കാനഡയിൽനിന്ന് യുഎസിലേക്ക് ഇറക്കുമതിചെയ്യുന്ന ചരക്കുകൾക്ക് 35 ശതമാനം തീരുവയേർപ്പെടുത്താൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

വ്യാഴാഴ്ച കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിക്കയച്ച ‘തീരുവക്കത്തി’ലാണ് പ്രഖ്യാപനം. ഓഗസ്റ്റ് ഒന്നിന് ഇത് നടപ്പിൽവരും. കാനഡ തിരിച്ചടിക്കുമുതിർന്നാൽ തീരുവ ഉയർത്തുമെന്ന ഭീഷണിയുമുണ്ട്.

യുഎസിന്റെ രണ്ടാമത്തെ വലിയ വ്യാപാരപങ്കാളിയാണ് കാനഡ. മെക്സിക്കോയാണ് ഒന്നാമത്. ട്രംപിന്റെ ചിട്ടയില്ലാത്ത തീരുവകാരണം യുഎസ് സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക് കാർണി പ്രതികരിച്ചു. ആഗോളവ്യാപാരം വെല്ലുവിളികൾ അഭിമുഖീകരിക്കവെ, വിശ്വസ്ത വ്യാപാരപങ്കാളിയെന്ന നിലയ്ക്ക് ലോകം കാനഡയിലേക്ക് തിരിയുകയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്‍ർ സ്റ്റാമർക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് കാർണി എക്സിൽ കുറിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അധികാരത്തിലേറിയതിനുപിന്നാലെ ഫെബ്രുവരിയിൽ ട്രംപ് ആദ്യം തീരുവ പ്രഖ്യാപിച്ച രാജ്യങ്ങളിലൊന്നാണ് കാനഡ. യുഎസിലേക്കുള്ള അനധികൃതകുടിയേറ്റവും മയക്കുമരുന്ന് കള്ളക്കടത്തും തടയാൻ കാനഡ ഒന്നുംചെയ്യുന്നില്ലെന്നാരോപിച്ച് 25 ശതമാനം തീരുവയാണ് ചുമത്തിയത്. അന്ന് ട്രംപിന്റെ തീരുവയ്ക്കുള്ള മറുപടിയായി യുഎസ് ഉത്പന്നങ്ങൾക്ക് 25 ശതമാനം തീരുവ കാനഡ തിരിച്ചുചുമത്തിയിരുന്നു. ഡിജിറ്റൽ സർവീസസ് നികുതിയീടാക്കുന്നത് തുടരാനുള്ള കാനഡയുടെ തീരുമാനത്തിന്റെ പേരിൽ അവരുമായുള്ള വ്യാപാരചർച്ചകൾ റദ്ദാക്കുമെന്ന് ജൂണിൽ ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഏതാനുംദിവസങ്ങൾക്കുശേഷം കാനഡ നികുതി പിൻവലിച്ചതോടെ വ്യാപാരചർച്ചകൾ പുനഃരാരംഭിച്ചു.

യുഎസിൽനിന്നകന്ന് യൂറോപ്യൻ യൂണിയനുമായും ബ്രിട്ടനുമായും വ്യാപാരബന്ധം ശക്തിപ്പെടുത്താൻ മുൻകേന്ദ്രബാങ്ക് ഗവർണറും സാമ്പത്തികവിദഗ്ധനുമായ കാർണി ശ്രമിച്ചുവരികയാണ്. സഖ്യകക്ഷികളായ ജപ്പാനും ദക്ഷിണകൊറിയയുമുൾപ്പെടെ ഒട്ടേറെ രാജ്യങ്ങൾക്ക് ഈയാഴ്ച ട്രംപ് ‘തീരുവക്കത്ത്’ നൽകിയിട്ടുണ്ട്.