ന്യൂസ് ഡെസ്ക്, മലയാളം യുകെ
സാധാരണയിൽ നിന്ന് വ്യത്യസ്‌തമായ കാലാവസ്ഥയാണ് 2025 ൽ യുകെ നേരിടുന്നത്. ഇതുവരെ രേഖപ്പെടുത്തിയിരുന്ന റെക്കോർഡ് താപനില മറികടന്നായിരുന്നു ഈ വർഷത്തെ യുകെയിലെ വേനൽക്കാലം. ഇംഗ്ലണ്ടിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ചൂടേറിയ മാസമായിരുന്നു ജൂൺ. ഇതാ ഇപ്പോൾ ജൂലൈ പകുതി ആകുമ്പോഴേക്കും ഈ വർഷത്തെ മൂന്നാമത്തെ ഉഷ്ണതരംഗം റിപ്പോർട്ട് ചെയ്‌തിരിക്കുകയാണ്.
ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (IPCC) പ്രകാരം, മനുഷ്യന്റെ പ്രവർത്തനങ്ങൾ അന്തരീക്ഷത്തിന്റെയും സമുദ്രത്തിന്റെയും കരയുടെയും താപനില വർധിപ്പിക്കുന്നതിന് കാരണമായി. വ്യാവസായിക യുഗം മുതൽ ഹരിതഗൃഹ വാതകങ്ങളുടെ പ്രകാശനം മൂലം ആഗോള താപനില 1.3°C യിൽ കൂടുതൽ വർദ്ധിച്ചു. ഇത് ഒരു ചെറിയ വർദ്ധനവായി തോന്നാമെങ്കിലും, ഇവ ഉഷ്‌ണതരംഗങ്ങൾക്ക് കാരണമായിട്ടുണ്ട്. പലപ്പോഴും 3-4°C വരെ താപനില ഉയർത്തുന്നതിൽ ഇവ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും ശാസ്ത്രജ്ഞർ പറയുന്നു.
2025 ലെ വസന്തകാലത്ത്, യുകെയിലെ താപനില ദീർഘകാല ശരാശരിയേക്കാൾ 1.4°C കൂടുതലായിരുന്നു. വേനൽ കാലത്തും താപനില ഉയർന്ന് തന്നെ നിന്നു. ഈ വർഷത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന താപനില ജൂലൈ 1 ന് കെന്റിലെ ഫാവർഷാമിൽ രേഖപ്പെടുത്തിയ 35.8°C ആണ്. 2022 ലെ യുകെയുടെ റെക്കോർഡായ 40°C യിൽ താഴെയാണെങ്കിലും ഉയർന്ന താപനില അനുഭവപ്പെടുന്ന ദിവസങ്ങളുടെ എണ്ണം വർദ്ധിച്ച് വരികയാണ്. എൽ നിനോ, ലാ നിന തുടങ്ങിയവയും ആഗോള താപനിലയെ സ്വാധീനിക്കുന്നു. ഇപ്പോഴത്തെ കാലാവസ്ഥയെ 1976 ലെ വേനൽ കാലവുമായാണ് പലരും താരതമ്യം ചെയ്യുന്നത്. അന്ന് സതാംപ്ടണിൽ 16 ദിവസത്തെ ഉഷ്ണതരംഗമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്. നിലവിലെ ഉഷ്ണതരംഗം അടുത്ത ആഴ്ച ആദ്യം വരെ നീണ്ടുനിൽക്കുമെന്നാണ് ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നത്.
Leave a Reply