ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗർഭാവസ്ഥയുടെ 24 ആഴ്ചകൾക്ക് മുമ്പ് ഗർഭം അലസുന്ന മാതാപിതാക്കൾക്ക് ലീവുകൾ ലഭിക്കുന്ന തരത്തിൽ നിലവിലെ നിയമത്തിൽ മാറ്റം വരുന്നു. ഗർഭകാലത്ത് കുഞ്ഞിനെ നഷ്ടപ്പെട്ടാൽ മാതാപിതാക്കൾക്ക് ജോലിയിൽ നിന്ന് അവധിയെടുക്കാനുള്ള നിയമപരമായ അവകാശം നൽകുന്നതിനായി തൊഴിൽ അവകാശ ബില്ലിൽ ഭേദഗതി വരുത്താനൊരുങ്ങി സർക്കാർ. നിലവിലുള്ള സ്ഥിതിയിൽ, 24 ആഴ്ച ഗർഭകാലത്തിനു ശേഷം ഗർഭസ്ഥ ശിശുവിനെ നഷ്ടപ്പെടുന്ന മാതാപിതാക്കൾക്ക് മാത്രമേ ലീവുകൾ ലഭിച്ചിരുന്നുള്ളു. എന്നാൽ ഇനി 24 ആഴ്ച എന്ന സമയപരിധി മാറ്റുമെന്ന് ഉപപ്രധാനമന്ത്രി ആഞ്ചല റെയ്‌നർ പറഞ്ഞു.
24 ആഴ്ചയ്ക്കുശേഷം ഗർഭസ്ഥ ശിശുവിന് നഷ്ടപ്പെട്ടാൽ, അല്ലെങ്കിൽ 18 വയസ്സിന് താഴെയുള്ള കുട്ടി മരിച്ചാൽ മാതാപിതാക്കൾക്ക് നിലവിലെ നിയമം അനുസരിച്ച് രണ്ടാഴ്ച വരെ അവധി ലഭിക്കും. ഈ രണ്ടാഴ്ച സ്റ്റാട്യുട്ടറി പാരന്റൽ ബെറീവ്‌മെന്റ് പേ ലഭിക്കാനും ഇവർ അർഹരാണ്. നിലവിലെ നിയമത്തിൽ കൊണ്ടുവരുന്ന പുതിയ മാറ്റങ്ങൾ അനുസരിച്ച് ഒരാഴ്ചത്തെ സാലറി ലഭിക്കാത്ത ലീവിനായിരിക്കും ഇത്തരത്തിലുള്ള മാതാപിതാക്കൾ അർഹരാകുക. ആർക്കൊക്കെയാണ് പുതിയ നിയമം അനുസരിച്ച് ലീവ് ലഭിക്കുക, ഡോക്ടറുടെ കുറിപ്പിൻെറ ആവശ്യം തുടങ്ങിയ വിവരങ്ങൾ ഒരു കൺസൾട്ടേഷന് ശേഷം മാത്രമേ തീരുമാനിക്കുകയുള്ളൂ.
പുതിയ നിയമം ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലായിരിക്കും നടപ്പിലാക്കുക. വിമെൻ ആൻഡ് ഇക്വാലിറ്റീസ് കമ്മിറ്റിയെ നയിക്കുന്ന ലേബർ എംപി സാറാ ഓവൻ, ഗർഭം അലസലിനെ ഒരു ശാരീരിക രോഗമായി കണക്കാക്കുന്നതിനുപകരം, മാതാപിതാക്കൾ നേരിടുന്ന വേർപാടിനെ അംഗീകരിക്കണം എന്നും അവർ കൂട്ടിച്ചേർത്തു. ഗർഭം അലസലിനെ ചുറ്റിപ്പറ്റിയുള്ള സാംസ്കാരിക നിശബ്ദതയെയും അവർ ചൂണ്ടിക്കാട്ടി, അടുത്ത കുടുംബത്തിൽ നിന്ന് പോലും പലപ്പോഴും മറച്ചുവെക്കപ്പെടുന്ന ഒരു നിഷിദ്ധ വിഷയമായി ഇത് ഇപ്പോഴും തുടരുകയാണെന്ന് അവർ കൂട്ടിച്ചേർത്തു.
Leave a Reply