ഷാജി വർഗീസ് മാമൂട്ടിൽ
ആൾഡർഷോട്ട്: നമ്മുടെ സ്വന്തം ആൾഡർഷോട്ട് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച നടന്ന ഏകദിന ക്രിക്കറ്റ് ടൂർണമെൻ്റിൽ, ആവേശം വാനോളമുയർത്തി എൻഎസ്‌എ സൂപ്പർ കിങ്സ് രണ്ടാം തവണയും കിരീടമുയർത്തി.
യുകെയുടെ വിവിധ സ്ഥലങ്ങളിൽ നിന്നും വന്ന ഒൻപത് ടീമുകൾ ഈ വർഷത്തെ ടൂർണമെൻ്റിൽ മാറ്റുരച്ചു. ആവേശകരമായ ഫൈനൽ മത്സരത്തിൽ റെഡ് ബാക്‌സ് ഈസ്റ്റ്ഹാമിനെതിരെയാണ് സൂപ്പർ കിങ്സ് അത്യുജ്ജ്വലമായ വിജയം നേടിയത്.
ശനിയാഴ്ച രാവിലെ മുതൽ ആൾഡർഷോട്ട് ക്രിക്കറ്റ് ക്ലബ്ബിൻ്റെ മൈതാനത്ത് ആരംഭിച്ച ടൂർണമെൻ്റിൽ ഇ.സി. ബോയ്സ് ക്രോയ്ഡൺ, ഗിൽഫോർഡ് കേരള സ്പോർട്സ് ക്ലബ്, കേരള റോയൽസ്, മിക്സ് ബോയ്സ് ഹെസെൽമെർ, എൻഎസ്‌എ ചിയേർസ് XI ആൾഡർഷോട്ട്, റെഡ്ബാക്‌സ് ഈസ്റ്റ്ഹാം, റോയൽ സ്ട്രൈക്കേഴ്സ്, സറി സൂപ്പർസ്റ്റാർസ് എന്നീ ടീമുകൾ പങ്കെടുത്തു. ടീമുകൾക്ക് പ്രോത്സാഹനവുമായി ധാരാളം മലയാളികൾ എത്തിയത് മത്സരാവേശം വാനോളമുയർത്തി.
ലീഗ് റൗണ്ടിലെ മത്സരത്തിൽ വളരെ ഉയർന്ന റൺ സ്കോർ ചെയ്ത സൂപ്പർ കിംഗ്സ്, മികച്ച റൺറേറ്റിൻ്റെ പിൻബലത്തിൽ നേരിട്ട് ഫൈനലിലേക്ക് പ്രവേശിച്ചു. അത്യന്തം ആവേശവും ആകാംക്ഷയും നിറഞ്ഞ ഫൈനൽ മത്സരത്തിൽ ഇരു ടീമുകളും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും, സൂപ്പർ കിംഗ്സിൻ്റെ ക്യാപ്റ്റൻ നിജിൽ ജോസ്, ജിബിൻ രാജേന്ദ്രൻ എന്നിവരുടെ ഉജ്ജ്വല ഇന്നിംഗ്സിൻ്റെ മികവിൽ കപ്പിൽ മുത്തമിട്ടു.
ഗിൽഫോർഡ് കേരള സ്പോർട്സ് ക്ലബ് മൂന്നാം സ്ഥാനക്കാർക്കുള്ള ട്രോഫിയും, റെഡ്ബാക്സ് ഈസ്റ്റ്ഹാം റണ്ണേഴ്‌സിനുള്ള ട്രോഫിയും ക്യാഷ് അവാർഡും കരസ്ഥമാക്കി. വിജയികൾക്കുള്ള ക്യാഷ് അവാർഡും ട്രോഫിയും NSA സൂപ്പർ കിങ്സിനുവേണ്ടി ക്യാപ്റ്റൻ നിജിൽ ജോസ് ഏറ്റുവാങ്ങി. ജെസ്സൻ ജോൺ (മികച്ച ബാറ്റ്സ്മാൻ, കേരള റോയൽസ്), ഹർപ്രീത് സിങ് (മികച്ച ബൗളർ, മോസ്റ് വാല്യൂബൾ പ്ലേയർ, റെഡ്ബാക്സ്) ജിബിൻ രാജേന്ദ്രൻ (മാൻ ഓഫ് ദി മാച്ച്, എൻഎസ്‌എ സൂപ്പർ കിംഗ്സ്) എന്നിവർ വ്യക്തിഗത പുരസ്കാരങ്ങൾ നേടി.
കളിക്കാർക്ക് ആവേശം പകർന്ന് നൽകി ടൂർണമെൻ്റിൻ്റെ സ്പോൺസർമാരായ ഐക്കൺ മോർട്ട്ഗേജ് അസോസിയേറ്റ്സ്, യൂറോ മെഡിസിറ്റി, ഇന്ത്യൻ ടേസ്റ്റ്, ബെഡ്‌സ് ആൻഡ് ഫർണിച്ചർ എന്നിവയുടെ സാരഥികളുടെ സാന്നിധ്യം ശ്രദ്ധേയമായി. മത്സരത്തോട് അനുബന്ധിച്ച് നടന്ന സ്വർണനാണയ നറുക്കെടുപ്പ്, തട്ടുകട, ബർബെക്യു, എന്നിവയും ഉത്സവ പ്രതീതിയുണർത്തി. കൂടുതൽ ടീമുകളെ പങ്കെടുപ്പിച്ച് അടുത്ത സീസണിലും ടൂർണമെൻ്റ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Leave a Reply