ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടീഷ് പാർലമെൻറ് ഇതുവരെ കാണാത്ത നാടകീയ രംഗങ്ങൾക്കാണ് ഇന്നലെ സാക്ഷ്യം വഹിച്ചത്. പ്രധാന മന്ത്രിയുടെ ചോദ്യോത്തര വേളയിൽ ചാൻസിലർ റേച്ചൽ റീവ്സ് പൊട്ടി കരയുന്ന ദൃശ്യങ്ങൾ വൻ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങൾ ഏറ്റെടുത്തത്. ക്ഷേമ പദ്ധതികളിലെ വെട്ടിക്കുറവുമായി ബന്ധപ്പെട്ട വിമത പ്രശ്നങ്ങൾ അടക്കമുള്ള രാഷ്ട്രീയ കാരണങ്ങൾ ചാൻസലറിന്റെ കണ്ണീരിനു പിന്നിലുണ്ടെന്ന വാർത്തകളാണ് പെട്ടെന്ന് പ്രചരിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാൽ ചാൻസിലറിന്റെ കണ്ണീരിന് രാഷ്ട്രീയമായോ വെൽഫെയർ ബില്ലുമായോ ബന്ധമില്ലെന്ന് പ്രധാനമന്ത്രി വിശദീകരണം നടത്തി. അത് അവരുടെ തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ചാൻസിലർ എന്ന രീതിയിൽ റേച്ചൽ റീവ്സ് മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഭരണപക്ഷ ബഞ്ചിൽ ഉടലെടുത്ത തർക്കങ്ങളാണ് ചാൻസിലർ കരയുന്ന അവസ്ഥയിലേയ്ക്ക് കൊണ്ട് എത്തിച്ചതെന്ന ആരോപണം ശക്തമാണ്.

വിമത ശല്യം നേരിടുന്ന കെയർ സ്റ്റാർമർ ഒന്നാം വാർഷികം പൂർത്തിയാക്കാൻ പോകുമ്പോൾ കടുത്ത അഗ്നി പരീക്ഷയെ ആണ് നേരിട്ടുകൊണ്ടിരിക്കുന്നത്. വെൽഫെയർ ബിൽ പാർലമെൻറിൽ പാസാക്കാൻ മുൻ തീരുമാനങ്ങളിൽ നിന്ന് ഒട്ടേറെ മാറ്റങ്ങൾ സർക്കാരിന് വരുത്തേണ്ടതായി വന്നു. ക്ഷേമ പദ്ധതികളിൽ വെട്ടി കുറവ് വരുത്തി സാമ്പത്തിക മേഖല ശക്തിപ്പെടുത്താനുള്ള തീരുമാനത്തിന് ചാൻസിലർ ആണ് മുൻകൈ എടുത്തത്. ഇതിനോട് ലേബർ പാർട്ടിയിൽ നിന്ന് തന്നെ ശക്തമായ തിരിച്ചടിയാണ് നേരിട്ടത്. ഏകദേശം അരമണിക്കൂറോളം ചാൻസിലറിൻ്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകിയതായാണ് പാർലമെൻറിലെ പ്രസ് ഗാലറിയിൽ നിന്ന് പത്രപ്രവർത്തകർ റിപ്പോർട്ട് ചെയ്തത്. ചാൻസിലറുടെ കണ്ണുനീരിന് പിന്നിൽ വ്യക്തിപരമായ കാരണമാണെന്ന് പറയുമ്പോഴും വരും ദിവസങ്ങളിൽ ഇത് ചൂടുള്ള ചർച്ചകൾക്ക് വഴിവെക്കുമെന്നാണ് കരുതപ്പെടുന്നത്.