താമരശ്ശേരിയില്‍ മയക്കുമരുന്ന് ലഹരിയിൽ ഭാര്യയെയും മകളെയും ക്രൂരമായി ആക്രമിച്ച ഭര്‍ത്താവിനെ അറസ്റ്റുചെയ്തു. പനന്തോട്ടത്തില്‍ നൗഷാദിനെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഭര്‍തൃപീഡനം, കൊലപാതകശ്രമം, കുട്ടികള്‍ക്കുനേരെയുള്ള അതിക്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.
ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണ് നൗഷാദ് ഭാര്യയെയും മകളെയും ആക്രമിച്ചത്. മയക്കുമരുന്ന് ലഹരിയില്‍ വീടിനകത്തുവെച്ച് തലയ്ക്കും ദേഹത്തും ക്രൂരമായി മര്‍ദിച്ചശേഷം വെട്ടിക്കൊല്ലുമെന്ന് പറഞ്ഞ് കൊടുവാളുമായി വീടിനു ചുറ്റും ഓടിച്ചെന്നായിരുന്നു നൗഷാദിന്റെ ഭാര്യ നസ്ജയുടെ പരാതി.
അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ എട്ടു വയസ്സുള്ള മകള്‍ക്കും തന്റെ വല്ല്യുമ്മയ്ക്കും പരിക്കേറ്റതായും നസ്ജയുടെ പരാതിയിലുണ്ട്. ഗത്യന്തരമില്ലാതെ വീടുവിട്ടോടിയ ഇവരെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. താമരശ്ശേരി അമ്പായത്തോട് പനംതോട്ടത്തില്‍ നസ്ജയും മക്കളുമാണ് ഭര്‍ത്താവ് നൗഷാദിന്റെ ക്രൂരമായ ആക്രമണങ്ങള്‍ക്ക് ഇരയായത്.
വിവാഹം കഴിഞ്ഞതുമുതല്‍ തുടങ്ങിയ ഉപദ്രവമാണെന്ന് യുവതി പറയുന്നു. കൊല്ലുമെന്ന് പറഞ്ഞ് ക്രൂരമായി മര്‍ദ്ദിച്ചു. കൊടുവാളുകൊണ്ട് വെട്ടാന്‍ വന്നപ്പോഴാണ് ഓടിയത്. രക്ഷപ്പെടാനായിരുന്നില്ല, വണ്ടിയുടെ മുന്നില്‍ ചാടാനാണ് ഓടിയത്. പക്ഷേ, അത് കണ്ടപ്പോള്‍ നാട്ടുകാര്‍ പിടിച്ചുവലിച്ച് കൊണ്ടുപോയി. കല്യാണം കഴിഞ്ഞ അന്ന് തുടങ്ങിയ ഉപദ്രവമാണ്. എല്ലാം ശരിയാകുമെന്ന് കരുതി ക്ഷമിച്ച് നിൽക്കുകയായിരുന്നെന്നും യുവതി കൂട്ടിച്ചേര്‍ത്തു. രാത്രി 10 മണിക്ക് ആരംഭിച്ച മര്‍ദനം രണ്ടു മണിക്കൂറോളം തുടര്‍ന്നതോടെയാണ് നസ്ജ കുഞ്ഞുമായി വീടുവിട്ടോടിയത്.
മകളെ തേനീച്ച കുത്തിയതിനെ തുടര്‍ന്ന് നാലുദിവസമായി യുവതിയും മകളും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഡിസ്ചാര്‍ജ് ചെയ്ത് ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് വീട്ടില്‍ തിരിച്ചെത്തിയത്. തന്റെ വല്യുമ്മയും കൂടെയുണ്ടായിരുന്നതായി യുവതി പറഞ്ഞു. നസ്ജയും മകളും വല്ല്യുമ്മ സുബൈദയും താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. നൗഷാദ് ലഹരിക്കടിമയാണെന്നും വീട്ടില്‍ നിരന്തരം പ്രശ്ങ്ങള്‍ ഉണ്ടാക്കുന്ന ആളാണെന്നും നാട്ടുകാര്‍ പറഞ്ഞു.
Leave a Reply