ലണ്ടന്‍: ക്യാന്‍സര്‍ രോഗ ചികിത്സക്ക് സ്വര്‍ണ്ണം ഉപയോഗിക്കാനാകുമെന്ന് അവകാശപ്പെട്ട് ശാസ്ത്രജ്ഞര്‍. ശ്വാസകോശാര്‍ബുദത്തിന്റെ ചികിത്സക്ക് സ്വര്‍ണ്ണം ഫലപ്രദമായി ഉപയോഗിക്കാനാകുമെന്ന് എഡിന്‍ബറ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് കണ്ടെത്തിയത്. സ്വര്‍ണ്ണത്തിന്റെ നാനോപാര്‍ട്ടിക്കിള്‍സ് എന്ന് അറിയപ്പെടുന്ന ചെറിയ കണികകളാണ് ചികിത്സയില്‍ ഉപയോഗിക്കുന്നത്. ഇവ ഒരു കെമിക്കല്‍ ഉപകരണത്തിനുള്ളില്‍ വെച്ച് ഉപയോഗിക്കുകയാണ് ചെയ്തത്. രോഗ ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ ഫലം വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.

മനുഷ്യരില്‍ ഈ ഉപകരണം ഇതുവരെ പരീക്ഷിച്ചിട്ടില്ല. എന്നാല്‍ ക്യാന്‍സര്‍ കോശങ്ങളെ മാത്രം കണ്ടെത്തി അവയെ ചികിത്സിക്കാന്‍ സഹായിക്കുന്ന ഈ ഉപകരണം ഭാവിയില്‍ കീമോതെറാപ്പി മൂലമുണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാന്‍ സഹായകരമാകുമെന്നാണ് വിശദീകരിക്കപ്പെടുന്നത്. രാസപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ സഹായിക്കുന്ന രാസത്വരകമായി പ്രവര്‍ത്തിക്കാന്‍ സ്വര്‍ണ്ണത്തിന് കഴിയും. ഇത് വളരെ സുരക്ഷിതവുമാണ്. ജീവനുള്ള കോശങ്ങളിലും ഇത്തരം രാസപ്രവര്‍ത്തനങ്ങളെ പാര്‍ശ്വഫലങ്ങളില്ലാതെ നടത്താന്‍ സ്വര്‍ണ്ണത്തിന് കഴിയുന്നുണ്ടെന്ന് എഡിന്‍ബറ സര്‍വകലാശാലയിലെ പഠനത്തില്‍ കണ്ടെത്തി.

സീബ്രാ ഫിഷിന്റെ തലച്ചോറില്‍ ഈ ഉപകരണം ഫലപ്രദമായി പ്രവര്‍ത്തിച്ചതോടെ ജീവികളില്‍ ഇത് സുരക്ഷിതമായി ഉപയോഗിക്കാന്‍ കഴിയുമെന്ന് വ്യക്തമായി. സ്വര്‍ണ്ണത്തിന്റെ സ്വഭാവങ്ങളിലൊന്നാണ് പുതുതായി കണ്ടെത്തിയിരിക്കുന്നത്. ക്യാന്‍സര്‍ കോശങ്ങളില്‍ മാത്രം മരുന്ന് എത്തിക്കാന്‍ ഈ പ്രത്യേക സ്വഭാവത്തിലൂടെ സാധിക്കുമെന്ന് ഗവേഷകര്‍ വ്യക്തമാക്കി. രോഗികളില്‍ ഉപയോഗിക്കുന്ന വിധത്തിലേക്ക് ഈ ഉപകരണം വികസിപ്പിക്കണമെങ്കില്‍ ഇനിയും ഏറെ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെങ്കിലും ക്യാന്‍സര്‍ ചികിത്സയേക്കുറിച്ചുള്ള ഗവേഷണങ്ങളില്‍ നിര്‍ണ്ണായക ചുവടാണ് ഇതെന്ന് വിശേഷിപ്പിക്കപ്പെടുന്നു.