ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്ത്യൻ വൈറസ് വകഭേദത്തിൻെറ വ്യാപന ഭീഷണി മൂലം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ബ്രിട്ടനിൽ ഈ ആഴ്ച അവസാനം മുതൽ 18 വയസിന് മുകളിലുള്ളവർക്ക് പ്രതിരോധ കുത്തിവെയ്പ്പിന് തുടക്കമാകും. അടുത്ത 4 ആഴ്ചകളിൽ പരമാവധി ആൾക്കാരിലേയ്ക്ക് പ്രതിരോധകുത്തിവെയ്പ്പ് നൽകുകയാണ് ലക്ഷ്യമെന്ന് എൻഎച്ച്എസ് ചീഫ് എക്സിക്യൂട്ടീവ് സൈമൺ സ്റ്റീവൻസ് പറഞ്ഞു. ഇതിലൂടെ ലോക്ഡൗൺ അവസാനിക്കുന്നതിനുമുമ്പ് ഒരു ഡോസ് പ്രതിരോധകുത്തിവെയ്പ്പെങ്കിലും നൽകാനാണ് എൻഎച്ച്എസ് ലക്ഷ്യമിടുന്നത്. ജൂലൈ 19 ഓടുകൂടി മൂന്നിൽ രണ്ട് വിഭാഗം പ്രായപൂർത്തിയായവർക്കും രണ്ട് ഡോസ് വാക്സിൻ നൽകാൻ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്.

ഇതിനിടെ യുകെയിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് 4 ആഴ്ച കൂടി വൈകിപ്പിക്കാൻ തീരുമാനമായി. ജൂൺ 21-ന് നിയന്ത്രണങ്ങൾ പിൻവലിക്കാനാണ് നേരത്തെ പദ്ധതി തയ്യാറാക്കിയിരുന്നത്. രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും സ്ഥിതിവിശേഷം വിലയിരുത്തുമെന്നും നിലവിലെ സാഹചര്യത്തിൽ 4 ആഴ്ചയിൽ കൂടുതൽ നിയന്ത്രണങ്ങൾ വേണ്ടി വരില്ല എന്ന് കരുതുന്നതായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ലോക് ഡൗൺ നീട്ടുന്നതിലൂടെ കൂടുതൽ ആളുകൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകാൻ എൻഎച്ച്എസിന് കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബ്രിട്ടനിൽ ലോക്ക് ഡൗൺ പിൻവലിച്ചാൽ ജൂലൈ മാസത്തോടെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷം ആയേക്കാം എന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു .