ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായി ലിയോ പതിനാലാമൻ മാർപാപ്പ ചുമതലയേറ്റു. സെന്റ് പീറ്റേഴ്സ് ബസലിക്കയിലാണ് ചടങ്ങുകൾ നടന്നത്. കുർബാനമധ്യേ വലിയ ഇടയന്റെ വസ്ത്രവും (പാലിയം) സ്ഥാന മോതിരവും ഏറ്റുവാങ്ങി വിശുദ്ധ പത്രോസിന്റെ പിൻഗാമിയായി മാർപാപ്പ സഭയുടെ സാരഥ്യം ഏറ്റെടുത്തു. വിശുദ്ധ കുർബാനക്കിടയിൽ ലത്തീൻ, ഗ്രീക്ക് ഭാഷകളിലെ സുവിശേഷ പാരായണത്തിന് ശേഷമായിരുന്നു പാലിയവും മോതിരവും മാർപാപ്പ സ്വീകരിച്ചത്.
വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള മെത്രാൻ, വൈദികൻ, ഡീക്കൻ തുടങ്ങി വ്യത്യസ്ത പദവികളിലുള്ള മൂന്ന് കർദിനാൾമാരാണ് ഈ ചടങ്ങ് നിർവഹിച്ചത്. ഡീക്കൻ കർദിനാളാണ് മാർപാപ്പയെ പാലിയം അണിയിച്ചത്. തുടർന്ന് മാർപാപ്പായുടെ മേൽ കർത്താവിന്റെ സാന്നിധ്യവും സഹായവും ഉണ്ടാകുവാനായി വൈദിക കർദിനാൾ പ്രത്യേക പ്രാർഥന ചൊല്ലുകയും ദൈവത്തിന്റെ അനുഗ്രഹത്തിനായി പ്രാർഥിക്കുകയും ചെയ്തു. തുടർന്നായിരുന്നു മെത്രാൻ കർദിനാളിൽ നിന്ന് മാർപാപ്പ മോതിരം സ്വീകരിച്ചത്.
മോതിരവും പാലിയവും സ്വീകരിച്ച ലിയോ പതിനാലാമൻ വിശ്വാസികളെ ആശീർവദിച്ചു. തുടർന്ന് ലോകത്തിലെ മുഴുവൻ വിശ്വാസികളെയും പ്രതിധാനം ചെയ്ത് വിവിധ രാജ്യങ്ങളിൽ നിന്നുള്ള 12 പേർ മാർപാപ്പയോടുള്ള വിധേയത്വം പ്രതീകാത്മകമായി പ്രഖ്യാപിച്ചു. ശേഷം മാർപാപ്പ സുവിശേഷ സന്ദേശം നൽകുകയും വിശുദ്ധ കുർബാന തുടരുകയും ചെയ്തു.
തന്റെ മിടുക്ക് കൊണ്ടല്ല മാർപാപ്പ ആയതെന്ന് സ്ഥാനാരോഹണ ചടങ്ങിനിടെ പാപ്പ പറഞ്ഞു. ദൈവസ്നേഹത്തിന്റെ വഴിയിൽ നിങ്ങൾക്കൊപ്പം നടക്കാൻ ആഗ്രഹിക്കുന്നുവെന്നും സ്നേഹവും ഐക്യവും പ്രധാനമാണെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.
രാജ്യസഭാ ഉപാധ്യക്ഷന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘവും വത്തിക്കാനിലെത്തിയിരുന്നു. അമേരിക്കയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും പങ്കെടുത്തു. മാർപാപ്പയുടെ ജന്മനാടായ അമേരിക്കയിൽ നിന്നും കർമ മണ്ഡലമായിരുന്ന പെറുവിൽ നിന്നും ആയിരക്കണക്കിന് വിശ്വാസികളാണ് വത്തിക്കാനിലെത്തിയിട്ടുള്ളത്.
Leave a Reply