ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലീഷ് ചാനൽ കടന്ന് ചെറു ബോട്ടുകളിൽ യുകെയിൽ എത്തുന്ന അനധികൃത കുടിയേറ്റക്കാരെ ഫ്രാൻസിലേയ്ക്ക് തിരിച്ചയക്കാനുള്ള കരാറിൽ ഇരു രാഷ്ട്രങ്ങളും ഒപ്പുവച്ചു. ഈ പദ്ധതി ആഴ്ചകൾക്കുള്ളിൽ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ പറഞ്ഞു. ചിലരെ ഫ്രാൻസിലേയ്ക്ക് തിരിച്ചയക്കുമ്പോൾ സുരക്ഷാ പരിശോധനയ്ക്ക് വിധേയമായി തുല്യമായ എണ്ണം അഭയാർത്ഥികളെ ഫ്രാൻസിൽ നിന്ന് യുകെയും സ്വീകരിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


മൂന്ന് ദിവസത്തെ സംസ്ഥാന സന്ദർശനത്തിന്റെ അവസാനം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പമാണ് പ്രധാനമന്ത്രി സുപ്രധാന തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. ചെറിയ ബോട്ടുകളിൽ ചാനൽ കടക്കാനുള്ള ശ്രമങ്ങൾ ഈ പദ്ധതിയിലൂടെ തടയാൻ കഴിയുമെന്ന് അവർ പറഞ്ഞു. പദ്ധതിപ്രകാരം ആഴ്ചയിൽ 50 പേരെ വരെ തിരിച്ചയയ്ക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഈ കണക്കുകൾ സ്ഥിരീകരിക്കാൻ പ്രധാനമന്ത്രി തയ്യാറായില്ല. ഇരു രാജ്യങ്ങളും തമ്മിൽ ഏർപ്പെട്ട കരാർ മനുഷ്യ കടത്തുകാർക്ക് വൻ തിരിച്ചടിയാകുമെന്ന് അദ്ദേഹം പറഞ്ഞു. പുറത്തുവന്ന കണക്കുകൾ പ്രകാരം 2018 മുതൽ, 170,000 ൽ അധികം ആളുകൾ ചെറിയ ബോട്ടുകളിൽ യുകെയിൽ എത്തിയിട്ടുണ്ട്. ഈ വർഷം ഇത് റെക്കോർഡ് നിലവാരത്തിലെത്തി. 2025 ലെ ആദ്യ ആറ് മാസങ്ങളിൽ മാത്രം ഏകദേശം 20,000 പേർ ആണ് യുകെയിൽ അനധികൃതമായി എത്തിയത് .


സംയുക്തമായി നടത്തിയ പത്രസമ്മേളനത്തിൽ അനധികൃത കുടിയേറ്റം തടയുന്നതിന് പുറമെ തങ്ങളുടെ രാജ്യങ്ങൾ ഒരുമിച്ച് നടത്തുന്ന പദ്ധതികളും ഇരു നേതാക്കളും വിശദീകരിച്ചു. ഏതെങ്കിലും രീതിയിൽ ശത്രു രാജ്യത്തിൽ നിന്ന് ആക്രമണങ്ങൾ ഉണ്ടായാൽ സംയുക്തമായി ആയുധങ്ങൾ സമാഹരിക്കുക, ആണവ പ്രതിരോധ സംവിധാനങ്ങളെ ഏകോപിക്കുക എന്നീ നടപടികൾ ഇരുരാജ്യങ്ങളുടെയും പ്രതിരോധ സംവിധാനത്തിന് പുത്തൻ ഉണർവ് നൽകും . ഇത് കൂടാതെ സൂപ്പർ കമ്പ്യൂട്ടറുകളിലും AI യിലും സഹകരണം ശക്തിപ്പെടുത്താനും തീരുമാനം കൈകൊണ്ടിട്ടുണ്ട്. അനധികൃത കുടിയേറ്റം തടയുന്നതിന് ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച കരാറിൻ്റെ കൂടുതൽ വിശദീകരണം പുറത്തുവന്നിട്ടില്ല. ഫ്രാൻസിലേയ്ക്ക് ആരെ തിരിച്ചയയ്ക്കും എന്ന കാര്യത്തിൽ എങ്ങനെ തീരുമാനം എടുക്കും എന്നതിൽ കൂടുതൽ വ്യക്തത വരാനുണ്ട്.