ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇരുപത് ലക്ഷത്തോളം ബ്രിട്ടീഷുകാർ വർഷത്തിൽ ഒരിക്കൽ മാത്രം തങ്ങളുടെ ബാത്ത് ടവ്വലുകൾ കഴുകുന്നവരാണെന്ന പഠന റിപ്പോർട്ട് പുറത്തുവന്നു. അതായത് ആകെ ജനസംഖ്യയുടെ 3 ശതമാനത്തോളം ഈ മോശമായ രീതിയാണ് പിന്തുടരുന്നത്. തങ്ങളുടെ ജോലിയിലെ ഏറ്റവും മുൻഗണന കുറഞ്ഞ കാര്യമായാണ് ബാത്ത് ടവ്വലുകൾ കഴുകുന്നതിനെ പലരും കണക്കാക്കുന്നത്.

ഓരോ മൂന്ന് ഉപയോഗത്തിന് ശേഷവും ടവ്വലുകൾ കഴുകണമെന്നാണ് വിദഗ്ധർ നിർദ്ദേശിക്കുന്നത്. ടവ്വലുകൾ കഴുകിയില്ലെങ്കിൽ ബാക്ടീരിയകൾ കാരണം ഉപയോഗിക്കുന്നവർക്ക് അണുബാധ വരാനുള്ള സാധ്യത വളരെയേറെയാണ്. കഴുകാതെ ഉപയോഗിക്കുന്ന ബാത്റൂം ടവ്വലുകളിൽ 90 ശതമാനം കോളിഫോം ബാക്ടീരിയകളും 14 % ഇ- കോളിയും ഉള്ളതായി കണ്ടെത്തിയിരുന്നു. അരിസോണാ സർവകലാശാലയിലെ മൈക്രോബയോളജിസ്റ്റായ ചാൾസ് ഗെർബയുടെ പഠനത്തിലാണ് ആരോഗ്യത്തെ വളരെ മോശമായി ബാധിക്കാവുന്ന ഈ കണ്ടെത്തൽ ഉള്ളത്.

വയറിളക്കം, മൂത്രനാളിയിലെ അണുബാധ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവ ഇ കോളി മൂലമുണ്ടാകുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ്. പതിവായി ബാത്റൂംടവ്വലുകൾ കഴുകുന്നതിലൂടെ ഈ ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ ബാത്റൂം ടവ്വലുകൾ സ്ഥിരമായി കഴുകണമെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്