ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇരുരാജ്യങ്ങളില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു. ഇറാനില്‍ നിന്ന് നൂറ് പേര്‍ അടങ്ങുന്ന ഇന്ത്യന്‍ സംഘം അര്‍മേനിയ വഴി അതിര്‍ത്തി കടന്നു. വിദ്യാര്‍ഥികളുടെ ഒഴിപ്പിക്കലില്‍ സര്‍വകലാശാലകളുടെ പിന്തുണയും ഇന്ത്യ തേടിയിട്ടുണ്ട്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ ഇറാന്‍, ഇസ്രയേല്‍ വിദേശകാര്യ മന്ത്രിമാരുമായി ആശയവിനിമയം നടത്തിയിരുന്നു.

ഇറാനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായ യാത്ര ഒരുക്കണമെന്ന് ഇന്ത്യ ഇറാനോട് ആവശ്യപ്പെട്ടിരുന്നു. ഇറാന്‍ വ്യോമാതിര്‍ത്തി അടച്ചിട്ടിരിക്കുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് കരമാര്‍ഗത്തിലൂടെ അസര്‍ബൈജാന്‍, തുര്‍ക്ക്മെനിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലേക്ക് കടക്കാമെന്ന് ഇറാന്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ ഉണ്ടായ ആക്രമണത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിരുന്നു.

ഇസ്രയേലിലെ ടെല്‍ അവീവില്‍ നിന്നുള്ള ഇന്ത്യക്കാരെ ജോര്‍ദാന്‍, ഈജിപ്ത് അതിര്‍ത്തി വഴി എത്തിക്കാനാണ് ശ്രമം. 25,000 പേരെയെങ്കിലും ഒഴിപ്പിക്കേണ്ടി വരുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ഇന്ത്യക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. ഇസ്രയേലിലെ വ്യോമപാത അടച്ച പശ്ചാത്തലത്തിലാണ് ജോര്‍ദാന്‍, ഈജിപ്ത് അതിര്‍ത്തികള്‍ വഴി ഇന്ത്യക്കാരെ ഒഴുപ്പിക്കാനുള്ള നീക്കം ആരംഭിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം അയവില്ലാതെ തുടരുകയാണ്. ടെഹ്‌റാന്‍ നഗരത്തില്‍ നിന്നും ഒഴിഞ്ഞ് പോകണമെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ വന്‍ വ്യോമാക്രമണം ആണ് ഇസ്രയേല്‍ ഇറാന് നേരെ നടത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടതായും 100 ലേറെ പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

ടെഹ്റാനിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ഇസ്രയേല്‍ ആക്രമണം ഉണ്ടായതെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെഹ്റാനിലെ വിവിധ ഇടങ്ങളില്‍ നിന്നും സ്ഫോടന ശബ്ദങ്ങള്‍ ഉയര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തലസ്ഥാന നഗരത്തില്‍ കിഴക്ക്, പടിഞ്ഞാറ് മേഖലകളിലാണ് സ്ഫോടനങ്ങള്‍ ഉണ്ടായത്. ആക്രമണത്തിന് പിന്നാലെ ടെഹ്‌റാനിലെ സ്വിസ് എംബസി അടച്ചു.