സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 430-ല്‍ എത്തി. കഴിഞ്ഞ തിങ്കളാഴ്ച 335 രോഗികളാണുണ്ടായിരുന്നത്. ഒരാഴ്ചയ്ക്കിടെ രണ്ട് കോവിഡ് മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോട്ടയം, തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, തൃശ്ശൂര്‍ ജില്ലകളിലാണ് രോഗബാധിതരേറെയും. കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് കഴിഞ്ഞയാഴ്ച കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്.
രാജ്യത്ത് ഏറ്റവുംകൂടുതല്‍ കോവിഡ് ബാധിതരുള്ളത് കേരളത്തിലാണ്. മഹാരാഷ്ട്ര (209), ഡല്‍ഹി (104), ഗുജറാത്ത് (83), തമിഴ്നാട് (69), കര്‍ണാടക (47) എന്നിവിടങ്ങളിലും കോവിഡ് പടരുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നുണ്ട്.
ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ രോഗം പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ജില്ലകളില്‍ ഏതെങ്കിലും മേഖലകളില്‍ രോഗപ്പകര്‍ച്ചയുണ്ടോയെന്ന് നിരീക്ഷിച്ച് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
വൈറസിന് വകഭേദം വന്നിട്ടുണ്ടോ എന്നറിയാനുള്ള സാംപിള്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്. 18 വയസ്സിനുമുകളിലുള്ളവരിലേറെയും പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളതിനാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.
ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.
പ്രായമായവരും ഗര്‍ഭിണികളും, ഗുരുതര രോഗമുള്ളവരും പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണ്. ആരോഗ്യപ്രവര്‍ത്തകര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. അനാവശ്യ ആശുപത്രിസന്ദര്‍ശനം ഒഴിവാക്കണം. ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കൈകഴുകണമെന്നും ആരോഗ്യവകുപ്പ് ശുപാര്‍ശചെയ്യുന്നു.
Leave a Reply