും കടുത്ത പ്രതിസന്ധി ഉടലെടുക്കാം എന്ന അഭിപ്രായം ഉയർന്നു വന്നു കഴിഞ്ഞു.

ബ്രിട്ടനിലെ മാറിയ രാഷ്ട്രീയ സമവാക്യങ്ങൾ ആണ് കടുത്ത കുടിയേറ്റ നയവുമായി മുന്നോട്ട് വരാൻ പ്രധാനമായും ലേബർ സർക്കാരിനെ പ്രേരിപ്പിച്ചത്. അതിൽതന്നെ പ്രധാനപ്പെട്ട കാര്യം കടുത്ത കുടിയേറ്റ വിരുദ്ധ നയം ഉയർത്തി നാൾക്ക് നാൾ ജനപിന്തുണ ഉയർത്തി മുന്നോട്ട് വരുന്ന റീഫോം യുകെയുടെ അടുത്തയിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയമാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പി ആർ ലഭിക്കുന്നതിനുള്ള കാലാവധി 5 വർഷത്തിൽ നിന്ന് പത്ത് വർഷമാക്കിയത് നിരവധി മലയാളികളെ പ്രതികൂലമായി ബാധിക്കും എന്നാണ് വിലയിരുത്തൽ. കെയർ മേഖലയിലെ ജോലിക്കുള്ള വിസ നിയമങ്ങൾ കർശനമാക്കിയത് പുതിയതായി യുകെയിൽ എത്താൻ ആഗ്രഹിക്കുന്നവർക്ക് തിരിച്ചടിയാണ്. വിദ്യാർത്ഥി വിസയിൽ എത്തിയവർക്കും കാര്യങ്ങൾ ശുഭകരമല്ല. ലക്ഷങ്ങൾ ലോണെടുത്ത് വിദ്യാർത്ഥി വിസയിൽ എത്തി ബ്രിട്ടനിൽ തുടരാമെന്നത് ഇനി സാധിക്കുമെന്ന് തോന്നുന്നില്ല. വിദ്യാർത്ഥി വിസയിൽ എത്തി പി ആർ സമ്പാദിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായതാണ് ഈ വിഭാഗത്തിൽ പെട്ടവർക്കെതിരെ കടുത്ത നിർദേശങ്ങൾ ധവള പത്രത്തിൽ ഉൾപ്പെടുത്താൻ കാരണമായത്. പഠനശേഷം രണ്ട് വർഷം യുകെയിൽ തുടരാൻ അനുവദിച്ചത് ഒന്നര വർഷമാക്കി കുറയ്ക്കാനുള്ള നിർദ്ദേശവും ധവള പത്രത്തിലുണ്ട്.


ഏത് തൊഴിൽ മേഖലയിലേയ്ക്കും ആശ്രിത വിസയിൽ വരുന്നവരുടെ ഇംഗ്ലീഷ് പരിജ്ഞാനം കർശനമാക്കുന്നതിനുള്ള നിർദ്ദേശവും ധവള പത്രത്തിലുണ്ട്. ഭാര്യയ്ക്കോ ഭർത്താവിനോ യുകെയിൽ ജോലി ലഭിച്ചാൽ ആശ്രിത വിസയിൽ വരുന്നവർക്കും ഇനി ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം പരിശോധിക്കാനുള്ള നടപടി നിരവധി പേരെ പ്രതികൂലമായി ബാധിക്കും. വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് കമ്പനികൾ നൽകേണ്ട ഫീസിലും 32 ശതമാനം വരെ വർദ്ധിപ്പിക്കുന്നതിനുള്ള നിർദ്ദേശവും ധവള പത്രത്തിലുണ്ട്. വർക്ക് വിസയ്ക്കുള്ള അടിസ്ഥാന യോഗ്യത ബിരുദമാക്കിയത് ഹോട്ടൽ പോലുള്ള വ്യവസായ സംരഭങ്ങൾ നടത്തുന്നവരെ പ്രതികൂലമായി ബാധിക്കും.