ന്യൂസ് ഡെസ്ക്, മലയാളം യുകെ

മുംബൈയേയും മാഞ്ചസ്റ്ററേയും ബന്ധിപ്പിക്കുന്ന ആദ്യ ദീർഘദൂര സർവീസ് ആരംഭിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈനായ ഇൻഡിഗോ. ഇന്ത്യയും പ്രധാന ആഗോള വിപണികളും തമ്മിൽ മെച്ചപ്പെട്ട ബന്ധം പുലർത്തുന്നതിനായുള്ള ഒരു സുപ്രധാന നീക്കമായി ഇതിനെ വിശേഷിപ്പിക്കാം. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയും നോർത്തേൺ ഇംഗ്ലണ്ടിലെ പ്രധാന സാമ്പത്തിക, സാംസ്കാരിക കേന്ദ്രമായ മാഞ്ചസ്റ്ററും തമ്മിലുള്ള ബന്ധം വർദ്ധിപ്പിക്കുന്നതിന് ഈ പുതിയ വിമാന സർവീസ് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബിസിനസ്സ് യാത്രക്കാർ, വിനോദസഞ്ചാരികൾ, വിദ്യാർത്ഥികൾ, യുണൈറ്റഡ് കിംഗ്ഡത്തിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസികൾ എന്നിവർക്ക് ഈ സേവനം ഏറെ പ്രയോജനപ്പെടും. ഇത് ശക്തമായ സാമ്പത്തിക, വിദ്യാഭ്യാസ, സാംസ്കാരിക ബന്ധങ്ങൾ വളർത്തിയെടുക്കാനും സുപ്രധാന പങ്ക് വഹിക്കും. മുംബൈയേയും മാഞ്ചസ്റ്ററേയും ബന്ധിപ്പിക്കുന്ന ഒരേയൊരു എയർലൈനായിരിക്കും ഇൻഡിഗോ.

ആഴ്ചയിൽ മൂന്ന് സർവീസുകളാണ് ഇൻഡിഗോ നൽകുക. മുംബൈയിൽ നിന്നും മാഞ്ചസ്റ്ററിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ചുകൊണ്ട് ദീർഘദൂര യാത്ര ആരംഭിക്കുമ്പോൾ, ആഗോള പ്രസക്തിയുള്ള എയർലൈൻ ഗ്രൂപ്പായി തങ്ങൾ മാറുകയാണെന്ന് ഇൻഡിഗോയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ. പീറ്റർ എൽബേഴ്‌സ് പറഞ്ഞു. ബോയിംഗ് 787-9 ഡ്രീംലൈനർ ആണ് പുതിയ സർവീസിനായി ഉപയോഗിക്കുക എന്നും അറിയിച്ചു. എല്ലാ യാത്രക്കാർക്കും പ്രത്യേകം തയ്യാറാക്കിയ സൗജന്യ ചൂടുള്ള ഭക്ഷണവും പാനീയങ്ങളും വിമാന കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. 56 ഇൻഡിഗോ സ്ട്രെച്ച് സീറ്റുകളും 282 ഇക്കണോമി സീറ്റുകളും ഉള്ള വിമാനമാണ് മുംബൈ മാഞ്ചസ്റ്റർ സർവീസിനായി ഇൻഡിഗോ ഉപയോഗിക്കുന്നത്.