നാളികേരവും വെളിച്ചെണ്ണയും വിലയിൽ തിളങ്ങിയിട്ടും അതിന്റെ ഗുണം കർഷകർക്ക് ലഭിക്കുന്നില്ല. പൊതിച്ച നാളികേരത്തിന് കിലോഗ്രാമിന് 80 രൂപയാണ് ചില്ലറവിൽപ്പനവില. കർഷകർ വിൽപ്പനകേന്ദ്രത്തിൽ എത്തിച്ചുകൊടുത്താൽ 65 രൂപവരെ കിട്ടും. തെങ്ങിൻതോപ്പുകളിൽ വന്ന് കച്ചവടക്കാർ മൊത്തമായി നാളികേരം വാങ്ങിക്കൊണ്ടുപോകുമ്പോൾ വിപണിയിലെ ഉയർന്ന വിലയുടെ ആനുകൂല്യം കർഷകർക്ക് ലഭിക്കുന്നില്ല. പച്ചത്തേങ്ങയ്ക്ക് എണ്ണം കണക്കിൽ 35 രൂപവരെയേ കിട്ടുന്നുള്ളൂ. വലിപ്പം കുറഞ്ഞ തേങ്ങയാണെങ്കിൽ രണ്ടെണ്ണം ചേർത്താണ് ഒന്നായി കണക്കാക്കുക. തേങ്ങയിടാനും പൊതിക്കാനും കടകളിൽ എത്തിക്കാനുമുള്ള സൗകര്യക്കുറവാണ് ഈ ചൂഷണത്തിന് നിന്നുകൊടുക്കാൻ കർഷകരെ നിർബന്ധിതരാക്കുന്നത്. തോപ്പിന് മുൻകൂറായി പണം നൽകിയാണ് കച്ചവടക്കാർ കർഷകരെ വരുതിയിൽ നിർത്തുന്നത്.
രണ്ടുവർഷങ്ങളിലെ ഉണക്കുമൂലം നാളികേരോത്‌പാദനം കുറവാണ്. ഇതുമൂലം 45 ദിവസത്തിലൊരിക്കൽ വിളവെടുത്തിരുന്നത് ഇപ്പോൾ രണ്ടുമാസംവരെ ആകുന്നുണ്ട്. അമ്പത് തെങ്ങിൽനിന്ന് 1000 കിലോഗ്രാം വരെ തേങ്ങ ലഭിച്ചിരുന്നത് 500 കിലോയായി കുറഞ്ഞതായി എരിമയൂരിലെ കർഷകനായ അബൂബക്കർ സിദ്ദിഖ് പറഞ്ഞു. മണ്ഡരി, കൂമ്പുചീയൽ, വെള്ളീച്ച, മഞ്ഞളിപ്പ്, തെങ്ങോലയിൽ ഫംഗസ് ബാധമൂലമുള്ള ഹരിതകം നഷ്ടപ്പെടൽ തുടങ്ങിയ പ്രശ്നങ്ങളും ഉത്‌പാദനക്കുറവിന് കാരണമായി.
കൊപ്രയ്ക്ക് 250 രൂപവരെ വിലയുണ്ടെങ്കിലും ഉത്‌പാദനം തീരെയില്ലെന്ന് വ്യാപാരികൾ പറഞ്ഞു. വെളിച്ചെണ്ണവില കിലോഗ്രാമിന് നാനൂറ് കടന്നു. ചക്കിലാട്ടിയ നാടൻ വെളിച്ചെണ്ണയ്ക്ക് 450 രൂപവരെ വിലയെത്തി. ഓണക്കാലമാകുമ്പോഴേക്കും വില വീണ്ടും ഉയരുമെന്നാണ് വിലയിരുത്തൽ. ചകിരിയൊന്നിന് മൂന്നു രൂപയും ചിരട്ട കിലോഗ്രാമിന് 30 രൂപയും വിലയുണ്ട്. ജൈവവളം ആവശ്യത്തിനുള്ള ചകിരിച്ചോറിന് ലോഡിന് 14,000 രൂപയായിരുന്നത് 32,000 ആയി.
വില കുതിച്ചുയരുകയും ലഭ്യത കുറയുകയും ചെയ്തതോടെ തമിഴ്‌നാട്ടിലെ തിരുപ്പൂരിനു സമീപത്തെ കാങ്കയത്തുനിന്ന് വെളിച്ചെണ്ണയും കൊപ്രയും കേരളത്തിലേക്ക് ഒഴുകുന്നു. നിലവാരം കുറഞ്ഞതും മായം കലർന്നതും ഇതിനൊപ്പം എത്തുന്നു.
ഭക്ഷ്യസുരക്ഷാവകുപ്പ് സാംപിൾ പരിശോധനയിലൂടെ കേരഫെഡിന്റെ കേര വെളിച്ചെണ്ണയോടു സാമ്യമുള്ള പേരിൽ 62 ബ്രാൻഡുകളാണ് കണ്ടെത്തി നിരോധിച്ചത്. വെളിച്ചെണ്ണയിൽ 92 ശതമാനവും സാച്ചുറേറ്റഡ് ഫാറ്റി ആസിഡാണ്. മായം ചേർത്താൽ ഈ ഘടനയിൽ മാറ്റമുണ്ടാകുമെന്നതിനാൽ ലാബ് പരിശോധനയിലൂടെ വേഗം കണ്ടെത്താം. ഭക്ഷ്യസുരക്ഷാവകുപ്പിന്റെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് റീജണൽ അനലറ്റിക്കൽ ലാബുകളിൽ ഇതു പരിശോധിക്കാൻ സൗകര്യമുണ്ട്.
Leave a Reply