ന്യൂസ് ഡെസ്ക്, മലയാളം യുകെ
ക്ഷേമ പദ്ധതികളിൽ വെട്ടി കുറവിന് അനുമതി തേടിയുള്ള നിയമനിർമ്മാണം ബ്രിട്ടീഷ് പാർലമെൻറ് പാസാക്കി. വിമത ശല്യം നേരിടുന്ന കെയർ സ്റ്റാർമർ ഒന്നാം വാർഷികം പൂർത്തിയാക്കാൻ രണ്ട് നാൾ കൂടി മാത്രം ഉള്ളപ്പോൾ കടുത്ത അഗ്നി പരീക്ഷയെ ആണ് നേരിട്ടത്. വെൽഫെയർ ബിൽ പാർലമെൻറിൽ പാസാക്കാൻ മുൻ തീരുമാനങ്ങളിൽ നിന്ന് ഒട്ടേറെ മാറ്റങ്ങൾ സർക്കാരിന് വരുത്തേണ്ടതായി വന്നു.
പതിനൊന്നാം മണിക്കൂറിൽ സർക്കാർ വരുത്തിയ മാറ്റങ്ങൾ വിമതരുടെ വിജയമായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. പരാജയം ഒഴിവാക്കാൻ യൂണിവേഴ്സൽ ക്രെഡിറ്റിൽ നടപ്പാക്കാനിരുന്ന വെട്ടി കുറവുകൾ സർക്കാർ പിൻവലിച്ചു. ഇതുകൂടാതെ പേഴ്സണൽ ഇൻഡിപെൻഡൻ്റ പെയ്മെൻറ് (പി ഐ പി ) ൽ അർഹരെ കണ്ടെത്താനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ കർശനമാക്കുന്നതിൽ നിന്നും സർക്കാർ പിന്നോക്കം പോയി. വെൽഫെയർ ബിൽ 75 വോട്ടുകൾക്ക് ആണ് സർക്കാർ പാസാക്കിയത്. ബിൽ പാസായ സാഹചര്യത്തിലും വിമതപക്ഷത്തിന് തന്ത്രപ്രധാനമായ വിജയം അവകാശപ്പെടാനാകും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സർക്കാരിൻറെ രണ്ടാം വാർഷികത്തിന് മുൻപ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ സ്ഥാനമൊഴിയേണ്ടി വരുമെന്നാണ് പാർട്ടിയിലെ അടക്കം പറച്ചിൽ. വൻഭൂരിപക്ഷത്തിൽ അധികാരമേറ്റ ലേബർ പാർട്ടി സർക്കാരിൻ്റെ പല നടപടികളും കടുത്ത തൊഴിലാളി വിരുദ്ധ മനോഭാവത്തിലാണെന്ന വിമർശനം ശക്തമാണ്. 70,000 പൗണ്ടോ അതില്‍ കൂടുതലോ വരുമാനമുള്ളവര്‍ ലേബര്‍ പാര്‍ട്ടിയെ പിന്തുണയ്ക്കുമ്പോള്‍, പ്രതിവര്‍ഷം 20,000 പൗണ്ടോ അതില്‍ കുറവോ വരുമാനമുള്ളവര്‍ ലേബര്‍ പാര്‍ട്ടിയെ കൈവിട്ട് റിഫോം യുകെയിലേക്ക് പോകുന്നതായി അടുത്തിടെ നടത്തിയ പഠനം വെളിപ്പെടുത്തിയിരുന്നു. എൻഎച്ച്എസ്സിന്റെ പരിതാപകരമായ അവസ്ഥ, ജീവിത ചിലവ് വർദ്ധനവ്, പൊതു വേതനവും കാര്യക്ഷമതയില്ലായ്മയും തുടങ്ങി വിവിധ കാരണങ്ങളാൽ ജനങ്ങൾ ലേബർ പാർട്ടിയിൽ നിന്ന് അകലുന്നതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. വിവാദപരമായ പല ബില്ലുകളും സഭയിൽ പാസാക്കുന്നതിനായി എംപിമാരെ വിളിച്ച് സഹായം അഭ്യർത്ഥിക്കുന്ന സ്ഥിതിയിലാണ് പ്രധാനമന്ത്രിയെ അനുകൂലിക്കുന്നവർ.
Leave a Reply