ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ നിന്നുള്ള നാടുകടത്തൽ നേരിട്ട് ഇന്ത്യയിൽ നിന്നുള്ള കെയർ വർക്കർ. താൻ ജോലി ചെയ്‌തിരുന്ന കെയർ ഹോമിലെ അന്തേവാസികൾ നേരിടുന്ന പീഡനം റിപ്പോർട്ട് ചെയ്‌തതിന് പിന്നാലെയാണ് കെയർ വർക്കറിന് നാട് കടത്തൽ ഭീക്ഷണി നേരിടേണ്ടി വന്നത്. മറ്റൊരു കെയർ ജീവനക്കാരൻ കെയർ ഹോമിൽ താമസിക്കുന്ന ഒരു പുരുഷനെ പലതവണ മർദ്ദിക്കുന്നത് താൻ കണ്ടതായി ഇവർ പറയുന്നു. പ്രസ്‌തുത സംഭവം മാനേജരോട് റിപ്പോർട്ട് ചെയ്‌തപ്പോൾ പ്രസ്താവന മാറ്റിയിലെങ്കിൽ പിരിച്ച് വിടുമെന്നായിരുന്നു പ്രതികരണം. ഇതിന് വിസമ്മതിച്ചതോടെ ഇവരെ കെയർ ഹോമിൽ നിന്ന് പിരിച്ച് വിടുകയും ചെയ്‌തു.
തൊഴിലുടമ സ്പോൺസർ ചെയ്ത വിസയിൽ ആയിരുന്നു ഇവർ യുകെയിൽ ജോലി ചെയ്‌തിരുന്നത്. പിരിച്ച് വിട്ടതോടെ വിസ പിന്തുണയും നഷ്ടപ്പെട്ടു. പുതിയ ഒരു സ്പോൺസറെ ലഭിക്കാത്ത പക്ഷം ഇവർക്ക് നാട് വിടേണ്ടതായി വരും. പരാതി റിപ്പോർട്ട് ചെയ്‌തതിന് പിന്നാലെ ഇവർ ഇത് പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ കെയർ ഹോമിലെ നിരവധി ജീവനക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രസ്‌തുത സംഭവത്തിൻെറ അന്വേഷണം നടന്ന് വരികയാണ്. ഇതൊക്കെയാണെങ്കിലും പരിശോധന നടത്തിയതിനുശേഷവും കെയർ ക്വാളിറ്റി കമ്മീഷൻ (CQC) കെയർ ഹോമിന് “ഗുഡ്” ടാഗ് ആണ് നൽകിയിരിക്കുന്നത്.
വിസ നിയന്ത്രണങ്ങൾ കാരണം സംസാരിക്കാൻ ഭയപ്പെടുന്നതിനാൽ കുടിയേറ്റ പരിചരണ തൊഴിലാളികൾ പലപ്പോഴും ഭീഷണിക്ക് ഇരയാകുന്നെന്ന് ജീവനക്കാരി പറയുന്നു. ഈ ഒരു കാരണം കൊണ്ട് കെയർ ഹോമുകൾ കുടിയേറ്റക്കാരെ നിയമിക്കാൻ കൂടുതൽ താത്പര്യപ്പെടുന്നു. ബംഗ്ലാദേശിൽ നിന്നുള്ള ഒരു ജീവനക്കാരനും സമാന തരത്തിലുള്ള തൻെറ അനുഭവം പങ്കുവച്ചു. നാല് കെയർ ഹോം അന്തേവാസികളെ 14 മണിക്കൂർ ഇടവേളകളില്ലാതെ ഒറ്റയ്ക്ക് പരിചരിക്കേണ്ടിവന്നുവെന്ന് അദ്ദേഹം പറഞ്ഞു. പരാതിപ്പെട്ടപ്പോൾ, വിസ റദ്ദാക്കുമെന്ന് അധികൃതർ ഭീഷണിപ്പെടുത്തുകയായിരുന്നു. മറ്റ് പലരും ഇതേ അവസ്ഥയിൽ കൂടെയാണ് കടന്ന് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു
Leave a Reply