ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കുതിച്ചുയരുന്ന പണപെരുപ്പത്തെ നേരിടാൻ വീണ്ടും പലിശ നിരക്ക് ഉയർത്തേണ്ടി വന്നേക്കാമെന്ന് യുഎസ് ഫെഡറൽ ഗവർണർ ക്രിസ്റ്റഫർ വാലർ മുന്നറിയിപ്പ് നൽകി. പലിശ നിരക്ക് വീണ്ടും 0 . 75 ശതമാനം ഉയരാനുള്ള സാധ്യതയാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. നിലവിൽ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പണപെരുപ്പത്തെയാണ് രാജ്യം അഭിമുഖീകരിക്കുന്നത്.

കുതിച്ചുയരുന്ന പണപെരുപ്പ് നിരക്കിനെ പിടിച്ചുനിർത്താൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് നേരത്തെ ഉയർത്തിയിരുന്നു . അടിസ്ഥാനപലിശനിരക്ക് 1.25 ശതമാനത്തിൽ നിന്ന് 1.75 ശതമാനമായാണ് ഉയർത്തിയത്. 1995 – ന് ശേഷം ഒറ്റയടിക്ക് ഏർപ്പെടുത്തിയ ഏറ്റവും കൂടിയ പലിശ നിരക്ക് വർദ്ധനയാണ് ഇത്. സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് ബ്രിട്ടൻ നീങ്ങുകയാണെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നൽകി. ഗ്യാസ് വില കുതിച്ച് ഉയരുന്നതിനാൽ പണപ്പെരുപ്പം 13 ശതമാനത്തിലധികം ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് ഈ ശൈത്യകാലത്ത് ഗ്യാസ് വില 50 ശതമാനത്തോളം ഉയരുന്നത് സാധാരണ കുടുംബങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന റിപോർട്ടുകൾ പുറത്തുവന്നിരുന്നു .