ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ ബിരുദാനന്തര (ലെവൽ 7) അപ്രന്റീസ്ഷിപ്പുകൾക്കുള്ള ധനസഹായം നിർത്തലാക്കാനുള്ള പദ്ധതികൾ സർക്കാർ സ്ഥിരീകരിച്ചു. ഇതോടെ 21 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികൾക്ക് സർക്കാർ നൽകുന്ന സാമ്പത്തിക സഹായം പരിമിതപ്പെടും. അതായത് ബിരുദാനന്തര ബിരുദത്തിന് തുല്യമായ അപ്രന്റീസ്ഷിപ്പുകൾക്ക് ഇനി തൊഴിലുടമകൾ പൂർണ്ണ ധനസഹായം നൽകേണ്ടതായി വരും. 21 വയസ്സിന് താഴെയുള്ളവർക്ക് കൂടുതൽ പരിശീലന അവസരങ്ങൾ നൽകുമെന്ന് സർക്കാർ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും സർക്കാരിൻെറ ഭാഗത്ത് നിന്നുള്ള ഈ നടപടി നിരവധി വിമർശനങ്ങൾ ഇപ്പോൾ നേരിടുന്നുണ്ട്.
നേരത്തെ ഇത്തരത്തിലുള്ള നടപടി വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് കൺസർവേറ്റീവ് പാർട്ടി തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. എൻ എച്ച് എസ് പോലുള്ള മേഖലകളിലെ നൂതന പരിശീലനത്തെ ദുർബലപ്പെടുത്തും എന്നും അവർ പറഞ്ഞിരുന്നു. ഇംഗ്ലണ്ടിൽ 16 വയസ്സും അതിൽ കൂടുതലുമുള്ളവർക്ക് അപ്രന്റീസ്ഷിപ്പുകൾ ലഭ്യമാണ്. ജോലിയിലെ പ്രായോഗിക പരിശീലനവും പഠനവും ഇതിൽ ഉൾപ്പെടുന്നു. ലെവൽ അനുസരിച്ച് ഇവ പൂർത്തിയാക്കാൻ ഒന്ന് മുതൽ അഞ്ച് വർഷം വരെ എടുക്കും.
ലെവൽ 2 അപ്രന്റീസ്ഷിപ്പുകൾ ജിസിഎസ്ഇകൾക്ക് തുല്യമാണ്. അതേസമയം ലെവൽ 6,7 ബാച്ചിലേഴ്സ് അല്ലെങ്കിൽ മാസ്റ്റേഴ്സ് ബിരുദത്തിന് തുല്യമായി കണക്കാക്കുന്നു. നൈപുണ്യ വികസന തന്ത്രത്തിന്റെ ഭാഗമായി, യുവജനങ്ങൾക്കും വീണ്ടും പരിശീലനം ആവശ്യമുള്ളവർക്കും 120,000 പുതിയ പരിശീലന അവസരങ്ങൾ സൃഷ്ടിക്കാൻ സർക്കാർ ലക്ഷ്യമിടുന്നുണ്ട്. ബിരുദാനന്തര ബിരുദങ്ങൾ അല്ലെങ്കിൽ ബിരുദാനന്തര ബിരുദങ്ങൾക്ക് തുല്യമായ ലെവൽ 7 അപ്രന്റീസ്ഷിപ്പുകൾക്കുള്ള ധനസഹായം പിൻവലിക്കാൻ സർക്കാർ പദ്ധതിയിടുന്നതിനാൽ ഈ പ്രഖ്യാപനം വലിയ ആഘാതം ആയിരിക്കും ഉണ്ടാക്കുക. അക്കൗണ്ടന്റുമാർ, ടാക്സ് അഡ്വൈസർമാർ, സോളിസിറ്റർമാർ എന്നിവരുൾപ്പെടെ വിവിധ റോളുകളിൽ പരിശീലനം നേടുന്ന ആളുകളാണ് ഈ ലെവൽ 7 അപ്രന്റീസ്ഷിപ്പുകൾ ഉപയോഗിക്കുന്നത്.
Leave a Reply