ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ലണ്ടൻ: ഈസ്റ്റ് ഹാമിൽ വിസിറ്റ് വിസയിൽ എത്തിയ തിരുവനന്തപുരത്തുകാരി പെട്ടെന്നുള്ള അസുഖം മൂലം മരണമടഞ്ഞു. ആറുമാസത്തെ വിസിറ്റ് വിസയിൽ ഭർത്താവിനൊപ്പം യുകെയിലെത്തിയ യുവതിയാണ് മരണപ്പെട്ടത്. സാധാരണയായി, വിസിറ്റ് വിസയിലുള്ള ഒരാൾക്ക് ഒരു സ്പോൺസർ ഉണ്ടായിരിക്കും, അവർ വിസിറ്റ് വിസയിൽ യുകെയിലായിരിക്കുമ്പോൾ അവരെ പരിപാലിക്കുന്നതിനുള്ള എല്ലാ ഉറപ്പുകളും ഗ്യാരണ്ടികളും ഹോം ഓഫീസിന് നൽകുന്നത് ഈ സ്പോൺസർ ആണ്.

എന്നാൽ ഈ സാഹചര്യത്തിൽ മരിച്ചയാളെ നാട്ടിലെത്തിക്കുന്നതിനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാൻ സ്പോൺസർ മുന്നോട്ട് വന്നിട്ടില്ല. ആരാണ്, എവിടെയാണ് എന്നു പോലും വ്യക്തമല്ലാത്ത സാഹചര്യമാണ് നിലവിൽ ഉള്ളത്. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനും കേരളത്തിലെ നോർക്ക ഓർഗനൈസേഷനും യുവതിയുടെ വിസ സ്റ്റാറ്റസിന്റെ നിയമസാധുത പരിശോധിക്കാതെ ഇടപെട്ട് മൃതദേഹം കേരളത്തിലേക്ക് തിരികെ കൊണ്ടുവരാൻ നിലവിൽ പരിശ്രമിക്കുകയാണ്.

എന്നാൽ, വിസ തട്ടിപ്പിന് ഇരയാകുന്ന മലയാളികൾക്ക് ഒരു ഉദാഹരണം മാത്രമാണ് ഈ സംഭവം. ലക്ഷങ്ങൾ ഇടനില നിന്ന് കൈപ്പറ്റിയാണ് പലരും ആളുകളെ പറ്റിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അടിയന്തിര സാഹചര്യങ്ങളിൽ സ്പോൺസർ ഇല്ലാതെ വരുന്നത് വലിയ നിയമക്കുരുക്കാണ്.