കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ അകലെ(74കിലോമീറ്റർ) അറബിക്കടലിൽ ചരക്കുകപ്പൽ ചെരിഞ്ഞ് രാസവസ്തുക്കൾ നിറച്ച കണ്ടെയ്‌നറുകൾ കടലിൽവീണു. അപകടകരമായ സൾഫർ ഫ്യുവൽ ഓയിലും മറൈൻ ഗ്യാസ് ഓയിലും നിറച്ച കണ്ടെയ്‌നറുകളാണ് കടലിൽവീണത്.
അപകടത്തിൽപ്പെട്ട ലൈബീരിയൻ പതാകയുള്ള കപ്പലിന് അടുത്തുണ്ടായിരുന്ന മർച്ചന്റ് നേവി കപ്പലിലേക്ക് 9 പേർ രക്ഷപ്പെട്ടു. 12 പേരെ നാവികസേനയുടെയും കോസ്റ്റ്ഗാർഡിന്റെയും കപ്പലുകൾ രക്ഷപ്പെടുത്തി. ചെരിഞ്ഞ കപ്പൽ കൂടുതൽ അപകടങ്ങളിലേക്കു പോകാതെ നിയന്ത്രിക്കാൻ മൂന്ന് ജീവനക്കാർ കപ്പലിൽത്തന്നെ തുടരുകയാണ്. ഇവരെ ഏതു സമയത്തും രക്ഷപ്പെടുത്താൻ സ്ഥിതിഗതികൾ നിരീക്ഷിച്ച് അതി ജാഗ്രതയോടെ ഇന്ത്യൻ കപ്പലുകൾ സമീപത്തുണ്ട്.
ബുധനാഴ്ച ഉച്ചയ്ക്കാണ് മെഡിറ്ററേനിയിൽ ഷിപ്പിങ് കമ്പനിയുടെ എംഎസ്‌സി എൽസാ-3 എന്ന ഫീഡർ കണ്ടെയ്‌നർ കപ്പൽ തൂത്തുക്കുടിയിൽനിന്ന് വിഴിഞ്ഞത്തെത്തിയത്. വെള്ളിയാഴ്ച രാത്രി 7.30-ന് കൊച്ചിയിലേക്ക് തിരിച്ചു. ശനിയാഴ്ച ഒന്നരയോടെ കപ്പലിൽനിന്ന് അടിയന്തര സഹായം അഭ്യർഥിച്ച് നാവികസേനയ്ക്കും കോസ്റ്റ്ഗാർഡിനും സന്ദേശമെത്തുകയായിരുന്നു. വലതുഭാഗത്തുനിന്ന് എട്ട് കണ്ടെയ്‌നറുകൾ കടലിലേക്ക് വീണെന്നാണ് വിവരം.
റഷ്യക്കാരനായ ക്യാപ്റ്റൻ ഇവാനോവ് അലക്സാണ്ടറും 20 ഫിലിപ്പീൻസുകാരും രണ്ട് യുക്രൈൻ സ്വദേശികളും ഒരു ജോർജിയൻ സ്വദേശിയുമാണ് കപ്പലിലുണ്ടായിരുന്നത്. കൊച്ചിയിൽനിന്ന് ന്യൂ മംഗളൂരുവിലേക്കാണ് പോവേണ്ടിയിരുന്നത്.
ഇന്ത്യൻ നാവികസേനാ കപ്പലായ ഐഎൻഎസ് സുജാതയും കോസ്റ്റ്ഗാർഡ് കപ്പലുകളായ ഐസിജി അരൺവേശും ഐസിജി സക്ഷമുമാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. കപ്പലുകളിലേക്ക് മാറ്റിയവർക്ക് പ്രാഥമിക ശുശ്രൂഷകൾ നൽകിയെന്നും എല്ലാവരും സുരക്ഷിതരാണെന്നും നാവികസേനാ അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനത്തിനായി ഡോണിയർ വിമാനങ്ങളും നാവികസേന സജ്ജമാക്കിയിരുന്നു.
Leave a Reply