തൊമ്മന്‍കുത്ത് നാരങ്ങാനത്ത് സ്ഥാപിച്ചിരുന്ന കുരിശ് പിഴുതു മാറ്റാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കാണിച്ച അമിതാവേശം അവര്‍ക്ക് തന്നെ തിരിച്ചടിയാകുന്നു. തൊമ്മന്‍കുത്ത് സെന്റ് തോമസ് ഇടവക നാരങ്ങാനത്തെ കൈവശ ഭൂമിയില്‍ സ്ഥാപിച്ച കുരിശാണ് ഒരു മാസം മുന്‍പ് വനം വകുപ്പധികൃതര്‍ പിഴുതു മാറ്റിയത്.
കൈവശ ഭൂമിയിലുള്ള കുരിശ് തകര്‍ത്ത സംഭവത്തില്‍ ഇടവക വിശ്വാസികള്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. കുരിശ് പിഴുത വനം വകുപ്പിന്റെ നടപടിക്കെതിരേ നാട്ടുകാരും രാഷ്ട്രീയകക്ഷി നേതാക്കളും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ജില്ലാ കളക്ടറോട് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ തൊടുപുഴ തഹസില്‍ദാര്‍ ഒ.എസ്.ജയകുമാര്‍ നടത്തിയ അന്വേഷണത്തില്‍ കുരിശ് നിന്ന സ്ഥലം ജണ്ടയ്ക്ക് പുറത്താണെന്നും ഇത് ജനവാസ മേഖലയാണെന്നും കണ്ടെത്തി. വണ്ണപ്പുറം വില്ലേജിലെ 4,005 ഏക്കര്‍ വനഭൂമിയാണെന്ന് വില്ലേജ് ഓഫീസര്‍ നേരത്തേ നല്‍കിയ റിപ്പോര്‍ട്ട് തള്ളിക്കളയുന്നതാണ് തഹസില്‍ദാറുടെ നിജസ്ഥിതി റിപ്പോര്‍ട്ട്.
പിന്നീട് കഴിഞ്ഞ ദിവസം കളക്ടറേറ്റില്‍ ചേര്‍ന്ന ഹിയറിങിലും തഹസില്‍ദാര്‍ തര്‍ക്ക സ്ഥലത്തിന്റെ നിജസ്ഥിതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ കുരിശ് നിന്ന പ്രദേശം വനഭൂമിയാണെന്ന വാദം വനം വകുപ്പധികൃതര്‍ വീണ്ടും ആവര്‍ത്തിച്ചതിനാല്‍ റവന്യു, വനം വകുപ്പുകളുടെ നേതൃത്വത്തില്‍ തര്‍ക്ക സ്ഥലത്ത് സംയുക്ത പരിശോധന നടത്താന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.എം ജോസുകുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. തുടര്‍ന്ന് കളക്ടര്‍ക്ക് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
Leave a Reply