ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻഎച്ച്എസിനായി തൻറെ സർക്കാർ അവതരിപ്പിക്കുന്ന പദ്ധതികളിൽ യുകെയിലെ ആരോഗ്യമേഖലയെ സമൂലമായി മാറ്റുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമാർ പറഞ്ഞു. പ്രധാനമായും ദശലക്ഷ കണക്കിന് രോഗികളെ അവരുടെ വീടിനടുത്ത് തന്നെ ചികിത്സിക്കുന്നതിന് മുൻതൂക്കം നൽകാനാണ് സർക്കാർ ആലോചിക്കുന്നത്. ആശുപത്രികളിൽ നിന്ന് പരിചരണം തൊട്ടടുത്ത ആരോഗ്യ കേന്ദ്രങ്ങളിലേയ്ക്ക് മാറ്റാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
പുതിയ പദ്ധതിക്കായി പ്രൈമറി ഹെൽത്ത് സെൻററുകളുടെ ഒരു ശൃംഖല തന്നെ സ്ഥാപിക്കേണ്ടതായി വരും. രോഗികൾക്ക് അവർ എവിടെ താമസിക്കുന്നുവോ അവിടെ അവർക്ക് എളുപ്പവും വേഗമേറിയതും കൂടുതൽ സൗകര്യപ്രദവുമായ പരിചരണം നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് സർ കെയർ സ്റ്റാർമർ പറഞ്ഞു. എന്നാൽ ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യം ഉയർത്തി നേഴ്സിങ് ജീവനക്കാരുടെ ക്ഷാമം അടിയന്തിരമായി പരിഹരിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കേണ്ടത് എന്നാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശത്തോടെ റോയൽ കോളേജ് ഓഫ് നേഴ്സിങ് പ്രതികരിച്ചത്.
ഇംഗ്ലണ്ടിലെ എൻഎച്ച്‌എസിനായുള്ള സർക്കാരിന്റെ 10 വർഷത്തെ പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള പ്രഖ്യാപനങ്ങൾ പ്രധാനമന്ത്രി ഇന്ന് വൈകുന്നേരം ലണ്ടനിൽ നടത്തും. ഇതിൽ ഏകദേശം 200 പുതിയ അയൽപക്ക ആരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതും ഉൾപ്പെടും. ഇവയിൽ ജിപിമാർ, നേഴ്‌സുമാർ, സാമൂഹിക പരിചരണ പ്രവർത്തകർ, ഫാർമസിസ്റ്റുകൾ, മാനസികാരോഗ്യ വിദഗ്ധർ, മറ്റ് ഡോക്ടർമാർ എന്നിവരുടെ ഒരു സംഘം ഉണ്ടാകും. ഈ കേന്ദ്രങ്ങൾ ദിവസത്തിൽ 12 മണിക്കൂറും ആഴ്ചയിൽ ആറ് ദിവസവും തുറന്നിരിക്കുമെന്ന് സർക്കാർ അറിയിച്ചു. സേവനങ്ങളുടെ കൃത്യമായ ഘടന പ്രാദേശിക മേഖലയെ ആശ്രയിച്ചായിരിക്കും നിർണയിക്കുന്നത്. ദുർബലരും എത്തിച്ചേരാൻ പ്രയാസമുള്ളവരുമായ രോഗികളെ ബന്ധപ്പെടാൻ ചില ഔട്ട്‌റീച്ച് ടീമുകൾ വീടുതോറും പോകുന്ന രീതിയിൽ ആയിരിക്കും ഇവയുടെ പ്രവർത്തനം. എൻഎച്ച്എസ്സിനായി ഇന്ന് അവതരിപ്പിക്കുന്ന കർമ്മ പദ്ധതികളെ യുകെ മലയാളികളും വളരെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. എൻഎച്ച്എസിന് ആധുനികതയുടെ പുതിയ മുഖം നൽകാൻ Al സാങ്കേതികവിദ്യ ഉപയോഗിക്കും എന്ന് നേരത്തെ സർക്കാർ വ്യക്തമാക്കിയിരുന്നു. ആശുപത്രി ഡേറ്റാബേസുകൾ വിശകലനം ചെയ്യുന്നതിനും സാധ്യമായ സുരക്ഷാ വീഴ്ചകൾ നേരത്തേ കണ്ടെത്തുന്നതിനും AI ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ ആരോഗ്യ സംവിധാനമായി എൻഎച്ച്എസ് മാറുമെന്നാണ് ആരോഗ്യ സെക്രട്ടറി പറഞ്ഞത് .
Leave a Reply