ഒരു കുടുംബത്തിലെ നാലുപേരെ മരിച്ചനിലയില്‍ കണ്ടെത്തി എന്ന വാര്‍ത്ത കേട്ടാണ് 2017 ഏപ്രില്‍ 8-ന് തലസ്ഥാനം ഉണരുന്നത്. മൂന്ന് പേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു ഒരാളുടെ മൃതദേഹം പൊളിത്തീന്‍ കവറിലാക്കി പുതപ്പുകൊണ്ടു പൊതിഞ്ഞ നിലയിലും. നാലുപേരെയും അതിക്രൂരമായി കൊലപ്പെടുത്തിയത് വീട്ടിലെ മൂത്തമകന്‍, കേഡല്‍ ജീന്‍സണ്‍ രാജ. തിരുവനന്തപുരം നന്തന്‍കോട് ക്ലിഫ് ഹൗസിന് സമീപം ബെയിന്‍സ് കോമ്പൗണ്ടിലെ 117-ാം നമ്പര്‍ വീട്ടിലെ താമസക്കാരായ ഡോ. ജീന്‍ പദ്മ,ഭര്‍ത്താവ് റിട്ടയേര്‍ഡ് പ്രൊഫസറുമായ രാജ തങ്കം,മകള്‍ കാരലിന്‍, ബന്ധുവായ ലളിത എന്നിവരാണ് കൊല്ലപ്പെട്ടത്. മൂത്തമകന്‍ കേഡല്‍ ഒളിവിലായിരുന്നു. സംഭവസ്ഥലത്തു നിന്ന് രണ്ടു വെട്ടുകത്തിയും രക്തം പുരണ്ട ഒരു മഴുവും ഒരു കന്നാസ് പെട്രോളും പോലീസ് കണ്ടെത്തി. അതിനൊപ്പം തുണിയും ഇരുമ്പും പ്ലാസ്റ്റിക്കും കൊണ്ടുണ്ടാക്കിയ ഒരു മനുഷ്യരൂപവും.

വീടിന്റെ മുകള്‍നിലയില്‍ നിന്ന് പുകയുയര്‍ന്നതോടെയാണ് അരുംകൊല നാടറിഞ്ഞത്. മൃതദേഹങ്ങള്‍ കണ്ടെത്തുമ്പോള്‍ അവയ്ക്ക് മൂന്ന് ദിവസത്തിലധികം പഴക്കമുണ്ടായിരുന്നു. കൊല്ലപ്പെട്ട ഡോക്ടര്‍ ജീന്‍ പദ്മയുടെ സഹോദരന്‍ ജോസ് ഇവരുടെ വീടിന്റെ തൊട്ടടുത്താണ് താമസം. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കേഡലിന്റെ സ്വഭാവത്തില്‍ ചില മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു എന്ന് ജോസ് പോലീസിനോട് പറഞ്ഞു. വീട്ടുജോലിക്കാരിയോട് അച്ഛനും അമ്മയും സഹോദരിയും വിനോദയാത്രയ്ക്ക് പോകുമെന്നും അതിനാല്‍ വീട്ടില്‍ ഭക്ഷണമുണ്ടാക്കാനായി വരേണ്ടെന്നും കേഡല്‍ പറഞ്ഞേല്‍പ്പിച്ചിരുന്നു.സംഭവം നടക്കുന്ന എട്ടാം തീയതി രാത്രി പത്തരയോടെ ആരോ തന്റെ വീട്ടുവളപ്പില്‍ കടന്നിരുന്നതായും അയാളുടെ കാലില്‍ പൊളളലേറ്റതിന്റെ അടയാളം കണ്ടിരുന്നു എന്നും ജോസ് പോലീസിന് മൊഴി നല്‍കി. പിന്നാലെ പന്ത്രണ്ടരയോടെയാണ് വീടിന് തീപിടിക്കുന്നത് സമീപവാസികള്‍ കാണുന്നതും പോലീസിനെ വിവരമറിയിക്കുന്നതും. ഇതോടെ കൊലപാതകം നടത്തിയ ശേഷം കേഡല്‍ രക്ഷപ്പെട്ടാതാകാമെന്ന് പോലീസ് ഉറപ്പിച്ചു.

കൊലപാതകത്തിന് ശേഷം കേഡല്‍ ചെന്നൈയിലേക്ക് കടന്നിരുന്നു. തിരിച്ച് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെിയപ്പോഴാണ് പോലീസ് പിടികൂടുന്നത്. പിടിയിലായ ശേഷം മാനസികരോഗമുള്ളയാളെ പോലെയായിരുന്നു കേഡലിന്റെ പെരുമാറ്റം. പരസ്പരവിരുദ്ധവും അവിശ്വസനീയവുമായ കാര്യങ്ങള്‍ പറഞ്ഞ് പോലീസിനെ കുഴക്കി. ഒട്ടും കൂസലില്ലാതെ പുഞ്ചിരിച്ചുകൊണ്ടായിരുന്നു കേഡല്‍ പോലീസിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞത്. ശരീരത്തില്‍ നിന്ന് ആത്മാവിനെ വേര്‍പ്പെടുത്തുന്ന ആസ്ട്രല്‍ പ്രൊജക്ഷന്‍ പദ്ധതി താന്‍ പരീക്ഷിക്കുകയായിരുന്നു എന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.
തുടര്‍ന്ന് ചോദ്യംചെയ്യലിന് പോലീസ് സൈക്യാട്രി ഡോക്ടറായ മോഹന്റോയിയുടെ സഹായംതേടി. ഡോക്ടറോട് പ്രതി കുറ്റം സമ്മതിച്ചു. കൊലപാതകസമയത്തും ശേഷവും പ്രതി പെരുമാറിയത് മാനസികാരോഗ്യത്തോടുതന്നെയെന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ചെന്നൈയിലേക്കു കടക്കുമ്പോള്‍ പണം, തിരിച്ചറിയല്‍രേഖകള്‍, വസ്ത്രങ്ങള്‍ തുടങ്ങി രക്ഷപ്പെടുന്നതിനുള്ള സാധനങ്ങളെല്ലാം കൃത്യമായി കൊണ്ടുപോയിരുന്നു.

കൊലപാതകം നടത്തുന്നതിനും തെളിവു നശിപ്പിക്കുന്നതിനും ആസൂത്രിതമായ നീക്കമാണ് പ്രതി നടത്തിയതെന്ന് പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മഴു ഓണ്‍ലൈനിലാണ് വാങ്ങിയത്. യുട്യൂബിലൂടെ കൊലപാതകം നടത്തുന്നവിധം പല ആവര്‍ത്തി കണ്ടുപഠിച്ചു. മനുഷ്യശരീരത്തിന്റെ ഡമ്മിയുണ്ടാക്കി അതിലും പരിശീലിച്ചു. ഇതെല്ലാം അന്വേഷണസംഘത്തിനും പ്രോസിക്യൂഷനും കോടതിയില്‍ തെളിയിക്കാനായി. കൂടാതെ താന്‍കൂടി മരിച്ചുവെന്നുവരുത്താന്‍ ഡമ്മിയും കത്തിക്കാന്‍ ശ്രമിച്ചു. പിന്നീട് കുടുംബത്തോടുള്ള പകയാണ് കൂട്ടക്കൊലയ്ക്ക് തന്നെ പ്രേരിപ്പിച്ചത് എന്ന് കേഡല്‍ പോലീസിനോട് സമ്മതിച്ചു. കേഡലിനു വീട്ടില്‍നിന്നു നേരിടേണ്ടിവന്ന അവഗണനയും പിതാവിന്റെ ഭാഗത്തുനിന്നുണ്ടായിരുന്ന നിരന്തരമായ ശകാരവുമാണ് പ്രതികാരത്തിനു കാരണം.

തിരുവനന്തപുരത്തെ സമ്പന്ന കുടുംബങ്ങളിലൊന്നായിരുന്നു രാജയുടെയും ജീന്‍ പദ്മയുടേതും. വീട്ടിലെല്ലാവര്‍ക്കും ഉയര്‍ന്ന വിദ്യാഭ്യാസമുണ്ടായിരുന്നു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിന്ന് സ്വയം വിരമിക്കലെടുത്ത ഡോ ജീന്‍ ഏതാനും വര്‍ഷം വിദേശത്ത് ജോലി ചെയ്തു. പിന്നീട് ചങ്ങനാശ്ശേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിലും കുറേക്കാലം ജോലി നോക്കി. മാര്‍ത്താണ്ഡം ക്രിസ്ത്യന്‍ കോളേജ് അധ്യാപകനായിരുന്നു രാജ. ഇളയമകള്‍ കരോലിന്‍ ചൈനയില്‍ നിന്ന് എംബിബിഎശ് ബിരുദം പൂര്‍ത്തിയാക്കി നാട്ടില്‍ വന്നതാണ്. പ്ലസ്ടു കഴിഞ്ഞ് കേഡലും വിദേശത്തേക്ക് ഉപരിപഠനത്തിന് പോയി. ആദ്യം ഓസ്‌ട്രേലിയയില്‍ എംബിബിഎസിന് ചേര്‍ത്തു. എന്നാല്‍ ഇത് പൂര്‍ത്തിയാക്കാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് കോഴ്‌സിന് ചേര്‍ന്നു. അതും പകുതി വഴിയില്‍ ഉപേക്ഷിച്ച് തിരിച്ചെത്തി. വീടിന്റെ മുകള്‍ നിലയില്‍ മുഴുവന്‍ സമയവും കമ്പ്യൂട്ടറിലാണ് കേഡല്‍ ചെലവഴിച്ചിരുന്നത്. കൂട്ടുകാരാരും ഉണ്ടായിരുന്നില്ല. തന്നേക്കാളേറെ പരിഗണന വീട്ടില്‍ സഹോദരിക്ക് ലഭിക്കുന്നു എന്ന ചിന്തയും കേഡലിനുണ്ടായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതൊക്കെ പ്രൊഫസറായിരുന്ന അച്ഛന്റെ എതിര്‍പ്പിനു കാരണമായി. ഈ വൈരാഗ്യം അച്ഛനെ വകവരുത്തുന്നതിനുള്ള മാനസികാവസ്ഥയിലേക്ക് എത്തിച്ചെന്നും കേഡല്‍ സമ്മതിച്ചു. ആദ്യം അച്ഛനെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നുവെങ്കിലും പിന്നീട് കുടുംബത്തിലെ എല്ലാവരെയും കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. അമ്മ ഡോ. ജീന്‍ പദ്മത്തെയാണ് കേഡല്‍ ആദ്യം കൊലപ്പെടുത്തിയത്. താന്‍ നിര്‍മിച്ച വീഡിയോ ഗെയിം കാണിക്കാന്‍ എന്ന വ്യാജേന അമ്മയെ മുകളിലത്തെ കിടപ്പുമുറിയില്‍ എത്തിച്ച് കസേരയില്‍ ഇരുത്തിയശേഷം മഴുകൊണ്ട് തലയ്ക്കുപുറകില്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം കിടപ്പുമുറിയില്‍ ഒളിപ്പിച്ചശേഷം ഒന്നും സംഭവിക്കാത്തപോലെ താഴെ എത്തിയ പ്രതി അന്ന് വൈകീട്ടോടെ അച്ഛന്‍ രാജതങ്കത്തെയും സഹോദരി കരോളിനെയും മുകളിലത്തെ നിലയിലെത്തിച്ച് അമ്മയെ കൊന്നപോലെ തലയ്ക്കുപിന്നില്‍ വെട്ടി കൊലപ്പെടുത്തി. ഈ മൃതദേഹങ്ങളും ഒളിപ്പിച്ചു. വീട്ടിലുണ്ടായിരുന്ന ആന്റി ലളിതയും ജോലിക്കാരിയും മറ്റുള്ളവരെപ്പറ്റി കേഡലിനോട് അന്വേഷിച്ചെങ്കിലും അവരെല്ലാം ചേര്‍ന്ന് കന്യാകുമാരിക്ക് ടൂര്‍ പോയി എന്നായിരുന്നു മറുപടി.

അടുത്തദിവസം രാത്രിയാണ് കേഡല്‍ ലളിതയെ കൊലപ്പെടുത്തിയത്. അമ്മ ഫോണില്‍ വിളിക്കുന്നുവെന്ന് കള്ളം പറഞ്ഞ് മുകളിലത്തെ കിടപ്പുമുറിയില്‍ എത്തിച്ചായിരുന്നു കൊല. മറ്റു കൊലകള്‍ക്ക് ഉപയോഗിച്ച അതേ മഴു ഉപയോഗിച്ച് തലയ്ക്കുപിന്നില്‍ വെട്ടി കൊന്നശേഷം മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഒളിപ്പിക്കുകയും ചെയ്തു. അടുത്തദിവസം ജോലിക്കാരി കേഡലിനോട് ലളിതയെക്കുറിച്ച് അന്വേഷിച്ചു. രാത്രി അമ്മയും അച്ഛനും സഹോദരിയും തിരികെ വന്നെന്നും ആന്റിയെക്കൂടി വിളിച്ചുകൊണ്ടു വീണ്ടും ടൂര്‍ പോയിരിക്കുകയാണ് എന്നുമായിരുന്നു മറുപടി. അടുത്ത രണ്ടു ദിവസങ്ങളിലും ഇതേ കള്ളംതന്നെ കേഡല്‍ പറഞ്ഞു. കൊലപാതകവിവരം പുറത്തറിഞ്ഞതുമില്ല.

കൊലകള്‍ നടത്തിയതിന്റെ അടുത്തദിവസം മൃതദേഹങ്ങള്‍ കത്തിക്കാന്‍ ഇയാള്‍ ശ്രമം നടത്തിയിരുന്നു. ഇതിനിടെ ഇയാള്‍ക്ക് നിസ്സാര പൊള്ളലേറ്റു. അടുത്തദിവസം രാത്രി മൃതദേഹങ്ങള്‍ വീണ്ടും കത്തിക്കാന്‍ ശ്രമിച്ചു. തീ ആളിപ്പടരുന്നതുകണ്ട് അയല്‍ക്കാര്‍ അഗ്‌നിശമനസേനയെ വിവരം അറിയിക്കുകയും അവരെത്തി തീ അണയ്ക്കുകയും ചെയ്തു. അതിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തീ നിയന്ത്രണാതീതമായതോടെ കേഡല്‍ ചെന്നൈയിലേക്കുപോയി. ഇവിടെ നിന്ന് തിരിച്ചെത്തുമ്പോഴാണ് പോലീസിന്റെ പിടിയിലാകുന്നത്.

കുടുംബാംഗങ്ങള്‍ തമ്മില്‍ പരസ്പരം ആശയവിനിമയം കുറവായിരുന്നു. പലപ്പോഴും മെസേജുകളിലൂടെയാണ് അവര്‍ പരസ്പരം സംസാരിച്ചിരുന്നത്. ഒരുവീട്ടിലായിട്ടും ആഹാരം കഴിച്ചോ എന്നുപോലും മെസേജുകളിലൂടെയാണ് ചോദിച്ചിരുന്നത്. വീട്ടുകാരോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായി പ്രതി ഡോക്ടറോട് വെളിപ്പെടുത്തിയതെന്നും കേസിലെ പ്രോസിക്യൂട്ടര്‍ ദിലീപ് സത്യന്‍ പറയുന്നു.
കേസില്‍ അറസ്റ്റിലായി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പ്രവേശിപ്പിച്ച കേഡലിന്റെ ജയിലിലെ പെരുമാറ്റവും അടിമുടി വിചിത്രമായിരുന്നു. ജയില്‍വാസത്തിനിടെ കേഡല്‍ സഹതടവുകാരനെ ആക്രമിച്ച സംഭവവുമുണ്ടായി. ഇതോടെ ജയിലിലെ സെല്ലില്‍ ഒറ്റയ്ക്കായിരുന്നു കേഡലിന്റെ വാസം. ഇതിനിടെ, വിചാരണ നേരിടാനുള്ള മാനസികാരോഗ്യമില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തതോടെ കൂട്ടക്കൊലക്കേസിലെ വിചാരണ ആരംഭിക്കാനും ഏറെനാള്‍ വൈകിയിരുന്നു.

ജയിലില്‍ കളിയും ചിരിയുമായി കഴിഞ്ഞിരുന്ന കേഡല്‍ ആദ്യനാളുകളില്‍ ജയില്‍ ജീവനക്കാര്‍ക്കും അത്ഭുതമായിരുന്നു. ആരോഗ്യപ്രശ്നങ്ങളുള്ളപ്പോള്‍ വ്യക്തിശുചിത്വത്തില്‍ ശ്രദ്ധ ചെലുത്താറില്ലെന്നതൊഴിച്ച് മറ്റു പ്രശ്നങ്ങളൊന്നും ജയിലില്‍ ഉണ്ടാക്കിയിരുന്നില്ല. ഇതിനിടെ ശ്വാസകോശത്തില്‍ ഭക്ഷണം കുടുങ്ങി കേഡല്‍ ഗുരുതരാവസ്ഥയിലായി. ഏറെദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിയത്. ജയിലില്‍വെച്ച് താന്‍ മാതാപിതാക്കളുമായി സംസാരിക്കാറുണ്ടെന്നായിരുന്നു കേഡലിന്റെ അവകാശവാദം. പത്തുവര്‍ഷത്തിലേറെ ആസ്ട്രല്‍ പ്രൊജക്ഷനും സാത്താന്‍സേവയും പരിശീലിച്ച തനിക്ക് ആത്മാക്കളുമായി സംസാരിക്കാന്‍ കഴിയുമെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. പലപ്പോഴും കേഡലിന്റെ വിചിത്രമായ അവകാശവാദങ്ങളും പെരുമാറ്റവും ജയില്‍ജീവനക്കാരെ അമ്പരപ്പിച്ചു. പ്രതി മാനസികാരോഗ്യം വീണ്ടെടുത്തതായി മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയതോടെ കഴിഞ്ഞ നവംബറിലാണ് നന്തന്‍കോട് കൂട്ടക്കൊല കേസില്‍ വിചാരണ ആരംഭിച്ചത്. കേസിന്റെ വിചാരണയ്ക്കിടെ കേഡല്‍ കുറ്റം നിഷേധിച്ചിരുന്നു. തനിക്ക് മാനസികപ്രശ്നമുണ്ടെന്നായിരുന്നു ഇയാള്‍ കോടതിയിലും വാദിച്ചത്. സാഹചര്യത്തെളിവുകള്‍ അടിസ്ഥാനമാക്കിയാണ് കേഡല്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.